രാജ്യസുരക്ഷക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ; ഫ്രീ ഫയറിനും നിരോധനം
ഫ്രീ ഫയറിനും നിരോധനം
രാജ്യസുരക്ഷക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിരോധിച്ച ആപ്പുകളിൽ ടെൻസെന്റ്, ആലിബാബ, ഗെയിമിംഗ് കമ്പനി നെറ്റ് ഈസ് തുടങ്ങിയ വൻകിട ചൈനീസ് കമ്പനികളുടെ ആപ്പുകളും ഉൾപ്പെടുന്നു. നിരോധിക്കപ്പെട്ടവയിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈൽ ഗെയിമുകളിൽ ഒന്നായ ഫ്രീ ഫയർ ഉൾപ്പെടുന്നു. 2020-മുതൽ ഇന്ത്യയിൽ നിരോധിച്ചിരുന്ന ആപ്പുകളുടെ പുതിയ വേർഷനുകളും നിരോധിക്കപ്പെട്ടവയിൽ ഉണ്ട്. പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം ഈ ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകളോടു നിർദ്ദേശിച്ചിട്ടുണ്ട്.
നിരോധിച്ച ആപ്പുകളിൽ ചിലത്
54 ചൈനീസ് ആപ്പുകളിൽ ചിലത് ഇവയാണ്- സ്വീറ്റ് സെൽഫി HD, ബ്യൂട്ടി ക്യാമറ – സെൽഫി ക്യാമറ, വിവ വീഡിയോ എഡിറ്റർ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, കാംകാർഡ്, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരേന, ആപ്പ് ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ്.
ജനപ്രിയമായ ഫ്രീ ഫയർ
PUBG-യുമായി താരതമ്യപ്പെടുത്തുമ്പോൾ ബാറ്റിൽ റോയൽ ഷൂട്ടറായ ഫ്രീ ഫയർ, ഗൂഗിൾ പ്ലേയിൽ ഒരു ബില്യണിലധികം ഡൗൺലോഡുകളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ മൊബൈൽ ഗെയിമുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷമാണ് PUBG മൊബൈലിന് നിരോധനമേർപ്പെടുത്തിയത്. 2020 ജൂൺ മുതൽ, TikTok, Shareit, WeChat, Helo, Likee, UC News, Bigo Live, UC Browser, ES File,AliExpres,Weibo തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ മൊത്തം 224 ആപ്പുകൾ സർക്കാർ ആദ്യറൗണ്ടിൽ നിരോധിച്ചിട്ടുണ്ട്. 59 ആപ്പുകൾ ആദ്യഘട്ടത്തിലും സെപ്റ്റംബറിൽ 118 ആപ്പുകളും പിന്നീട് നവംബറിൽ 43 ആപ്പുകളും നിരോധിച്ചിരുന്നു. ഗാൽവൻ വാലിയിൽ ചൈനയുമായി നിലനിന്നിരുന്ന സംഘർഷങ്ങളെ തുടർന്നായിരുന്നു ആപ്പ് നിരോധനം.