ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ചതും അതിനെത്തുടർന്നുണ്ടായ ‘മെലോഡി’ മീമുകളും സോഷ്യൽ മീഡിയയിൽ തരംഗമാകുമ്പോൾ, രാജ്യം ചർച്ച ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്ക്കറ്റ് സാമ്രാജ്യത്തിന് പിന്നിലെ വിസ്മയ കഥയാണ്. ഒരു നൂറ്റാണ്ട് മുൻപ് മുംബൈയിലെ വിൽ പാർലെയിൽ ചെറിയ തയ്യൽക്കട നടത്തിയിരുന്ന മോഹൻലാൽ ദയാൽ ചൗഹാൻ എന്ന സാധാരണക്കാരനാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാർലെ പ്രൊഡക്റ്റ്സിന്റെ സ്ഥാപകൻ. വസ്ത്രവ്യാപാരം പ്രതിസന്ധിയിലായപ്പോൾ ഭക്ഷ്യരംഗത്തേക്ക് തിരിഞ്ഞ അദ്ദേഹം, ചെറിയ ബേക്കറി തുടങ്ങി ബ്രെഡും ലഘുഭക്ഷണങ്ങളും വിറ്റാണ് ബിസിനസിന്റെ ആദ്യ ചുവടുകൾ വെച്ചത്.

1929-ൽ ജർമ്മനിയിൽ നിന്ന് 60,000 രൂപ മുടക്കി ബിസ്ക്കറ്റ് നിർമ്മാണ യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് തന്റെ അഞ്ച് ആൺമക്കൾക്കൊപ്പം അദ്ദേഹം വിൽ പാർലെയിൽ ചെറിയ ഫാക്ടറി സ്ഥാപിച്ചതോടെയാണ് ‘പാർലെ’ എന്ന ബ്രാൻഡിന്റെ ജനനം. ബ്രിട്ടീഷുകാർക്കും സമ്പന്നർക്കും മാത്രം പ്രാപ്യമായിരുന്ന വിദേശ ബിസ്ക്കറ്റുകൾക്ക് പകരമായി, സാധാരണക്കാർക്ക് വേണ്ടിയാണ് പാർലെ തദ്ദേശീയമായി ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന് ബിസ്ക്കറ്റ് വിതരണം ചെയ്യാനുള്ള ലൈസൻസ് ലഭിച്ചതും, സ്വാതന്ത്ര്യാനന്തരം സ്വദേശി ആശയങ്ങൾ ഉയർത്തിപ്പിടിച്ചതും പാർലെയുടെ വളർച്ചയിൽ വഴിത്തിരിവായി. 1939-ൽ ‘പാർലെ ഗ്ലൂക്കോ’ എന്ന പേരിൽ തുടങ്ങി, പിന്നീട് ഡ്യൂപ്ലിക്കേറ്റുകളെ പ്രതിരോധിക്കാൻ ‘പാർലെ-ജി’ (Parle-G) എന്ന് പുനർനാമകരണം ചെയ്ത ഈ ബിസ്ക്കറ്റ്, 2011-ൽ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്ക്കറ്റ് ബ്രാൻഡായി മാറി.
പാർലെ-ജിയും ‘മെലഡി ഇത്നി ചോക്ലേറ്റി ക്യൂ ഹേ’ എന്ന പരസ്യവാചകത്തിലൂടെ ഇന്ത്യക്കാരുടെ ഹൃദയം കവർന്ന മെലഡി മിഠായിയും വഴി കോടിക്കണക്കിന് ജനങ്ങളുടെ കുട്ടിക്കാല ഓർമ്മകളുടെ ഭാഗമാകാൻ മോഹൻലാൽ ദയാൽ ചൗഹാൻ കെട്ടിപ്പടുത്ത ഈ സാമ്രാജ്യത്തിന് സാധിച്ചു.
Discover the inspiring story of Mohanlal Dayal Chauhan, the founder of Parle Products. Learn how a small bakery in Vile Parle grew into the world’s largest-selling biscuit brand.
