ലോകത്ത് ശതകോടീശ്വരന്മാരായ ഒരാള്‍ പോലും ഒറ്റരാത്രികൊണ്ട് വിജയം നേടിയവരല്ല.. ഇവരില്‍ ഭൂരിഭാഗവും കഷ്ടപ്പാടുകളെയും വെല്ലുവിളികളെയും ഇച്ഛാശക്തി കൊണ്ട് അഭിമുഖീകരിച്ചവരാണ്. അങ്ങനെ ഉയരത്തിലെത്തിയ ക്രിസ് ഗാര്‍ഡ്നറുടെ ജീവിത കഥ പറയുന്ന ഹോളിവുഡ് സിനിമയാണ് ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ ക്രിസ്, സെയില്‍സ്മാനില്‍ നിന്നും കോടീശ്വരനായി മാറിയ വ്യക്തിയാണ്. സംരംഭകര്‍ കണ്ടിരിക്കണ്ട സിനിമകളില്‍ മുഖ്യമായ ഒന്നാണ് ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്. കൂടുതല്‍ പണമുണ്ടാക്കാനായി ക്രിസ് തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും എല്ലിന്‍റെ സാന്ദ്രത അളക്കുന്ന സ്‌കാനറുകള്‍ വാങ്ങി വില്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ക്രിസിന്റെ നീക്കത്തിന് തിരിച്ചടിയാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംരംഭകര്‍ക്കായി ഇന്‍സ്പയറിംഗായ മൂവികളിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കുകയാണ്. കാണാം channeliam.com അവതരിപ്പിക്കുന്ന മൂവീസ് ഫോര്‍ എന്‍ട്രപ്രണേഴ്സ്

ദുരിതത്തിന്റെ വക്കിലെത്തിയ ക്രിസിനെ ഭാര്യ ഉപേക്ഷിക്കുന്നു. തന്റെ 5 വയസ്സുള്ള മകനെ പരിപാലിക്കാനും ജീവിതം നയിക്കാനും ക്രിസ് പാടുപെടുന്നു. സമ്പാദ്യം കുറയുന്നതിനാല്‍ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒഴിഞ്ഞു പോകേണ്ട അവസ്ഥ വരുന്നതിന് പിന്നാലെ അച്ഛനും മകനും രാത്രികളില്‍ റെയില്‍വേസ്റ്റേഷനുകളിലും, പബ്ളിക്  വാഷ്റൂമിലും രാത്രി കഴിച്ചുകൂട്ടേണ്ടി വരുന്നു. ജെ ട്വിസ്റ്റല്‍ എന്ന വ്യക്തിയെ കാണാനുള്ള അവസരമാണ് ക്രിസിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ക്രിസ് ഗാര്‍ഡ്‌നറിന് ജെ-യുടെ ബ്രോക്കറേജ് സ്ഥാപനമായ ഡീന്‍ വിറ്ററില്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നു. അഭിമുഖത്തിന് ഒരു ദിവസം മുമ്പ്, റെന്‍റ് നല്‍കുന്നത് മാറ്റിവയ്ക്കുന്നതിനായി ക്രിസ് തന്റെ അപ്പാര്‍ട്ട്‌മെന്റ് പെയിന്റ് ചെയ്യാന്‍ ഓണറോട് സമ്മതിച്ചു. ആ സമയത്ത്, പാര്‍ക്കിംഗ് പിഴയുടെ പേരില്‍ പൊലീസ് ക്രിസിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. രാത്രി മുഴുവന്‍ ജയിലില്‍ കഴിഞ്ഞ ക്രിസ് അവിടെ നിന്നാണ് അടുത്ത ദിവസം രാവിലെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോകുന്നത്.

പ്രതിഫലം വാങ്ങാതെയാണ് ക്രിസ് ഇന്റേണ്‍ഷിപ്പ് ഏറ്റെടുക്കുന്നത്. ഒപ്പം വരുന്ന ബുദ്ധിമുട്ടുകള്‍ നന്നായി അറിഞ്ഞുകൊണ്ടായിരുന്നു ആ തീരുമാനം. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന ദിവസം ക്രിസിനെ ഒരു മീറ്റിംഗിലേക്ക് വിളിപ്പിച്ചു. ക്രിസ് ഒരു പുതിയ ഷര്‍ട്ട് ധരിച്ചിരിക്കുന്നതായി കമ്പനി ബോര്‍ഡ് മാനേജര്‍മാരില്‍ ഒരാള്‍ ശ്രദ്ധിച്ചപ്പോള്‍ ഇത് തന്റെ അവസാന ദിവസമായതായതുകൊണ്ടാണ് പുത്തന്‍ ഷര്‍ട്ട് ധരിച്ചത് എന്നായിരുന്നു ക്രിസിന്റെ മറുപടി. എന്നാല്‍ നാളെ വരുമ്പോള്‍ മറ്റൊരു പുതിയ ഷര്‍ട്ട് ധരിച്ചോളൂ എന്നായിരുന്നു മാനേജറുടെ മറുപടി. കമ്പനിയില്‍ അദ്ദേഹത്തിന് മുഴുവന്‍ സമയ ജോലി കിട്ടി എന്ന് മാനേജര്‍ ക്രിസിനെ അറിയിച്ചത് അങ്ങനെയായിരുന്നു. വൈകാരികമായ കുറിപ്പുമായിട്ടാണ് പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ് അവസാനിക്കുന്നത്. ജീവിതത്തിന്റെ ആ നിമിഷം  സന്തോഷത്തിന്‍റെ നിര്‍വ്വചനമായി മനസ്സിലാക്കി, ആത്മഗതത്തോടെ ക്രിസ് ഓഫിസിന് പുറത്തേക്ക് നടന്നു പോകുന്നു. യഥാര്‍ത്ഥ ക്രിസ് ഗാര്‍ഡ്‌നറെ സിനിമയില്‍ അവസാനം കാണിക്കുവാനും സംവിധായകന്‍ ഗബ്രിയേല്‍ മുസിനോ മറന്നില്ല. 1987ല്‍ ബ്രോക്കറേജ് സ്ഥാപനം ആരംഭിച്ച ക്രിസ് കോടികള്‍ ടേണ്‍ ഓവറുള്ള സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയത്.

ഇറ്റാലി സ്വദേശിയായ സംവിധായകന്‍ ഗബ്രിയേല്‍ മുസിനോയ്ക്ക് ഭാഷ പല തരത്തിലുള്ള വെല്ലുവിളികളുണ്ടാക്കിയെങ്കിലും അദ്ദേഹം അതിനെ മറികടന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഹോളിവുഡ് നടന്‍ വില്‍ സ്മിത്തും മകന്‍ ജെയ്ഡനുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ അച്ഛന്‍-മകന്‍ ബന്ധം പ്രേക്ഷകന് അനുഭവേദ്യമാക്കാന്‍ സംവിധായകന് സാധിച്ചു. പ്രതികൂല അവസ്ഥയ്ക്കിടയിലും മനസാന്നിധ്യം എന്നത് കൈവിടാതിരുന്നാല്‍ വിജയം സുനിശ്ചിതമെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ് പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version