ബഹിരാകാശമേഖല സ്വകാര്യ കമ്പനികൾക്ക് അവസരങ്ങൾ നൽകണം

ബിസിനസ് അവസരങ്ങൾക്കായി ഇന്ത്യയിലെ ബഹിരാകാശ മേഖല വികസിപ്പിക്കേണ്ടതുണ്ടെന്ന് ISRO ചെയർമാൻ എസ് സോമനാഥ്.ഇന്ത്യൻ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്ക് അവസരങ്ങൾ നൽകേണ്ടതുണ്ടെന്നും ലോകമെമ്പാടും സ്വകാര്യ കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവന്നതുപോലെ, ഇന്ത്യയിലും സമാനമായ മാറ്റങ്ങൾ ആവശ്യമാണെന്നും അതാണ് പ്രധാന അജണ്ടയെന്നും എസ് സോമനാഥ് പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ പദ്ധതിയോ ISROയോ ഇപ്പോഴുള്ളത് പോലെ മാറ്റങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സോമനാഥ് ഭാവിതലമുറയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ ബഹിരാകാശ പദ്ധതിയിൽ മാറ്റങ്ങൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. നിലവിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതി ISROയിൽ മാത്രം ഒതുങ്ങുകയാണ്. ഈ മേഖലയിലേക്ക് പുതിയ ആളുകൾ വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.സ്വകാര്യ കമ്പനികൾക്കോ വലിയ വ്യവസായങ്ങൾക്കോ ഇന്ത്യൻ ബഹിരാകാശ മേഖല ഒരു ബിസിനസ് അവസരമായി മാറണം. സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായുളള ഈ വികസനം ഒരു വലിയ ഉത്തരവാദിത്തമാണെന്നും എസ് സോമനാഥ് കൂട്ടിച്ചേർത്തു.

ബഹിരാകാശ ബജറ്റ് ഉയർത്തണം

ബഹിരാകാശ ബജറ്റ് നിലവിലെ 15,000-16,000 കോടി രൂപയിൽ നിന്ന് 20,000-50,000 കോടി രൂപയായി ഉയർത്തണമെന്നും ISRO ചെയർമാൻ പറഞ്ഞു. എന്നാൽ ബഹിരാകാശ ബജറ്റിലെ വർദ്ധന സർക്കാർ ധനസഹായം കൊണ്ടോ പിന്തുണ കൊണ്ടോ മാത്രമാകില്ല. ടെലികോം, എയർ -ട്രാവൽ മേഖലകളിൽ സംഭവിച്ചത് പോലെ തന്നെ ഇവിടെയും സംഭവിക്കണം. അതോടെ കൂടുതൽ തൊഴിലവസരങ്ങളും ഗവേഷണത്തിലും വികസനത്തിലും വർധനയുണ്ടാകുമെന്നും സോമനാഥ് പറഞ്ഞു.എന്നിരുന്നാലും, ബിഎസ്എൻഎൽ, എയർ ഇന്ത്യ എന്നിവ സ്വകാര്യവൽക്കരിക്കുന്നത് പോലെ ഐഎസ്ആർഒയെ സ്വകാര്യവൽക്കരിക്കുക എന്നല്ല ഇതിനർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്എൻഎല്ലും എയർ ഇന്ത്യയും സേവനാധിഷ്ഠിതമാണ്. അതേസമയം ഐഎസ്ആർഒ പ്രധാനമായും സാങ്കേതികവിദ്യാധിഷ്ഠിതമാണെന്നും അതിനാൽ അത് സ്വകാര്യവൽക്കരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ശിവന്റെ പിൻഗാമിയായി സോമനാഥ്

ജനുവരി 14ന് കാലാവധി പൂർത്തിയാക്കിയ കെ ശിവന്റെ പിൻഗാമിയായാണ് എസ് സോമനാഥ് ചുമതലയേറ്റത്. ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയായും ബഹിരാകാശ കമ്മീഷൻ ചെയർമാനായും എസ് സോമനാഥ് ചുമതല നിർവഹിക്കും. വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടർ ചുമതലയിൽ നിന്നാണ് സോമനാഥ് ISRO ചെയർമാനാകുന്നത്. തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കർ എന്ന അധ്യാപകന്റെയും അരൂർ സ്വദേശിനി തങ്കമ്മയുടെയും മകനാണ് സോമനാഥ്. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദവും നേടി. 1985 ൽ വിഎസ്‍എസ്‍സിയിൽ ചേർന്ന സോമനാഥ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. GSLV മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകുന്നതിനും നേതൃത്വം നൽകി. ചന്ദ്രയാൻ–1 ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറായിരുന്നു. ചന്ദ്രയാൻ–2 റോക്കറ്റ് നിർമാണത്തിലും വിക്ഷേപണത്തിലും പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ഗഗൻയാൻ,ചന്ദ്രയാൻ-3 എന്നിവ ഇനി സോമനാഥിന്റെ നേതൃത്വത്തിലായിരിക്കും നടപ്പാക്കുക.ISROചെയർമാൻ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയാണ് സോമനാഥ്. M G K മേനോൻ, ഡോ.K.കസ്‌തൂരിരംഗൻ, ഡോ.G.മാധവൻനായർ, ഡോ.K.രാധാകൃഷ്ണൻ എന്നിവരാണു മുൻ മേധാവിമാർ.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version