കാശ്മീരിനെയും ലഡാക്കിനെയും തമ്മിൽ എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ‘സോജില ടണലിന്റെ’ (Zoji La tunnel) നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,578 അടി ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കം, ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള ഏറ്റവും നീളമേറിയ ‘സിംഗിൾ-ട്യൂബ്-ഇരുവശങ്ങളിലേക്കും ഗതാഗതമുള്ള’ (Bi-directional) റോഡ് തുരങ്കമാണ്. കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം വർഷത്തിൽ മാസങ്ങളോളം അടച്ചിടാറുള്ള സോജില ചുരത്തിന് ബദലായാണ് ഈ പാത യാഥാർത്ഥ്യമാക്കുന്നത്.

ഹിമാലയൻ മലനിരകളിലെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും കഠിനമായ തണുപ്പും അതിജീവിച്ചാണ് ഈ പദ്ധതി പൂർത്തിയാകുന്നത്. പാത പൂർണ്ണമായും യാഥാർത്ഥ്യമാകുന്നതോടെ കാശ്മീർ താഴ്‌വരയും ലഡാക്കിലെ കാർഗിലും തമ്മിലുള്ള ഗതാഗത സൗകര്യം വലിയതോതിൽ മെച്ചപ്പെടും. ഇത് തദ്ദേശവാസികൾക്ക് മാത്രമല്ല, അതിർത്തിയിലെ സൈനിക നീക്കങ്ങൾക്കും വലിയ രീതിയിൽ സഹായകരമാകും.

13.153 കിലോമീറ്റർ നീളമുള്ള പ്രധാന തുരങ്കത്തോടൊപ്പം 457.35 മീറ്റർ, 1953.63 മീറ്റർ വീതം നീളമുള്ള രണ്ട് ചെറിയ തുരങ്കങ്ങൾ (നിൽഗ്രാർ ട്വിൻ ടണലുകൾ) കൂടി ഈ പദ്ധതിയുടെ ഭാഗമാണ്. അപ്രോച്ച് റോഡുകളും പാലങ്ങളും സംരക്ഷണ ഭിത്തികളും ഉൾപ്പെടെ ആകെ 30.894 കിലോമീറ്റർ നീളത്തിലാണ് സോജില തുരങ്ക പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മാണത്തിന്റെ പ്രധാന ഘട്ടമായ ഖനനം പൂർത്തിയാകുന്നതോടെ കോൺക്രീറ്റ് ലൈനിങ്, അത്യാധുനിക വെന്റിലേഷൻ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്ന ജോലികളിലേക്ക് പദ്ധതി കടക്കും.

The strategic Zojila Tunnel project, the world’s highest bi-directional single-tube road tunnel connecting Kashmir and Ladakh, has entered its final phase of construction

Share.
Leave A Reply

Exit mobile version