ആ രഹസ്യം തുറന്ന് പറഞ്ഞ് കിറ്റെക്സ് സാബു

എന്താണ് കിറ്റെക്സിന്റെ പ്രശ്നം?
സംരംഭകന് ‍ ഒരുപാട് അവസരങ്ങളുള്ള മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം ഒരു 50 വർഷം പുറകിലാണെന്ന് പറയേണ്ടി വരുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. കേരളത്തിലെ വ്യവസായത്തിന്റെ ഏറ്റവും വലിയ ശാപം രാഷ്ട്രീയ- ഉദ്യോഗസ്ഥ അവിശുദ്ധകൂട്ടു കെട്ടാണ്. നിക്ഷേപകർക്ക് ഒന്നും മിണ്ടാനാകാത്ത അവസ്ഥയാണെന്നും എല്ലാവർക്കും ഭയമാണെന്നും സാബു പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് കിറ്റെക്സ് കേരളം വിടാനുണ്ടായ കാരണങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത്. താൻ ചർച്ചക്കായി തെലുങ്കാനയിലേക്ക് ഫ്ലൈറ്റിൽ കയറുമ്പോൾ മൂല്യം 20 ശതമാനം കൂടി എന്ന് പറയുമ്പോൾ മലയാളികൾ നമ്മുടെ  നാടിനെ പറ്റി എന്താണ് ധരിച്ചിരിക്കുന്നതെന്ന് മനസ്സിലായില്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്താണ് വ്യവസായ സൗഹൃദമെന്ന് കാട്ടിത്തരുകയാണ് മലയാളികൾ ചെയ്തത്. വലിയ ആപത്തിലേക്കാണ് കേരളം പൊയ്ക്കോണ്ടിരിക്കുന്നത്. ഈ രീതിയിൽ മുന്നോട്ട് പോയാൽ 25 വർഷം കഴിയുമ്പോൾ കേരളത്തിൽ ഒരാൾക്ക് പോലും തൊഴിൽ കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങൾ 100% വരെ റിട്ടേൺ തരും
വ്യവസായ സൗഹൃദത്തിന്റെ കാര്യത്തിലായാലും ഇൻസെന്റിവിന്റെ കാര്യത്തിലായാലും നയങ്ങളുടെ കാര്യത്തിലായാലും എല്ലാം വളരെയധികം പിന്നിലാണ്. മറ്റുളള സംസ്ഥാനങ്ങളിലൊരുക്കുന്ന സൗകര്യങ്ങളെ പറ്റി പഠിക്കാനോ മനസിലാക്കാനോ അതിവിടെ ഇംപ്ലിമെന്റ് ചെയ്യാനോ ആരും ശ്രദ്ധിച്ചിട്ടില്ല. കേരളത്തിൽ സ്ഥലവില വളരെ കൂടുതലാണ്. ഇലക്ട്രിസിറ്റി ചാർജ്,കൺസ്ട്രക്ഷൻ കോസ്റ്റ്,വാട്ടർ ചാർജ് ഇവയെല്ലാം കൂടുതലാണ്. അങ്ങനെയെല്ലാംകൊണ്ടും എക്സ്പെൻസീവാണ്. അതേസമയം മറ്റു സംസ്ഥാനത്ത് നമ്മൾ നിക്ഷേപം നടത്തുമ്പോൾ ഏകദേശം 70ശതമാനം മുതൽ 100 ശതമാനം വരെ അവർ റിട്ടേൺ തരുന്നു. അപ്പോൾ ഒരു വ്യവസായിയുടെ/നിക്ഷേപകന്റെ റിസ്ക് സീറോയിലേക്ക് വരികയാണ്. നിക്ഷേപിക്കുന്ന തുക ഒരു നിശ്ചിത