സ്ഥിര വരുമാന നിക്ഷേപകർക്കായി പുതിയ പ്രതിമാസ വരുമാന പദ്ധതിയുമായി ഇന്ത്യ പോസ്റ്റ്. 2025ലേക്കുള്ള പ്രതിമാസ വരുമാന പദ്ധതിയുടെ (MIS) ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ അപ്‌ഡേറ്റോടെ, ജോയിന്റ് അക്കൗണ്ടുകളുടെ പരമാവധി പരിധി 15 ലക്ഷം രൂപയാണ്. അതേസമയം സിംഗിൾ അക്കൗണ്ടുകളുടെ പരമാവധി പരിധി ₹9 ലക്ഷമാണ്. പ്രതിവർഷം 7.4% ആണ് പലിശ നിരക്ക്. ₹9 ലക്ഷം നിക്ഷേപത്തിന് 5 വർഷത്തിനുള്ളിൽ ആകെ ₹3,99,600 പലിശ ലഭിക്കും. ഇത് മൂന്ന് മാസം കൂടുമ്പോൾ ₹18350 ആയി ലഭ്യമാകുന്നതാണ്.

മികച്ച പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതി കുറഞ്ഞ അപകടസാധ്യതയോടെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണയോടെ നവീകരിച്ച എംഐഎസ് ആകർഷകമായ വരുമാനവും മെച്ചപ്പെട്ട നിക്ഷേപ പരിധികളും വാഗ്ദാനം ചെയ്യുന്നു. ജോലിയിൽ നിന്നും വിരമിച്ചവർ, വീട്ടമ്മമാർ, യാഥാസ്ഥിതിക നിക്ഷേപകർ തുടങ്ങിയവർക്കുള്ള മികച്ച ഓപ്ഷനാണ് പുതിയ പ്രതിമാസ വരുമാന പദ്ധതി.
ഒറ്റത്തവണ നിക്ഷേപത്തിന് ഉറപ്പായ പ്രതിമാസ വരുമാനം നൽകുന്നതിനായി ഇന്ത്യ പോസ്റ്റ് രൂപകൽപ്പന ചെയ്ത സേവിംഗ്സ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). സർക്കാർ പിന്തുണയുള്ളതിനാൽ ഏറ്റവും സുരക്ഷിതമായ ഓപ്ഷനുകളിലൊന്നായാണ് ഇവ കണക്കാക്കപ്പെടുന്നത്. അഞ്ച് വർഷം കാലാവധിയുള്ള പദ്ധതി നിക്ഷേപത്തിൽ നിന്നുള്ള സ്ഥിരമായ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നു. കാലാവധി പൂർത്തിയാകുന്ന തുക വീണ്ടും നിക്ഷേപിക്കാനുള്ള ഓപ്ഷനുമുള്ള പദ്ധതി ഇന്ത്യയിലുടനീളമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്