മൂന്നാറില്‍ ഞങ്ങള്‍ക്ക് സമയം നല്‍കാമായിരുന്നു

|

മൂന്നാര്‍ കൈയ്യേറ്റവും ഒഴിപ്പിക്കലും കേരളത്തിന് ഇഷ്ട രാഷ്ട്രീയവിഷയങ്ങളാകുമ്പോള്‍ ആദ്യ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്കുകയാണ് ബിസിജി ബില്‍ഡേഴ്‌സ് സിഇഒ രേഖ ബാബു. മൂന്നാറില്‍ ജെസിബിയുടെ കൈകള്‍ ഇടിച്ചിട്ടത് തന്റെ സ്വപ്നങ്ങള്‍ കൂടിയായിരുന്നുവെന്ന് രേഖ പറയുന്നു. ഭരണകൂടത്തിന്റെ ഇച്ഛാശക്തിയെന്ന് വാഴ്ത്തുമ്പോഴും നടപടിയിലെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യുമ്പോഴും റിസോര്‍ട്ട് ഉടമകള്‍ക്കും ടൂറിസം മേഖലയ്ക്കും അതുണ്ടാക്കിയ നഷ്ടം ചെറുതല്ലെന്ന കാര്യത്തില്‍ രേഖയ്ക്ക് രണ്ടഭിപ്രായമില്ല. സംസ്ഥാനം അതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത അസാധാരണ നടപടിയെന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് രേഖ.

ബിസിജി ഗ്രൂപ്പിന്റെ പോതമേട്ടിലെ കോട്ടേജുകളാണ് ദൗത്യസംഘം ഒഴിപ്പിച്ചത്. ടെലിവിഷന്‍ വാര്‍ത്തയിലാണ് ബില്‍ഡിംഗ് പൊളിക്കുന്നത് കാണുന്നത്. സൂചനയുണ്ടായിരുന്നെങ്കിലും നോട്ടീസോ സാവകാശമോ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എന്തൊക്കെയോ കാരണങ്ങളാല്‍ ആ സാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് രേഖ പറയുന്നു. കെട്ടിടങ്ങള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചിടുന്നത് കണ്ടപ്പോള്‍ മനസില്‍ മരവിപ്പാണ് തോന്നിയത്. എന്നാല്‍ നമ്മള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസം ചില ഘട്ടങ്ങളില്‍ നല്‍കുന്ന കരുത്ത് വലുതാണ്. അതാണ് അവിടെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്. ആ ഉറപ്പുണ്ടെങ്കില്‍ എത്രപേര്‍ എതിര്‍ക്കാന്‍ വന്നാലും ഫൈറ്റ് ചെയ്യാന്‍ നമുക്കാകുമെന്ന് രേഖ പറയുന്നു.

ആഴ്ചതോറും കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് പോയാണ് നിര്‍മാണ ജോലികള്‍ നോക്കിയിരുന്നത്. ആ പ്രൊജക്ടിന് വേണ്ടി അത്രയും കഷ്ടപ്പെട്ടിരുന്നു. പ്രോപ്പര്‍ട്ടിക്കെതിരേ ദൗത്യസംഘം നടപടി സ്വീകരിക്കുമ്പോള്‍ മകനെയും കൊണ്ട് രേഖ ആശുപത്രിയിലായിരുന്നു. ഉടമകള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിച്ചേക്കുമെന്നുവരെ അഭ്യൂഹങ്ങള്‍ പരന്ന സമയത്ത് അസുഖം ഭേദമാകാതെ മകനെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോകേണ്ട സ്ഥിതി വരെയുണ്ടായതായി രേഖ പറഞ്ഞു.

റിസോര്‍ട്ട് ഉടമകള്‍ക്ക് മതിയായ സാവകാശം നല്‍കാതെ തിടുക്കത്തില്‍ നടപടി സ്വീകരിക്കുന്നത് തുടക്കം മുതലേ പല കോണില്‍ നിന്നും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇന്നും ഈ വിഷയത്തില്‍ നിയമപോരാട്ടം തുടരുമ്പോള്‍ അതുണ്ടാക്കിയ വേദന നികത്താനാകില്ലെന്ന് രേഖ അടക്കമുളളവര്‍ പറയുന്നു.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
ഭീഷണിപ്പെടുത്താന്‍ നോക്കി, ഞങ്ങള്‍ ഫൈറ്റ് ചെയ്തു
ഒഗേല! നൊമ്പരപ്പെടുത്തുന്ന ഓര്‍മ
ജീവിതത്തില്‍ തോല്‍ക്കണോയെന്ന് തീരുമാനിക്കേണ്ടത് ഞാന്‍ മാത്രമാണ്