വർഷത്തിനുളളിൽ തിരികെ പൂർണമായിട്ടും അവരിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. അപ്പോൾ കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ വളരെയധികം കുറയും. ലോകമാർക്കറ്റിൽ കോംപറ്റീറ്റിവ് ആയിട്ട് ഉല്പന്നങ്ങൾ വിൽക്കാൻ സാധിക്കും. അതാണ് ഏറ്റവും വലിയ വ്യത്യാസം അതിനനുസരിച്ച് കേരളം മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞാൻ തുറന്ന് പറഞ്ഞുഎന്ന് മാത്രം, എല്ലാവരും അസ്വസ്ഥരാണ്
ഞങ്ങളെ സംബന്ധിച്ചുണ്ടായ പ്രശ്നം തന്നെയാണ് മറ്റു വ്യവസായികളും നേരിടുന്നത്. ഞാൻ അത് തുറന്നു പറഞ്ഞുവെന്ന് മാത്രം. മറ്റുളള എല്ലാ വ്യവസായികളും നേരിടുന്ന പ്രശ്നവും ഇതുതന്നെയാണ്. രാഷ്ട്രീയ സംവിധാനം ഇടതുമുന്നണിയായാലും വലതുമുന്നണിയായാലും വ്യത്യാസമില്ല.  ഉദ്യോഗസ്ഥതലത്തിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങളുളളത്. പിന്നെ ജനറലായിട്ടുളള ഒരു ആറ്റിറ്റ്യൂഡ് ഉണ്ട്. മലയാളികളുടെ ഒരു ആറ്റിറ്റ്യൂഡ്. ഒരു വ്യവസായം വന്നു കഴിഞ്ഞാൽ അവിടെ പൊല്യൂഷനുണ്ടാകും, പ്രശ്നങ്ങളുണ്ടാകും. വ്യവസായം എന്നത് മരത്തിൽ നിന്ന പണം പറിച്ചെടുക്കുന്ന പോലെ എന്നുളള ധാരണാപിശകുകൾ ഒക്കെ സമൂഹത്തിലുണ്ട്. 80-90 കളിലെ വ്യവസായങ്ങളുടെ ഏറ്റവും വലിയ പ്രശ്നം തൊഴിൽ സമരങ്ങളായിരുന്നു. 90 കളൊക്കെ ആയപ്പോൾ അതു കുറഞ്ഞുവന്നു. 2000 ത്തിന് ശേഷം തൊഴിൽ സമരങ്ങൾ ഒന്നും തന്നെയില്ല. കാരണം ആളുകൾ കുറച്ച് കൂടി എജ്യുക്കേറ്റഡായി. ബോധവാൻമാരായി. രാഷ്ട്രീക്കാരുടെ ചൂഷണത്തിൽ നിന്ന് അവർ വിമുക്തരായി. തൊഴിലാളികൾ വിമുക്തരായെങ്കിലും രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥൻമാരെ കൂട്ടുപിടിച്ചു.

പോകുന്നത് വലിയ ആപത്തിലേക്ക്
കേരളത്തിലെ രാഷ്ട്രീയ സംവിധാനം വളരെ ശക്തമാണ്. ഉദ്യോഗസ്ഥ സംവിധാനവും വളരെ ശക്തമാണ്. നമ്മൾ ഇതുപോലെയുളള സംഘടന അല്ലെങ്കിൽ ഇതുപോലെയുളള ആളുകളെ/ നിക്ഷേപകരെ സംഘടിപ്പിച്ചാൽ എല്ലാവർക്കും ഭയമാണ്. കാരണം ആരെങ്കിലും സർക്കാരിനെതിരായിട്ടോ ഭരിക്കുന്ന പാർട്ടിക്കോ ഉദ്യോഗസ്ഥ സംവിധാനത്തിനോ എതിരായിട്ട് ശബ്ദമുയർത്തുകയോ എതിരായി