രത്തൻ ടാറ്റയുടെ ജന്മദിനാഘോഷ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ ക്ലിപ്പിലൂടെ വൈറലായ ഒരു ചെറുപ്പക്കാരനുണ്ട്. ഇന്ത്യയിലെ ബിസിനസ് ടൈക്കൂണായ രത്തൻ ടാറ്റയുടെ തോളിൽ ആധികാരികമായി കൈയ്യിട്ട് നിൽക്കുന്ന ശാന്തനു നായിഡു . ശാന്തനുവിനെ കുറിച്ച് അറിയാൻ ആളുകൾ ഇപ്പോഴും ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നു.. രത്തൻടാറ്റയുടെ മിലേനിയൽ ഫ്രണ്ട് എന്ന സ്ഥാനം മാത്രമല്ല 28 വയസിനുളളിൽ ഈ ചെറുപ്പക്കാരൻ നേടിയത്. ഒരു സ്കൂൾ കുട്ടിയുടെ ലുക്കാണെങ്കിലും ശാന്തനു, ടാറ്റ ട്രസ്റ്റിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരാണ്.
ആരാണ് ശാന്തനു നായിഡു ?
1993-ൽ മഹാരാഷ്ട്രയിലെ പൂനെയിലാണ് ശാന്തനു നായിഡു ജനിച്ചത്. എഞ്ചിനീയർ, ജൂനിയർ അസിസ്റ്റന്റ്, DGM, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, എഴുത്തുകാരൻ, സംരംഭകൻ എന്നിങ്ങനെ വിശേഷണങ്ങളുടെ ഒരു നീണ്ട നിര തന്നെ ശാന്തനുവിന്റെ പേരിനൊപ്പമുണ്ട്. Cornell യൂണിവേഴ്‌സിറ്റിയിൽ നിന്ന് MBA ബിരുദം നേടിയ ശന്തനു നായിഡു ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ചാം തലമുറ അംഗമാണ്. 2017 ജൂൺ മുതലാണ് ശാന്തനു, ടാറ്റ ട്രസ്റ്റിന്റെ ഭാഗമായതെന്ന് LinkedIn പ്രൊഫൈൽ പറയുന്നു. കൂടാതെ Tata Elxsi യിൽ ഡിസൈൻ എഞ്ചിനീയറായും ശാന്തനു പ്രവർത്തിച്ചിട്ടുണ്ട്.
നായസ്നേഹം ഇരുവരെയും അടുപ്പിച്ചു
എന്നാൽ ശാന്തനുവും രത്തൻ ടാറ്റയും കണ്ടുമുട്ടാൻ ഇടയാക്കിയത് ഇരുവരുടെയും നായ്ക്കളോടുളള സ്നേഹമാണ്. തെരുവ് നായ്ക്കൾക്കായി റിഫ്ലക്ടറുകൾ ഉളള ഡോഗ് കോളറുകൾ നിർമ്മിച്ചതാണ് വഴിത്തിരിവായത്. രാത്രിയിൽ തെരുവ് നായ്ക്കൾക്കുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി നായ്ക്കൾക്കായി ഗ്ലോ ഇൻ ദ ഡാർക്ക് കോളർ നിർമ്മിക്കുന്ന Motopaws എന്ന കമ്പനി തന്റെ സുഹൃത്തുക്കളോടൊപ്പം ശാന്തനു ആരംഭിച്ചു. പൂനെയിലെ വീടുകളിൽ നിന്ന് ഡെനിം പാന്റ്‌സുകൾ ശേഖരിച്ച് 500 റിഫ്‌ളക്‌റ്റീവ് കോളറുകളാണ് ഉണ്ടാക്കിയത്. ഈ കോളർ ധരിച്ച നായ്ക്കളെ രാത്രിയിൽ തെരുവ് വിളക്കുകൾ പോലും ഇല്ലാത്ത വഴികളിൽ പോലും ദൂരെ നിന്ന് കാണാമായിരുന്നു. ഈ ആശയം തൽക്ഷണം ഹിറ്റായി,ഇതിലൂടെ ധാരാളം നായ്ക്കളെ രക്ഷിക്കാൻ കഴിഞ്ഞു. പക്ഷേ പ്രോജക്റ്റിനായി ഫണ്ടിംഗ് കുറവായതിനാൽ ധാരാളം കോളറുകൾ നിർമ്മിക്കാൻ ശാന്തനുവിന്റെ കമ്പനിക്ക് കഴിഞ്ഞില്ല. ടാറ്റ ഗ്രൂപ്പിലെ ജീവനക്കാരനായ പിതാവിന്റെ ഉപദേശത്തെ തുടർന്ന് മടിയോടെ ആണെങ്കിലും നായ സ്നേഹി കൂടിയായ രത്തൻ ടാറ്റയ്ക്ക് ശാന്തനു ഒരു കത്തെഴുതി. രണ്ട് മാസത്തിന് ശേഷം മുംബൈയിലേക്ക് കൂടിക്കാഴ്ചക്ക് ക്ഷണിച്ചുകൊണ്ട് രത്തൻ ടാറ്റയിൽ നിന്ന് ഒരു മറുപടി ശാന്തനുവിന് ലഭിച്ചു. കൂടിക്കാഴ്ചയിൽ രത്തൻ ടാറ്റ ശാന്തനുവിന്റെ ആശയത്തിന്റെ ആരാധകനായതോടെ ആ സംരംഭകന്റെ ജീവിതവും മാറി മറിഞ്ഞു. ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും സംരംഭത്തിനായി രത്തൻ ടാറ്റ ഫണ്ട് ചെയ്യുകയും ചെയ്തു. ഇന്ന്, Motopaws 20-ലധികം നഗരങ്ങളിലും 4 രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്ന സംരംഭമാണ്.
ടാറ്റയെ സേവിക്കാൻ തീരുമാനം
യുഎസിലേക്ക് മാസ്റ്റർ ബിരുദ പഠനത്തിന് പോയപ്പോൾ മടങ്ങിയെത്തുമ്പോൾ തന്റെ സേവനം ടാറ്റാ ട്രസ്റ്റിന് വേണ്ടി ആകുമെന്ന് രത്തൻ ടാറ്റയ്ക്ക് ശാന്തനു വാക്ക് നൽകിയിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശാന്തനുവിനോട് രത്തൻ ടാറ്റ ചോദിച്ചത് എന്റെ ഓഫീസിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. നിനക്ക് എന്റെ അസിസ്റ്റന്റ് ആകാൻ ആഗ്രഹമുണ്ടോ? എന്നായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ശാന്തനു നായിഡുവിലേക്കുളള പരിണാമം. ശാന്തനുവിനെ പോലെ നല്ല ആശയങ്ങളുടെ ആരാധകനായ രത്തൻ ടാറ്റ രാജ്യത്തെ മികച്ച സ്റ്റാർട്ടപ്പുകളിലെ നിക്ഷേപകനും കൂടിയാണ്. സ്റ്റാർട്ടപ്പുകളെ നിക്ഷേപത്തിന് തിരഞ്ഞെടുക്കുവാൻ രത്തൻ ടാറ്റയെ സഹായിക്കുന്നത് ശാന്തനു നായിഡുവാണ്.
യുവാക്കളെ പ്രചോദിപ്പിക്കുന്ന ശാന്തനു
സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കാൻ ഭയപ്പെടുന്ന യുവാക്കളെ പ്രചോദിപ്പിക്കുവാൻ കോവിഡ് -19 ലോക്ക്ഡൗണിനിടയിൽ ഓൺ യുവർ സ്പാർക്ക്സ് എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു വെബിനാറിനും ശാന്തനു നായിഡു തുടക്കം കുറിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ വ്യവസായലോകത്ത് തന്റേതായ ഇടം നേടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഒരുപക്ഷേ ഏതൊരാളും ആഗ്രഹിക്കുന്ന അസൂയപ്പെടുന്ന സ്ഥാനം. ഇതൊന്നുമല്ല ‘I came upon a lighthouse’ എന്നൊരു പുസ്തകവും ശാന്തനു നായിഡു എഴുതി. രത്തൻ ടാറ്റയ്‌ക്കൊപ്പമുളള തന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ചെറിയൊരു കണ്ണാടിയാണ് ആ പുസ്തകമെന്ന് ശാന്തനു പറയുന്നു.