പ്രസവാനന്തരം പരമ്പരാഗത പരിചരണത്തിന് സൂതിക

|

പഴമയിലേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവര്‍ക്ക് സൂതിക ഒരു വഴിയാണ്. വീട്ടില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി പഴയതലമുറ ചെയ്തുവന്ന ചില കാര്യങ്ങളുണ്ട്. എണ്ണ തേച്ചുള്ള കുളിപ്പിക്കലും, ആയുര്‍വേദ മരുന്നും, മുത്തശ്ശിമാരുടെ ഉപദേശപ്രകാരമുള്ള ഭക്ഷണവുമൊക്കെ അടങ്ങുന്ന പരിചരണം. പക്ഷെ അണുകുടുംബങ്ങളായി ചുരുങ്ങിയതോടെ ഈ നല്ല ശീലങ്ങളെല്ലാം നഷ്ടമായി. എന്നാല്‍ ഇന്ന് സൂതികയിലൂടെ ഇവ തിരിച്ചുവരികയാണ്. അമ്മയെയും കുഞ്ഞിനെയും പരിപാലിക്കാന്‍ ട്രെയിന്‍ ചെയ്തവര്‍ വീട്ടിലെത്തും. അതായത് പ്രസവശുശ്രൂഷ പ്രഫഷണലായി ചെയ്യുന്ന ഒരു പെണ്‍സംഘം. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സൂതികയുടെ പ്രൊഡക്ടും സേവനവും ലഭ്യമാണ്.

കുടുംബശ്രീ യൂണിറ്റുകളെക്കൂടി പങ്കാളികളാക്കിയുളള പ്രവര്‍ത്തനമാണ് സൂതിക നടത്തുന്നത്. കുടുംബശ്രീയിലൂടെ സ്ത്രീകളെ കണ്ടെത്തി പരിശീലനം നല്‍കി വീടുകളിലേക്ക് അയയ്ക്കും. വരുമാനം ഉറപ്പിക്കുന്നതിനൊപ്പം ഇവര്‍ക്ക് ഒരു തൊഴില്‍ മേഖല കൂടിയാണ് സൂതിക പകര്‍ന്ന് നല്‍കുന്നത്.
2012 ല്‍ കൊച്ചി കേന്ദ്രമാക്കി രേഖ സി ബാബുവും ഹേമന്ദ് പ്രകാശുമാണ് സൂതിക തുടങ്ങിയത്. സൂതികര്‍മ്മണിയില്‍ നിന്നാണ് സൂതികയെന്ന പേര് പിറന്നത്. അമ്മമാരുടെയും നവജാത ശിശുക്കളുടെയും പരിചരണത്തില്‍ സൂതിക ഇന്ന് ഒരു വിശ്വസ്ത സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു. പ്രത്യേകിച്ച് കൊച്ചി പോലുളള മെട്രോ നഗരങ്ങളില്‍.

പ്രസവാനന്തരം സ്ത്രീകള്‍ ഉപയോഗിക്കുന്ന തൈലവും എണ്ണയും മുതല്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രോഡക്ടുകളും സൂതിക പുറത്തിറക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്. ഗവേഷണവും പഠനവും ഉള്‍പ്പെടെ വലിയ അധ്വാനം ഈ പ്രൊഡക്ടുകള്‍ക്ക് പിന്നിലുണ്ട്. ഇവയുടെ കൂട്ടിലും പായ്ക്കിംഗിലുമായിരുന്നു ഏറെ വെല്ലുവിളി നേരിട്ടതെന്ന് സൂതിക സിഇഒ രേഖ സി ബാബു പറയുന്നു. പ്രമുഖ ബില്‍ഡേഴ്‌സായ ബിസിജി ഗ്രൂപ്പിന്റെ സിഇഒ കൂടിയാണ് രേഖ ബാബു.

മെറ്റേര്‍ണിറ്റി കെയറും ന്യൂ ബോണ്‍ കെയര്‍ സര്‍വ്വീസസും ഇന്ത്യയില്‍ ഉടനീളം നല്‍കുകയാണ് ലക്ഷ്യമെന്ന് സൂതികയുടെ ഭാഗമായ ഡോ. വന്ദന വ്യക്തമാക്കി. പ്രോഡക്ടുകള്‍ നല്‍കുന്നതിന് പുറമേ ആളുകള്‍ക്ക് അവ എങ്ങനെ ഉപയോഗിക്കണമെന്നും സൂതികയില്‍ നിന്ന് വിദഗ്ധര്‍ വിശദീകരിച്ചുനല്‍കും. ഓഫ് ലൈനിലും ഓണ്‍ലൈനിലും ഈ സേവനം ലഭ്യമാണ്. സര്‍വ്വീസിനെ ബിസിനസ് ആയി കാണുന്നതിനൊപ്പം സമൂഹത്തിലെ ഒരു റിയല്‍ പ്രോബ്ലത്തെ സോള്‍വ് ചെയ്യുക കൂടിയാണ് സൂതിക.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
ഹാര്‍ഡ് വര്‍ക്കിലല്ല, സ്മാര്‍ട് വര്‍ക്കിലാണ് കാര്യം
തുരുമ്പെടുക്കാത്ത സ്റ്റാര്‍ട്ടപ്പ്
കഫെ കോഫി പെയിന്‍റിംഗ് ഡാ