ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോംപറ്റീഷനായ ദുബായ് യുറേക്ക ജിസിസി 2025ൽ (Eureka! GCC 2025) സെക്കൻഡ് റണ്ണറപ്പായി കൊച്ചി ആസ്ഥാനമായുള്ള ഡ്രീംലൂപ്പ്.എഐ (Dreamloop.ai). ഇതോടെ അന്താരാഷ്ട്ര വേദിയിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പ് അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ്.

എഐ പവേർഡ് ഗെയിമിങ്, സ്റ്റോറിടെല്ലിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭമാണ് ഡ്രീംലൂപ്പ്. ജനറേറ്റീവ് എഐ ഉപയോഗിച്ച് ഗെയിമിങ് രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന ഡ്രീംലൂപ്പ് മാക്സ് 2ഡി എന്ന ഗെയിം വികസന ആപ്പിലൂടെ ശ്രദ്ധേയമായി. കോഡിങ് ഇല്ലാതെ ഗെയിം വികസിപ്പിക്കാൻ സഹായിക്കുന്ന ആപ്പാണ് ഇത്. ഇത് കൂടാതെ നോവൽ എഫ്എം എന്ന ഓഡിയോ ബുക്ക് ലൈബ്രറിയും ഡ്രീംലൂപ്പിനു കീഴിലുണ്ട്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിദേശരാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് ഡ്രീംലൂപ്പ് എഐ.
ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മത്സരമായ യുറേക്ക ജിസിസിയില്‍ 400 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് മാറ്റുരച്ചത്. മാക്സ്2ഡി എന്ന എഐ പ്ലാറ്റ്ഫോമിലൂടെ ഒരു വരി കോഡ് പോലുമെഴുതാതെ ആര്‍ക്കും സ്വന്തമായി മൊബൈല്‍ ഗെയിം നിര്‍മ്മിക്കാനാകുമെന്നതാണ് പ്രത്യേകത. പത്തുവയസുകാര് മുതല്‍ 50 ലേറെ പ്രായമായവര്‍ വരെയുള്ള 34 ലക്ഷം യൂസര്‍മാരാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.
ദുബായില്‍ നടന്ന ചടങ്ങില്‍ യുഎഇ മന്ത്രി ഷേഖ് നഹ്യാന് ബിന്‍ മുബാരക്ക് അല്‍ നഹ്യാനില് നിന്ന് ഡ്രീംലൂപ്പ് എഐ സിഇഒ രാഹുല്‍ എ ആര് സമ്മാനത്തുക ഏറ്റുവാങ്ങി. യുഎഇയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ സുഞ്ജയ് സുധീര്‍, ജിഐഐ സിഇഒ പങ്കജ് ഗുപ്ത എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
യുഎഇയിലെ സ്കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കുട്ടികളില്‍ ഗെയിമിംഗ് വികസനം പഠിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് രാഹുല്‍ എ ആര് പറഞ്ഞു. ഇത്തരമൊരു ആഗോള വേദിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാനവസരം നല്കിയിതില് കെഎസ് യുഎം, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് എന്നിവരോട് നന്ദി അറിയിക്കുന്നു. മാക്സ്2ഡി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യുകെ, തുര്‍ക്കി, ജോര്‍ദാന്‍, ഇന്ത്യ, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും മത്സരത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 30 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭക പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഗ്രാന്‍ഡ് ഫിനാലെയില്‍ പത്ത് സ്റ്റാര്ട്ടപ്പുകളാണുണ്ടായിരുന്നതെന്നും രാഹുല്‍ പറഞ്ഞു.