സംഘടിക്കുകയോ ചെയ്താൽ അവരെ എല്ലാവരും കൂടി വളഞ്ഞിട്ടാക്രമിക്കും. അതിന് ഉദ്യോഗസ്ഥരും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഒരുപോലെയാണ്. എന്റെ പ്രശ്നമുണ്ടായപ്പോൾ എല്ലാവരും ഫോണിൽ വിളിച്ച് വ്യക്തിപരമായിട്ട് സംസാരിക്കുന്നുണ്ട്. എന്നാൽ ഒരാൾ പോലും സംഘടിക്കാനോ ഇതിനെതിരെ സംസാരിക്കാനോ മുതിരുന്നില്ല. ഇവിടെ ഗവൺമെന്റും ജനങ്ങളും ആണ് കേരളം രക്ഷപെടണോ എന്ന് തീരുമാനിക്കേണ്ടത്. എന്നെ പോലെയുളളവർക്ക് ഇവിടെ നിന്ന് ഏത് സംസ്ഥാനത്തേക്കും രാജ്യത്തേക്കും പോകാം.  മാറ്റം വരണമെന്ന് രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ചിന്തിച്ചാൽ മാത്രമേ അതു സാധ്യമാകൂ. ഒരു റവല്യൂഷണറി ചേഞ്ച് തന്നെ വരണം. അടുത്ത കാലത്തൊന്നും അത്തരം മാറ്റമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

തെറ്റ് ചെയ്യുന്ന ഉദ്യേസ്ഥരെ സർക്കാർ സംരക്ഷിക്കുന്നു
ഇതിൽ മുഖ്യമന്ത്രി ഇടപെടണമെന്നില്ല. ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ, ഒരു കളക്ടർ ഇടപെട്ടാൽ മതിയായിരുന്നു. അല്ലെങ്കിൽ മന്ത്രിതലത്തിൽ മന്ത്രിതലത്തിൽ ഇടപെടാമായിരുന്നു. അല്ലെങ്കിൽ ഇൻഡസ്ട്രി സെക്രട്ടറി ഇടപെടാമായിരുന്നു. ഇടപെടുന്ന ഉദ്യോഗസ്ഥൻ ഇടപെട്ടതുകൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ല. അതിന് ശരിയും തെറ്റും മനസിലാക്കി തെറ്റ് ചെയ്തത് ഉദ്യോഗസ്ഥൻമാരാണെങ്കിൽ അവരുടെ പേരിൽ നടപടി എടുത്ത് സർവീസിൽ നിന്ന് പിരിച്ചുവിടാൻ മാത്രമുളള ആർജ്ജവം ഉളളവരായിരിക്കണം. അത് ഏത് ലെവലിലും ആകാം. അങ്ങനെ ഒരു സംവിധാനം കേരളത്തിലില്ല. നമ്മുടെ സംവിധാനത്തിൽ ഉദ്യോഗസ്ഥൻമാർ എന്ത് തെറ്റു ചെയ്താലും അവരെ പരിരക്ഷിക്കുന്ന സംവിധാനമാണുളളത്. ഒട്ടനവധി ഉദ്യോഗസ്ഥർ, ഐഎഎസുകാർ അടക്കമുളളവർ ചെയ്യുന്ന കുറ്റകൃത്യത്തിൽ സാധാരണക്കാർക്ക് ലഭിക്കാത്ത ഇളവുകളും പരിഗണനകളുമാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. കേരളത്തിൽ പ്രായോഗികമായി നടക്കാത്ത ഒരു കാര്യം അതുതന്നെയാണ്.

കേരളം വിട്ടപ്പോൾ കിറ്റെക്സിന്റെ ഷെയർ ഉയർന്നു, കാരണം ഇപ്പോൾ മനസ്സിലായില്ലേ?
