കേരളത്തിൽ ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. 2021 മുതൽ 2023 വരെയുള്ള നവജാത ശിശു സ്ക്രീനിംഗ് പ്രോഗ്രാമിൽ നിന്നുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ സമാഹരിച്ചിരിക്കുന്നത്. 2021ൽ 2635 കുട്ടികളാണ് ജനിതക വൈകല്യത്തോടെ ജനിച്ചത്. 2023ൽ ഇത് ഏതാണ്ട് ഇരട്ടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നതിന്റെ കാരണം കണ്ടെത്താനായി പഠനം നടത്തണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ജനിതക വൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ 2022ൽ 3232ഉം, 2023ൽ 4776ഉം ആയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരമാണ് (1237) ഏറ്റവുമധികം വൈകല്യബാധിതരായ നവജാതശിശുക്കളുള്ള ജില്ല. കൊല്ലം (775), മലപ്പുറം (593), കോഴിക്കോട് (404) ജില്ലകളിലും ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുതലാണ്.
ആരോഗ്യവകുപ്പിന്റെ കീഴിൽ നടന്ന ശലഭം പദ്ധതിയുടെ ഭാഗമായി 2024ൽ മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിലും തിരുവനന്തപുരം ജില്ലയിലാണ് വൈകല്യബാധിതർ കൂടുതലുണ്ടായിരുന്നത്. വൈകിയുള്ള ഗർഭധാരണം, മാറുന്ന ജീവിതശൈലി എന്നിങ്ങനെ നിരവധി കാരണങ്ങളാണ് നവജാത ശിശുക്കളിൽ വൈകല്യം ഉണ്ടാകാനുള്ള ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നവജാതശിശുക്കളിലെ ജനിതകവൈകല്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നുള്ളതും റിപ്പോർട്ട് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
a legislative committee report shows a near-doubling of newborns with genetic defects in kerala from 2021 (2635) to 2023 (4776).