കോവിഡ് കാലത്ത് ഏറ്റവുമധികം നഷ്ടം നേരിട്ട മേഖലയാണ് ട്രാവലും ടൂറിസവും. ഇത് മനസ്സിലാക്കി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കാരവൻ ടൂറിസം. സന്ദർശകർക്ക് സുരക്ഷിതവും ഇഷ്‌ടാനുസൃതവും പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്നതുമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന സമഗ്രമായ കാരവൻ ടൂറിസം നയം കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. കാരവൻ ഓപ്പറേറ്റർമാർക്ക് ആകർഷകമായ നിക്ഷേപ സബ്സിഡി വാഗ്ദാനം ചെയ്യുന്നതാണ് നയം. സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പങ്കാളികളാകുന്ന പദ്ധതിയിൽ പ്രാദേശികമായ പങ്കാളിത്തവും ഉണ്ടാകും.
കാരവാൻ ടൂറിസത്തിലെ രണ്ട് പ്രധാന ഘടകങ്ങൾ ടൂറിസം കാരവനുകളും കാരവൻ പാർക്കുകളുമാണ്. ആദ്യത്തേതിൽ യാത്ര, വിനോദം, താമസം എന്നിവയ്ക്കായി കസ്റ്റം ബിൽഡ് വാഹനങ്ങൾ ഉൾപ്പെടുമ്പോൾ, കാരവൻ പാർക്കുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങളാണ്.
പ്രാദേശിക സമൂഹങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കും ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനത്തിനും കാരവൻ ടൂറിസം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങളിൽ സന്ദർശകർക്ക് ഒരു രാത്രിയോ പകലോ ചെലവഴിക്കാനോ അല്ലെങ്കിൽ ദീർഘസമയം താമസിക്കാനോ തിരഞ്ഞെടുക്കാം. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി. സോഫ-കം-ബെഡ്, റഫ്രിജറേറ്ററും മൈക്രോവേവ് അവ്നും ഉള്ള അടുക്കള, ഡൈനിംഗ് ടേബിൾ, ടോയ്‌ലറ്റ് ക്യുബിക്കിൾ, AC, ഇന്റർനെറ്റ്, ചാർജിംഗ് സിസ്റ്റം, GPS തുടങ്ങിയ സുഖപ്രദമായ താമസത്തിനുള്ള എല്ലാ സൗകര്യങ്ങളും കാരവനുകളിൽ ഉണ്ടാകും. അതിഥികളുടെ മൊത്തം സുരക്ഷ ഉറപ്പുനൽകാൻ, കാരവാനുകളിൽ തത്സമയ നിരീക്ഷണസംവിധാനം ഉണ്ടാകും.
കാരവൻ പാർക്കുകൾ പ്രൈവറ്റ്, പബ്ലിക് അല്ലെങ്കിൽ ജോയിന്റ് വെഞ്ച്വറായി വികസിപ്പിക്കും. ഒരു പാർക്കിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി 50 സെന്റും, കുറഞ്ഞത് അഞ്ച് parking bayകളുമാണ്. മറ്റു തടസ്സങ്ങളൊന്നും ഇല്ലാതെ ചുറ്റുപാടുകൾക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകൽപ്പന. സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക.
ഒരു കാരവൻ പാർക്ക് പൂർണ്ണമായും സുരക്ഷിതമായ മേഖലയായിരിക്കും. വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടില്ലാത്ത സമ്മർദ്ദരഹിതമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. കോമ്പൗണ്ട് വാൾ, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ, പട്രോളിംഗ്, നിരീക്ഷണ ക്യാമറകൾ എന്നിവയാൽ ന്യായമായ പരിരക്ഷ ഉറപ്പ് വരുത്തും. ഏത് അടിയന്തര വൈദ്യസഹായ സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടവുമായും മെഡിക്കൽ സ്ഥാപനങ്ങളുമായും പാർക്ക് ഉടമകൾക്ക് ഫലപ്രദമായ ഏകോപനം ഉണ്ടാകും.
കേരളത്തിന്റെ ടൂറിസം മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കാരവാൻ ടൂറിസത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.