കിറ്റക്സിന്റെ ഷെയറിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിയിരിക്കുന്നത് മലയാളികളാണ്. അപ്പോൾ മലയാളികളുടെ സൈക്കോളജി എന്താണെന്ന് ആലോചിച്ചു നോക്കൂ. ഒരു ഫാക്ടറി, മുതൽ മുടക്കിയിരിക്കുന്ന സ്ഥാപനം കേരളത്തിലേക്ക് വന്നു എന്ന് വച്ചപ്പോഴല്ല വില കൂടിയത്, കേരളം വിട്ടു എന്ന് കണ്ടപ്പോഴാണ്. വില ഒരു ദിവസം 20 ശതമാനം കൂടുന്നു, പിറ്റേ ദിവസം 20 ശതമാനം കൂടുന്നു, പിറ്റേ ദിവസം 10 ശതമാനം കൂടുന്നു. ആ ഒരു സാഹചര്യത്തിലേക്ക് വന്നെങ്കിൽ നമ്മൾ ഈ പറയുന്ന മന്ത്രിമാരും ഭരണകക്ഷിയും രാഷ്ട്രീയക്കാരുമൊക്കെ പറയുന്ന വ്യവസായ സൗഹൃദത്തിന്റെ ഉത്തരമായി. ഞാനോ മറ്റു വ്യവസായികളോ മന്ത്രിയോ പത്ത് പ്രാവശ്യം പറഞ്ഞാൽ വ്യവസായ സൗഹൃദമാകില്ല. മുതൽ മുടക്കിയ വ്യവസായം കേരളം വിടുന്നു,

റാങ്കിങ്ങിലും സൗകര്യത്തിലും തെലുങ്കാന തന്നെ മുന്നിൽ
സംസ്ഥാനങ്ങൾ നോക്കിയാൽ റാങ്കിങ്ങിൽ ഒന്നാമത് തെലങ്കാനയാണ്. റാങ്കിങ്ങിലും ഞങ്ങളുടെ വിലയിരുത്തലിലും തെലങ്കാന വളരെയധികം വ്യവസായ സൗഹൃദമായിട്ടുളള സംസ്ഥാനമാണ്. ഇന്ന് ലോകത്തിൽ മൾട്ടിനാഷണൽ കമ്പനികൾ ഗൂഗിൾ,ഫേസ്ബുക്ക്,ആമസോൺ,ഐക്കിയ ഇങ്ങനെ ലോകത്തിലെ ടോപ് 50 സ്ഥാപനങ്ങൾ എടുത്ത് കഴിഞ്ഞാൽ അവരെല്ലാവരും അവിടെ നിക്ഷേപം ഇറക്കിയിട്ടുണ്ട്. അങ്ങനെ അവിടെ ഒരു നിക്ഷേപം വരുന്നുവെന്നാൽ യഥാർത്ഥത്തിൽ അവിടെ വ്യവസായ സൗഹൃദം ഉണ്ട് എന്നാണ്. എന്നാൽ ഈ ടോപ് 50 യിൽ ഏതെങ്കിലും കേരളത്തിൽ കൊണ്ടുവരാൻ സാധിക്കുമോ.ഞങ്ങൾ അവിടെയെത്തി കഴിഞ്ഞ് മൈക്രോസോഫ്റ്റ് 15000 കോടി രൂപയുടെ നിക്ഷേപമാണ് ഞങ്ങളുടെ നെക്സ്റ്റ് പ്ലോട്ടിൽ നടത്തിയത്.

യുദ്ധം ചെയ്യാൻ തയ്യാറുണ്ടെങ്കിൽ സംരംഭം തുടങ്ങാമെന്ന അവസ്ഥ
സത്യസന്ധമായിട്ട് പറഞ്ഞാൽ ഞാനൊരിക്കലും കേരളത്തിൽ മുതൽ മുടക്കുന്നതിനോട് അനുകൂലിക്കുന്ന ആളല്ല. ഞങ്ങൾ‌ 68ൽ തുടങ്ങിയ അന്ന് മുതൽ ഇതിനേക്കാൾ രൂക്ഷമായ പ്രശ്നങ്ങളിലൂടെ പോയിട്ടുണ്ട്. അപ്പോൾ ഇത് കേരളത്തിന്റെ പൊതുവായിട്ടുളള സ്ഥിതിയാണ്. ഇവിടെ നിക്ഷേപം നടത്തുമ്പോൾ ആലോചിക്കേണ്ടത് നമുക്ക് ഈ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുമായിട്ട് യുദ്ധം ചെയ്യാനുളള കപ്പാസിറ്റി ഉണ്ടോയെന്നാണ്. അതില്ലെങ്കിൽ ഒരിക്കലും ഇവിടെ ബിസിനസിന് പോകരുത്. നമ്മൾ നിക്ഷേപം നടത്തി നാളെ നടത്താൻ പറ്റാത്ത സാഹചര്യം വന്നാൽ നമുക്ക് ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കാൻ പറ്റുമോ അത് ആലോചിക്കണം. അതില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്.
