സാമ്പത്തിക വളർച്ചയിൽ ഇന്ത്യക്ക് കരുത്തായ ഏറ്റവും വലിയ 10 കമ്പനികൾ ഏതെല്ലാമാണ്?
ജിഡിപിയിൽ കുതിപ്പ് നൽകിയ കമ്പനികൾ
2021 സെപ്റ്റംബറിൽ 13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോൾ, 3.05 ട്രില്യൺ ഡോളർ ജിഡിപിയുമായി ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യ. 2009-ൽ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ ഗ്രൂപ്പായ ബ്രിക്സിൽ ഇന്ത്യ ആദ്യമായി ചേരുമ്പോൾ ജിഡിപി 1.3 ട്രില്യൺ ഡോളറിലായിരുന്നു. ജിഡിപിയിൽ ഇന്ത്യയുടെ വളർച്ചയെ നയിക്കുന്നതും ആ വളർച്ചയ്ക്കൊപ്പം ഉയരുന്നതുമായ പ്രധാന വ്യവസായങ്ങളും കമ്പനികളും ഏതൊക്കെയാണ്? ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ ഏറ്റവും വലിയ 10 കമ്പനികളെ കുറിച്ചറിയാം.
റിലയൻസും ടാറ്റയും മുന്നിൽ
2021 ഒക്ടോബറിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പൊതു കമ്പനികളുടെ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത് രണ്ട് വമ്പൻ കമ്പനികളാണ്. 231 ബില്യൺ ഡോളർ വിപണി മൂലധനമുള്ള റിലയൻസ് ഇൻഡസ്ട്രീസും 187 ബില്യൺ ഡോളർ വിപണി മൂലധനമുള്ള ടാറ്റ ഗ്രൂപ്പും. ടെക്സ്റ്റൈൽ പ്രൊഡക്ഷനിൽ തുടക്കമിട്ട റിലയൻസ് പെട്രോകെമിക്കൽസ്, നാച്വറൽ ഗ്യാസ്, ഇ-കൊമേഴ്സ്, റീട്ടെയിൽ, ടെലികോം, മാസ് മീഡിയ എന്നിവയിലും ഇപ്പോൾ കരുത്തരാണ്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനിയെ 100 ബില്യൺ ഡോളറിലധികം ആസ്തിയുള്ള ഏഷ്യയിലെ അതിസമ്പന്നനാക്കിയത് വൈവിധ്യം നിറഞ്ഞ റിലയൻസ് സാമ്രാജ്യമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കൂട്ടായ്മ, ഉപ്പ് മുതൽ IT വരെയുളള ടാറ്റ ഗ്രൂപ്പാണെന്ന് പറയേണ്ടി വരും. ടാറ്റാ കൺസൾട്ടൻസി സർവീസസിലൂടെ ഇൻഫർമേഷൻ ടെക്നോളജിയാണ് ടാറ്റാ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സ്.
വിമാനം, കൺസ്യൂമർ പ്രോഡക്ട്സ്, ജ്യുവലറി,ഹോട്ടൽസ്,കമ്യൂണിക്കേഷൻ, എനർജി എന്നിവയിലെല്ലാമായി 25-ലധികം അനുബന്ധ സ്ഥാപനങ്ങളുണ്ട്. ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ്, കൂടാതെ ദക്ഷിണ കൊറിയയിലെ Daewooവിന്റെയും യുകെയിലെ ജാഗ്വാർ ലാൻഡ് റോവറിന്റെയും ഉടമയാണ്. മാർക്കറ്റ് ക്യാപിറ്റലിൽ ഫിനാൻഷ്യൽ സോഫ്റ്റ്‌വെയർ ഡെവലപ്പറും കൺസൾട്ടന്റുമായ ഇൻഫോസിസും പേഴ്സണൽ കെയർ കമ്പനിയായ ഹിന്ദുസ്ഥാൻ യുണിലിവറും യഥാക്രമം നാലും( $94.4B) അഞ്ചും ($85.6B) സ്ഥാനങ്ങളിലാണ്.
സാമ്പത്തിക മേഖലയിൽ നിന്നുളള കരുത്തർ
പ്രമുഖ കമ്പനികൾ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ 10 കമ്പനികളിൽ ആറെണ്ണവും സാമ്പത്തിക മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നവയാണ്. 135.1 ബില്യൺ ഡോളർ വിപണി മൂലധനമുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കാണ് അതിലൊന്ന്. വിപണി മൂലധനത്തിൽ ആറാം റാങ്കുള്ള കമ്പനിയായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ കീഴിലുളള എച്ച്ഡിഎഫ്‌സി ബാങ്ക് ആസ്തികളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കാണ്. മാർക്കറ്റ് ക്യാപിന്റെ അടിസ്ഥാനത്തിൽ എച്ച്ഡിഎഫ്എസി ബാങ്ക് മൂന്നാം സ്ഥാനത്തുമാണ്. എച്ച്‌ഡിഎഫ്‌സിക്ക് പുറമേ, യുകെയിലും കാനഡയിലും ഉപസ്ഥാപനങ്ങളുളള ഐസിഐസിഐ ബാങ്ക്, വാണിജ്യ വായ്പ നൽകുന്ന കമ്പനിയായ ബജാജ് ഫിനാൻസ്, രാജ്യത്തെ ആദ്യത്തെ ദേശീയ ബാങ്കും ഏറ്റവും വലിയ ബാങ്കുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്നിവയും ആദ്യ പത്തിൽ ഉൾപ്പെടുന്നു.
ഇനിയും വളരട്ടെ
കാർഷിക മേഖലയ്ക്കും ഇന്ത്യൻ ജിഡിപിയിൽ പങ്കുണ്ട്. രാജ്യത്തിന്റെ ജിഡിപിയുടെ 18.1% കാർഷിക മേഖലയാണ്. സർവീസ് സെക്ടർ 55.6%, ഇൻഡസ്ട്രിയൽ സെക്ടർ 26.3% എന്നിങ്ങനെയാണ് ജിഡിപിയിലെ സ്ഥാനം. ദ്രുതഗതിയിലുളള സാമ്പത്തിക വളർച്ചയിൽ കമ്പനികളുടെ വിപണി മൂലധനം മാറി മറിഞ്ഞേക്കാം. ജിഡിപിയിൽ ഇന്ത്യയുടെ വളർച്ചയെ നയിക്കാൻ കെൽപ്പുളള രാജ്യത്തെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയിൽ ഇടംപിടിക്കാൻ ഇനിയും സാധ്യതയുളള കമ്പനികൾ വളർച്ചാ പാതയിലുണ്ടെന്നതാണ് ശ്രദ്ധേയമാകുന്നത്.