ഇന്ത്യൻ നാവികസേനയുടെ വ്യോമശേഷിക്ക് വലിയ ഉത്തേജനവുമായി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നേവിക്കായി വികസിപ്പിച്ച യൂട്ടിലിറ്റി ഹെലികോപ്റ്റർ–മാരിടൈമിന്റെ (UHM) ആദ്യ പ്രോട്ടോടൈപ്പ് തയ്യാറായി. ഈ വർഷാവസാനത്തോടെ ഇത് ആദ്യ പരീക്ഷണ പറക്കൽ നടത്തുമെന്ന് എച്ച്എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി.കെ. സുനിൽ അറിയിച്ചു. വികസനപരിശോധനകളും ഉപയോക്തൃ പരീക്ഷണങ്ങളും പൂർത്തിയായാൽ രണ്ടുവർഷത്തിനുള്ളിൽ ഹെലികോപ്റ്റർ നേവിക്ക് കൈമാറും.

എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിന്റെ നാവിക ആവശ്യങ്ങൾക്കായി പുനർരൂപകൽപ്പന ചെയ്ത പതിപ്പാണ് യുഎച്ച്എം. കപ്പൽ കേന്ദ്രീകരിച്ച ദൗത്യങ്ങൾ, തീരപ്രദേശ പ്രവർത്തനങ്ങൾ, സമുദ്ര നിരീക്ഷണം എന്നിവയ്ക്കായി ഇതിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പഴയ ലഘു ഹെലികോപ്റ്ററുകൾക്ക് പകരമായി ആധുനിക നാവിക ഹെലികോപ്റ്റർ നിര ആവശ്യമായ സാഹചര്യത്തിൽ, യുഎച്ച്എം നാവികസേനയുടെ ഫ്ലീറ്റിന് വലിയ ശക്തി നൽകുന്ന പദ്ധതിയാകും.
പ്രോട്ടോടൈപ്പ് ഇതിനോടകം രൂപം കൊണ്ടതായും ഇത് ഇനി ഫ്ലയിങ് പരീക്ഷണങ്ങളിലേക്കു നീങ്ങുകയാണെന്നും സുനിൽ പറഞ്ഞു. സമുദ്ര വിന്യാസത്തിന് അനുയോജ്യമാകുന്ന ചില പ്രധാന രൂപകൽപനാ മാറ്റങ്ങൾ ഹെലികോപ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോട്ടർ ബ്ലേഡുകൾ, ടെയിൽ ബൂം തുടങ്ങിയവയിലാണ് പ്രധാന മാറ്റങ്ങൾ.
HAL’s Utility Helicopter Maritime (UHM), a redesigned naval variant of ALH Dhruv, is set for its first test flight this year, significantly modernizing the Indian Navy’s light helicopter fleet.
