channeliam.com

രാജ്യത്ത് യാത്രാ വാഹന കയറ്റുമതിയിൽ വർദ്ധനവ്;മാരുതി സുസുക്കി ഇന്ത്യയ്ക്ക് നേട്ടം

യാത്രാവാഹന കയറ്റുമതിയിൽ 46 ശതമാനം വർദ്ധനവ്

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ വർദ്ധനവ്. ഏപ്രിൽ-ഡിസംബർ മാസ കാലയളവിൽ യാത്രാ വാഹന കയറ്റുമതി 46 ശതമാനം വർധിച്ചു. 2021-22 ഏപ്രിൽ-ഡിസംബർ കാലയളവിൽ മൊത്തം പാസഞ്ചർ വെഹിക്കിൾ കയറ്റുമതി 4,24,037 യൂണിറ്റായിരുന്നു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 2,91,170 യൂണിറ്റായിരുന്നു. മൊത്തമുളള യൂട്ടിലിറ്റി വാഹന കയറ്റുമതി 47 ശതമാനം ഉയർന്ന് 1,46,688 യൂണിറ്റിലെത്തി. പാസഞ്ചർ കാറുകളുടെ മാത്രം കയറ്റുമതിയിൽ 45 ശതമാനം വർദ്ധനവുണ്ടായി. 2,75,728 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2021-22 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ വാനുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 877 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 1,621 യൂണിറ്റായി.

നേട്ടം കൊയ്ത് മാരുതി സുസുക്കി

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയാണ് പാസഞ്ചർ വെഹിക്കിൾ കയറ്റുമതിയിൽ മുന്നിൽ. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയും കിയ ഇന്ത്യയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം പിടിച്ചു. പാസഞ്ചർ വെഹിക്കിളിൽ ഏകദേശം 1,67,964 യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യ കയറ്റുമതി നടത്തിയത്. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 59,821 യൂണിറ്റുകളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയായി. കൂടാതെ, ഒമ്പത് മാസ കാലയളവിൽ കമ്പനി 1,958 സൂപ്പർ കാരി (LCV) യൂണിറ്റുകൾ കയറ്റി അയച്ചു. മാരുതി സുസുക്കി ഇന്ത്യയുടെ മുൻനിര പാസ‍ഞ്ചർ വെഹിക്കിൾ കയറ്റുമതി വിപണികളിൽ ലാറ്റിൻ അമേരിക്ക, ASEAN, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അയൽ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു, അതേസമയം മാരുതി സുസുക്കിയുടെ മികച്ച അഞ്ച് കയറ്റുമതി മോഡലുകളിൽ ബലേനോ, ഡിസയർ,സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ബ്രെസ്സ എന്നിവ ഉൾപ്പെടുന്നു.

മൊത്തത്തിലുള്ള മേക്ക് ഇൻ ഇന്ത്യ കാഴ്ചപ്പാടിന്റെ ഭാഗമായി പ്രാദേശികവൽക്കരണം വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുമുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നീക്കം ഗുണം ചെയ്തെന്ന് MSI എക്‌സിക്യൂട്ടീവ് ഡയറക്ടർ (കോർപ്പറേറ്റ് അഫയേഴ്‌സ്) രാഹുൽ ഭാരതി പറഞ്ഞു. ഇത് മാത്രമല്ല, 2021 കലണ്ടർ വർഷത്തിൽ, മാരുതി സുസുക്കി 2,05,450 വാഹനങ്ങൾ കയറ്റുമതി ചെയ്തു, ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കയറ്റുമതി ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കുക, കൂടുതൽ രാജ്യങ്ങളിലേക്കും വിപണികളിലേക്കും എത്തിച്ചേരുക, വിതരണ ശൃംഖല വികസിപ്പിക്കുക എന്നിവയെല്ലാം MSI യുടെ ലക്ഷ്യങ്ങളാണെന്ന് രാഹുൽ ഭാരതി വ്യക്തമാക്കി.

ഹ്യുണ്ടായിയും കിയയും തൊട്ടുപിന്നിലുണ്ട്

2021-22 ഏപ്രിൽ-ഡിസംബർ കാലയളവിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിദേശ കയറ്റുമതി 1,00,059 യൂണിറ്റായിരുന്നു, മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർധനയാണ് കമ്പനി നേടിയത്. അവലോകന കാലയളവിൽ ആഗോള വിപണികളിലുടനീളം കിയ ഇന്ത്യ 34,341 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 28,538 യൂണിറ്റായിരുന്നു.ഏപ്രിൽ-ഡിസംബർ കാലയളവിൽ 29,796 യൂണിറ്റുകളാണ് ഫോക്‌സ്‌വാഗൺ ഇന്ത്യ കയറ്റുമതി ചെയ്തത്.

ഒക്ടോബർ-ഡിസംബർ മൂന്നാം പാദത്തിൽ മൊത്തം പാസഞ്ചർ വെഹിക്കിൾ കയറ്റുമതി 1,39,363 യൂണിറ്റായി ഉയർന്നു. 2020-21 ലെ ഇതേ കാലയളവിൽ 1,36,016 യൂണിറ്റായിരുന്നു. എന്നാലും ഡിസംബറിൽ, വിദേശത്തേക്കുളള മൊത്തം പാസഞ്ചർ വെഹിക്കിൾ ഷിപ്പ്മെന്റ് 2020 ഡിസംബറിലെ 57,050 യൂണിറ്റിൽ നിന്ന് 54,846 യൂണിറ്റായി കുറഞ്ഞിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com