അതിവേഗം ഒന്നാം ഘട്ടം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നർ തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും ഇനി തുറമുഖം അറിയപ്പെടുക
വിഴിഞ്ഞം തുറമുഖത്തേക്ക് അടുക്കുന്ന കണ്ടയ്നർ കപ്പലിന്റെ പ്രതീകമായ , സമുദ്ര പശ്ചാത്തലത്തിൽ ‘V’ ആകൃതിയിലുള്ള നീല നിറത്തിലുള്ള ലോഗോയാണ് അനാവരണം ചെയ്തത്.
ഈ ലോഗോ കേരളത്തിന്റെ കീർത്തി മുദ്രയായി എന്നും തിളങ്ങി നിൽക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഒക്ടോബറിൽ ആദ്യ കപ്പൽ തുറമുഖത്തു അടുക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് കേരള സർക്കാർ സ്‌പെഷ്യൽ പർപ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിച്ചു. കമ്പനിയുടെ സമൂഹമാധ്യമ ചാനലുകളുടെ പ്രകാശനം വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ഐഎഎസ് , വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട്‌സ് ലിമിറ്റഡ് എംഡി ഡോക്ടർ അദീല അബ്ദുള്ള , അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുായ രാജേഷ് ഝാ എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ കുറെ നാളുകളായി വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന തുറമുഖത്തിന്റെ യശസ്സ് പുതിയ ലോഗോ വർദ്ധിപ്പിക്കുകയും ലോകശ്രദ്ധ തുറമുഖത്തേയ്ക്ക് ആകർഷിക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ടായ വിഴിഞ്ഞിന്റെ ബ്രേക്ക് വാട്ടറുകളുടെ നിർമാണം ഏതാണ്ട് 60 ശതമാനത്തിലധികം പൂർത്തിയായി. ആദ്യഘട്ടത്തിലെ 400 മീറ്റർ നിളം വരുന്ന ബർത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.
തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് വരും മാസങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ക്രൈയിനുകളുമായി ആദ്യ കപ്പൽ അടുത്തമാസം 4ാം തീയതി തീരമണയും. കൂടുതൽ ക്രൈയിനുകളുമായി രണ്ടാമത്തെ കപ്പൽ ഒക്ടോബർ 28 നും, മൂന്നാമത്തെയും, നാലാമത്തെയും കപ്പലുകൾ യഥാക്രമം നവംബർ 11നും 14നും വിഴിഞ്ഞത്തെത്തും.
Chief Minister Pinarayi Vijayan unveiled the logo of the Vizhinjam International Container Port, a major project of the Kerala government. The logo features a ‘V’ shape against a marine backdrop, symbolizing a container ship approaching the port. The Chief Minister expressed pride in the project’s progress, with the first ship set to arrive in October. The port’s rapid construction, including breakwaters and a 400-meter berth, is over 60% complete, attracting global attention. Upcoming activities include the arrival of ships with cranes to support port operations.