ഭാവിയിലെ മൊബിലിറ്റി ഇലക്ട്രിക് തന്നെയാണ് , എന്നാൽ ഇലക്ട്രിക് മൊബിലിറ്റി വരുമ്പോൾ ഒരു ഇലക്ട്രിക് ഹൈവേ കൂടി വേണ്ടേ? ഇന്ത്യക്ക് ഉടൻ തന്നെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഡൽഹിക്കും രാജസ്ഥാനിലെ ജയ്പൂരിനുമിടയിൽ 200km ഇലക്ട്രിക് ഹൈവേ നിർമാണ പദ്ധതിയാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇലക്ട്രിക് ഹൈവേ നിർമ്മിക്കാൻ സർക്കാർ ഒരു വിദേശ കമ്പനിയുമായി ചർച്ച നടത്തുകയാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കി. ഡൽഹി-ജയ്പൂർ പാതയ്‌ക്ക് പുറമേ, ഡൽഹിയ്ക്കും മുംബൈയ്ക്കുമിടയിൽ മറ്റൊരു ഇലക്ട്രിക് ഹൈവേ നിർമ്മിക്കാനും പദ്ധതിയിടുന്നു. ഒരു സ്വീഡിഷ് കമ്പനിയുമായി ഇത് സംബന്ധിച്ച് ചർച്ച പുരോഗമിക്കുന്നു. അടുത്ത വർഷം പകുതിയോടെ നിർമാണം തുടങ്ങാനാണ് പദ്ധതിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ നയങ്ങളിൽ ലോക രാഷ്ട്രങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി ആവശ്യപ്പെട്ടിരുന്നു. ജർമനിയിലും സ്വീഡനിലും നിലവിൽ ഇലക്ട്രിക് ഹൈവേകൾ ഉപയോഗത്തിലുണ്ട്. ഇലക്ട്രിക് ഹൈവേ പദ്ധതികൾ യുകെയിലും യുഎസിലും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ നിർദ്ദിഷ്ട ഇലക്ട്രിക് ഹൈവേ പദ്ധതി ആ ദിശയിൽ ഒരു സുപ്രധാന ചുവടുവെപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നതനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങൾ എന്നാൽ കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമല്ല, ഭാവിയിൽ ബസുകൾ, ട്രക്കുകൾ, എന്നിവയും വൈദ്യുതി ഉപയോഗിച്ച് മാത്രം പ്രവർത്തിക്കാം. ഡൽഹി-ജയ്പൂർ ഇലക്ട്രിക് ഹൈവേ നിർമ്മിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിർദ്ദിഷ്ട ഇലക്ട്രിക് ഹൈവേയിലൂടെ ഇലക്ട്രിക് വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ചാർജ്ജ് ചെയ്യാൻ അനുവദിക്കുന്നു. വൈദ്യുത പ്രവാഹം ഓവർഹെഡ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഇലക്ട്രിക് ഹൈവേകളിൽ ഓവർഹെഡ് കേബിളുകൾ സ്ഥാപിക്കുന്നതിലൂടെ കാർബൺ ഉദ്‌വമനം ക്രമാതീതമായി തടയാനാകുമെന്ന് 2020 ൽ യുകെ ഗവൺമെന്റ് പ്രസിദ്ധീകരിച്ച് റിപ്പോർട്ട് പറയുന്നു. 2018 ൽ ആദ്യത്തെ ഇലക്ട്രിക് ഹൈവേ അനാവരണം ചെയ്ത സ്വീഡനിൽ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള EV ബാറ്ററികൾ സഞ്ചാരത്തിൽ ചാർജ് ചെയ്യാൻ അനുവദിക്കുന്നു. ജർമ്മനിയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ 2019 ൽ പ്രവർത്തനക്ഷമമായി. ഇവിടെ, ഹൈബ്രിഡ് ട്രക്കുകൾ സ്ട്രെച്ചിലൂടെ സഞ്ചരിക്കുമ്പോൾ പൂർണ്ണമായും ഇലക്ട്രിക് പ്രൊപ്പൽഷനിലേക്ക് മാറാൻ കഴിയും, ഹൈവേയിൽ നിന്ന് നിന്ന് പുറത്തുകടന്നാൽ ഹൈബ്രിഡ് പ്രൊപ്പൽഷനിൽ സഞ്ചരിക്കാം.
കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനുള്ള 100 മികച്ച സമകാലിക പരിഹാരങ്ങളിലൊന്നായി ഇലക്ട്രിക് മൊബിലിറ്റിയെ വിശേഷിപ്പിക്കുന്നു. ഇത് ആഗോള താപനത്തിലും പരിസ്ഥിതിയിലും പരമ്പരാഗത ഗതാഗത രീതികൾ നൽകുന്ന തീവ്രമായ ആഘാതം കുറയ്ക്കുമെന്ന് കരുതപ്പെടുന്നു.