പിന്നെ വൻകിട വ്യവസായികൾ എംആർഫ്,വി-ഗാർഡ്,ഈസ്റ്റേൺ ഇവരൊക്കെ ഇവിടെ പേരിനുണ്ട് എന്നത് മാത്രമാണ്. അവരൊക്കെ രാത്രിക്കു രാത്രി ഇവിടുന്ന് പലായനം ചെയ്ത് മറ്റു സംസ്ഥാനങ്ങളിൽ പോയി ബിസിനസ് ഉറപ്പിച്ചിട്ടുളളവരാണ്. അത് ജനം അറിഞ്ഞിട്ടില്ല എന്ന് മാത്രമേയുളളു. ഞാൻ പരസ്യമായിട്ട് പറഞ്ഞ് പുറത്തേക്ക് പോകുന്നുവെന്നേയുളളൂ. ഇന്നത്തെ സാഹചര്യത്തിൽ സംവിധാനത്തിൽ അടിമുടി മാറ്റം വരാതെ ഇവിടെ മുതൽ മുടക്കുന്നത് ഒരു സൂയിസൈഡിംഗ് അറ്റംപ്റ്റ് ആണെന്നേ ഞാൻ പറയൂ.

പിണറായി വിജയന് കിറ്റെക്സിൽ നിക്ഷേപമുണ്ടോ ? സാബു പറയുന്നു
മുഖ്യമന്ത്രിയുമായിട്ട് ഏതാണ്ട് 15-16 വർഷമായിട്ട് അടുത്തറിയാം. വളരെ അടുത്ത ബന്ധമാണ്. യാഥാർത്ഥ്യത്തിലേക്ക് പോകാതെ മെറിറ്റിലേക്ക് പോകാതെ എന്താണ് അവിടെ സംഭവിച്ചതെന്ന് മനസ്സിലാക്കാതെ ആരോപണം പടച്ചു വിടുന്നവരാണ് പിറണായി വിജയന് കിറ്റെക്സിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്.  അതിന്റെ ഒരു ഭാഗമാണ് മുഖ്യമന്ത്രിയുടെ മുതൽ മുടക്കാണ് നടത്താൻ പോകുന്നത് എന്ന് പറയുന്നത്. എങ്ങനെ നടത്താൻ സാധിക്കും.  ഇത് പബ്ലിക് ലിമിറ്റഡ് ലിസ്റ്റഡ് കമ്പനിയാണ്. ഇതിനകത്ത് ഒരു പൈസ പോലും വേറൊരാൾക്ക് മുടക്കാൻ സാധിക്കില്ല. ഒന്നുകിൽ ഇപ്പോഴത്തെ ഷെയർ ഹോൾഡേഴ്സിന്റെ ഷെയർ വാങ്ങി ചെയ്യണം. അല്ലെങ്കിൽ പ്രമോട്ടർ മുടക്കണം. ഇതുമല്ലെങ്കിൽ ലോണായിട്ട് എടുക്കണം. ഈ മൂന്ന് കാര്യത്തിൽ മുഖ്യമന്ത്രി എങ്ങനെ വരും. ഒരിക്കലും ഒരു തേർഡ് പാർട്ടിക്ക്  ഇതിൽ മുടക്കാൻ സാധിക്കില്ല. വളരെ സുതാര്യമായിട്ടേ ഇത് ചെയ്യാൻ സാധിക്കുകയുളളൂ. അതിൽ മുഖ്യമന്ത്രീന്നല്ല, വേറൊരു തേർഡ് പാർട്ടിക്കും ഒരു രൂപ പോലും ഇല്ലീഗലായിട്ട് ഇതിനകത്ത് ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി

CHANNELIAM.COM ഫൗണ്ടർ നിഷ കൃഷ്ണന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്  കേരളത്തിലെ വ്യവസായ, സംരംഭ രംഗത്തുള്ളവരും നിക്ഷേപകരും നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version