channeliam.com

 

വ്യത്യസ്തനാണീ ബാർബർ ജി. രമേഷ് ബാബു

ബില്യണയർ ബാർബർ G.Ramesh Babu-വിന്റെ വിജയഗാഥ ആരെയും അതിശയിപ്പിക്കുന്നതാണ്.ഫോബ്സിന്റെ കണക്കനുസരിച്ച് റോൾസ് റോയ്സ്, മെഴ്സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ ഹൈ-എൻഡ് ബ്രാൻഡുകൾ ഉൾപ്പെടെ 400 ലധികം കാറുകളുള്ള ഇന്ത്യയിലെ 140 ശതകോടീശ്വരന്മാരിൽ ഒരാളാണ് ഈ ബാർബർ.

ദരിദ്ര ബാല്യം, ചെയ്യാത്ത ജോലികളില്ല

ബെംഗളൂരുവിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് രമേഷ് ബാബു ജനിച്ചത്. ബ്രിഡ്ജ് റോഡിലുള്ള സലൂണിൽ ബാർബറായിരുന്നു അച്ഛൻ. രമേഷ്ബാബു രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹൃദയാഘാതം മൂലം അച്ഛൻ മരിക്കുന്നത്. അച്ഛന്റെ മരണശേഷം മക്കളെ പോറ്റാൻ അമ്മ വീട്ടുജോലിക്ക് പോയി തുടങ്ങി. പ്രതിമാസം 40-50 രൂപ സമ്പാദ്യത്തിൽ വസ്ത്രങ്ങൾ, പുസ്‌തകങ്ങൾ, ഫീസ് തുടങ്ങി എല്ലാത്തിനും ആ കുടുംബം കഷ്ടപ്പെട്ടു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാണ് രമേഷ്ബാബുവും സഹോദരനും സഹോദരിയും.വളർന്നത്. നോക്കി നടത്താൻ ആകാത്തതിനാൽ അമ്മ ബാർബർഷോപ്പ് ഒരു ദിവസം 5 രൂപയ്ക്ക് വാടകയ്ക്ക് നൽകി. കുടുംബത്തിന് സഹായമാകാൻ 13-ാം വയസ്സ് മുതൽ രമേഷ് ബാബു വിവിധ ജോലികൾ ചെയ്യാൻ തുടങ്ങി. പാർട്ട് ടൈം പത്രവിതരണം, പാൽ വിതരണം തുടങ്ങിയവയെല്ലാം അക്കാലത്ത് ചെയ്തു. ഇതിനിടയിലും പത്താംക്ലാസ് പഠനം പൂർത്തിയാക്കി.തുടർന്ന് പഠിക്കാതെ കുടുംബം പോറ്റാൻ പിതാവിന്റെ ബാർബർ ഷോപ്പ് നോക്കി നടത്താൻ തീരുമാനിച്ചു.1989-ൽ അമ്മാവനിൽ നിന്ന് സലൂൺ ഏറ്റെടുത്തു. വിജയിക്കാനുള്ള നിശ്ചയദാർഢ്യമല്ലാതെ മറ്റൊന്നും കയ്യിലില്ലാതെ സലൂണിൽ രമേഷ്ബാബു പുതിയ തുടക്കം കുറിച്ചു. ഇതിനിടയിലും അമ്മയുടെ പ്രോത്സാഹനത്താൽ രമേഷ് ബാബു ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമ കോഴ്‌സിന് ചേരുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 6 മണിക്ക് സലൂൺ തുറക്കും, പിന്നെ, 10 മണിക്ക് കോളേജിലേക്ക് പോകും, വൈകുന്നേരം എത്തിയാൽ അർദ്ധരാത്രി വരെ വീണ്ടും സലൂണിൽ, ഇതായിരുന്നു അന്നത്തെ രീതി. പിന്നീട് 2004 കാലത്ത് ഹെയർകട്ട് & ഹെയർസ്റ്റൈലിംഗ് പഠിക്കാൻ രമേഷ് ബാബു സിംഗപ്പൂരിലും പോയിരുന്നു. ഹെയർസ്റ്റൈലിംഗിൽ തന്റേതായ രീതികളും വികസിപ്പിച്ചെടുത്തു. ഹെയർസ്റ്റൈലിംഗ് കോഴ്സുകളും തുടങ്ങി. ഇന്ന് “ഇന്നർ സ്പേസ്” എന്ന് പേരിട്ടിരിക്കുന്ന ഹെയർ സ്റ്റൈലിംഗിൽ പേരുകേട്ട ആ സലൂണിൽ രാഷ്ട്രീയക്കാർ,സൈനിക ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ മുതൽ ബോളിവുഡ് താരങ്ങൾ വരെയെത്തുന്നു.

