ഫുഡ് എന്നാല്‍ ക്രേസാണ് ആനിയ്ക്ക്. ആ ക്രേസ് തന്നെയാണ് മകന്‍ ജഗന്റെ ബിസിനസിന് കരുത്തുപകരുന്നത്. ബിബിഎ കഴിഞ്ഞ് ബിസിനസ് രംഗത്തേക്കിറങ്ങാന്‍ ജഗന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഏത് ബിസിനസ് തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആനിയ്ക്കും ഷാജി കൈലാസിനും ജഗനും സംശയമൊന്നുമില്ലായിരുന്നു. ഫുഡ് തന്നെയായിരുന്നു അവരുടെ ബിസിനസ് മെനു.
ഫാമിലിയില്‍ ആര്‍ക്കും ബിസിനസ് ചെയ്ത് പരിചയമില്ല. ഫുഡിന്റെ ബിസിനസ് അല്ലാതെ വേറെ ഏതൊരു ബിസിനസ് ചെയ്താലും സക്സസാകുമെന്ന പ്രതീക്ഷയുമില്ലെന്ന് ആനി പറയുന്നു. മകന് ബിസിനസിനോടുള്ള താല്‍പ്പര്യം എത്രയുണ്ടെന്ന് അറിയാന്‍ കൂടി വേണ്ടി തുടക്കത്തില്‍ ഒരു തട്ടുകടയാണ് ഇട്ടുകൊടുത്തത്. യാതൊരു മടിയുമില്ലാതെ ജഗന്‍ തന്റെ തട്ടുകട സംരംഭം അച്ഛനും അമ്മയ്ക്കും മുന്നില്‍ വിജയിപ്പിച്ചു കാണിച്ചു കൊടുത്തു. തട്ടുകട വിജയിച്ചതോടെ സമൂസ പോയിന്റ് ഇട്ടുകൊടുത്തു. അവിടെയും സ്റ്റാഫുകളുടെ സഹായമില്ലാതെ ജഗന്‍ പ്രവര്‍ത്തിച്ചു. വറക്കുന്നതും ചായയുണ്ടാക്കുന്നതുമൊന്നും ഒരു കുറവായി ജഗന്‍ കണ്ടില്ല. ജഗനുള്ളിലെ ഒരു ബിസിനസുകാരനെയായിരുന്നു അത് കാണിച്ചതെന്ന് ആനി അഭിമാനത്തോടെ പറയുന്നു.
ആനീസ് കിച്ചനിലൂടെ ആനിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചവര്‍ക്കെല്ലാം ആനിയുടെ കൈപ്പുണ്യമറിയാനുള്ള അവസരമാണ് ജഗന്റെ ദ റിംഗ്സ് എന്ന റസ്റ്റോറന്റ് നല്‍കുന്നത്. വീക്കന്റുകളില്‍ സിഗ്‌നേച്ചര്‍ ഡിഷുകളാണ് സര്‍വ് ചെയ്യുന്നത്.നൂറ് ശതമാനം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണ് റിംഗ്സിലെ സ്റ്റാഫുകളെന്ന് ആനിക്ക് ഉറപ്പാണ്. എങ്കിലും എല്ലാത്തിലും ആനിയുടെ നോട്ടമെത്തുന്നു. തന്റെ കൈപ്പുണ്യത്തിന്റെ രുചിയുണ്ടെന്ന് ഉറപ്പുവരുത്തുന്നു.
വെല്ലുവിളികള്‍ തീര്‍ച്ചയായും ഉണ്ടാകും. നിറമനസോടെയും ആത്മാര്‍ഥതയോടെയുമായിരിക്കണം ആഹാരം വിളമ്പേണ്ടതെന്ന് മാത്രമാണ് ആനി ജഗന് നല്‍കിയ നിര്‍ദേശം. ഭക്ഷണത്തില്‍ കള്ളത്തരം പാടില്ല. ഇന്ന് വെച്ച ഭക്ഷണം തീര്‍ക്കാന്‍ വേണ്ടി നാളെ വിളമ്പരുത്. ഭക്ഷണകാര്യത്തില്‍ പ്യുവര്‍ ആണെങ്കില്‍ ഈശ്വരന്‍ കൂടെ നില്‍ക്കുമെന്ന് തന്നെയാണ് ആനിയുടെ വിശ്വാസം. എവിടെയും കോണ്‍ഫിഡന്‍സോടെ മുന്നേറാന്‍ ആനിക്ക് പ്രചോദനമേകി ഷാജി കൈലാസ് കൂടെയുണ്ട്. ഷാജി കൈലാസാണ് തന്റെ കോണ്‍ഫിഡന്‍സെന്നും വ്യക്തമാക്കുന്നു ആനി.