മുടി വെട്ടി കാറു വാങ്ങി, ജീവിതത്തിൽ എന്നു റിസ്ക്കെടുക്കാൻ ഇഷ്ടം

1993ലാണ് ഒരു കാർ വാങ്ങാൻ രമേഷ്ബാബു പദ്ധതിയിട്ടത്. തന്റെ ചെറിയ സമ്പാദ്യത്തിൽ നിന്നും കുടുംബവീട് പണയപ്പെടുത്തിയും ഒരു മാരുതി ഒമ്നി വാൻ വാങ്ങി.കാർ ലോണിന്റെ EMI ഏകദേശം 6,800 രൂപ ആയിരുന്നു, ഒരു ബാർബറുടെ പ്രതിമാസവരുമാനം കൊണ്ട് EMI അടക്കാൻ പറ്റാതെ വന്നപ്പോൾ ഒമ്നി വാൻ വാടകയ്ക്ക് കൊടുക്കുക എന്ന ആശയം രമേഷ്ബാബുവിന് ലഭിക്കുന്നത്. അങ്ങനെ 1994 ൽ ഇന്റൽ കോർപ്പറേഷന് കാർ വാടകയ്‌ക്ക് നൽകി. അങ്ങിനെ കാർ റെന്റൽ ബിസിനസിലേക്ക് കൂടി രമേഷ്ബാബു കടന്നു വന്നു. 1994 നും 2004 നും ഇടയിൽ, കർണാടക സ്റ്റേറ്റ് ഫിനാൻസ് കോർപ്പറേഷന്റെ സഹായത്തോടെ, രമേഷ് ബാബു ഏഴ് കാറുകൾ കൂടി വാങ്ങി, കാർ റെന്റൽ ബിസിനസ്സ് അങ്ങനെ നന്നായി നീങ്ങി. 2000-ത്തിലാണ് മെഴ്‌സിഡസ് ഇന്ത്യയിൽ നിന്ന് ഒരു മോഡൽ വാങ്ങാൻ രമേഷ് ബാബുവിന് ഒരു പ്രൊപ്പോസൽ ലഭിച്ചത്. തന്റെ സമ്പാദ്യമെല്ലാം ചേർത്ത് ബാക്കി തുക കർണാടക സ്റ്റേറ്റ് ഫിനാൻസ് കോർപ്പറേഷൻ ബാങ്ക് ലോൺ വഴി സമാഹരിച്ചു. 38 ലക്ഷം രൂപയ്ക്ക് മെഴ്‌സിഡസ് ഇ-ക്ലാസ് ആഡംബര സെഡാൻ വാങ്ങി. അതൊരു വലിയ തെറ്റാണെന്ന് അന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അതൊരു അവസരമായാണ് രമേഷ്ബാബു കണ്ടത്. നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, റിസ്ക് എടുക്കാൻ നിങ്ങൾ തയ്യാറായിരിക്കണം എന്നാണ് രമേഷ്ബാബു പറയുന്നത്. 2011ൽ മറ്റൊരു ആഡംബര കാറായ റോൾസ് റോയ്‌സ് വാങ്ങി.ഇക്കുറി ഭാര്യയുടെ ആഭരണങ്ങളെല്ലാം പണയപ്പെടുത്തേണ്ടി വന്നു.

ഇന്ന് 400-ലധികം വരുന്ന വാഹന ശേഖരം

ഇന്ന്, രമേഷ് ബാബുവിന്റെ 400-ലധികം വരുന്ന വാഹന ശേഖരത്തിൽ മിനി-ബസ്സുകൾ, വാനുകൾ, വിന്റേജ് കാറുകൾ, മെഴ്‌സിഡസ് സി, ഇ, എസ് ക്ലാസ്, കോണ്ടസ്സ, റോൾസ് റോയ്‌സ് സിൽവർ ഗോസ്റ്റ്, ഓഡി, ജാഗ്വാർ ലാൻഡ് റോവർ, ബിഎംഡബ്ല്യു 5, 6, 7 സീരീസ് എന്നിവയുൾപ്പെടുന്നു.
ഇറക്കുമതി ചെയ്ത ടൊയോട്ട മിനി ബസുകളുടെയും മെഴ്‌സിഡസ് വാനുകളുടെയും ശേഖരവുമുണ്ട്. 16 ലക്ഷം രൂപ വിലമതിക്കുന്ന സുസുക്കി ഇൻട്രൂഡർ എന്ന ഹൈ എൻഡ് ബൈക്കും രമേഷ് ബാബുവിനുണ്ട്.ഇന്ന്, രമേഷ് ടൂർസ് & ട്രാവൽസ് ഡൽഹിയിലും ചെന്നൈയിലും ബെംഗളൂരുവിലും വിജയകരമായി പ്രവർത്തിക്കുന്നു, വിജയവാഡയും ഹൈദരാബാദും കൂടി ബിസിനസിന് പദ്ധതിയിടുന്നു.

ജോലിയെ മാന്യതയോടെ കാണുന്നു ഈ മനുഷ്യൻ

നിരവധി അവാർഡുകളും ബഹുമതികളും നേടിയിട്ടുണ്ടെങ്കിലും വാരാന്ത്യത്തിലെ പ്രഭാതങ്ങളിൽ, രമേഷ് ബാബു തന്റെ ബാർബർ ഷോപ്പിൽ 150 രൂപയ്ക്ക് മുടിവെട്ടുന്നത് ഇപ്പോഴും കാണാം. മകനെയും പെൺമക്കളെയും ഹെയർസ്റ്റൈലിംഗിൽ വിദഗ്ധരുമാക്കിയിരിക്കുന്നു. Work is Worship എന്നതാണ് രമേഷ്ബാബുവിന്റെ വിജയമന്ത്രം. ഒരു സാധാരണ ബാർബർ അസാധാരണമായ സമ്പത്തുള്ള ഒരു സംരംഭകനായ ഈ വിജയഗാഥ തീർച്ചയായും നിങ്ങളെയും പ്രചോദിപ്പിക്കുമെന്നുറപ്പാണ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com