പത്താംക്ലാസ് ഫെയിൽ. അറിയാവുന്ന ഭാഷ മലയാളം മാത്രം. എന്നിട്ടും ആമിനയുടെ ട്രാവൽമേറ്റ് യാത്രകൾ ചെയ്തുകൊണ്ടേയിരിക്കുന്നു. വുമൺ ഒൺലി ടൂർസ് ആന്റ് ട്രാവൽസ് ട്രാവൽമേറ്റിന്റെ കഥയറിയാം.
ആമിനയുടെ ജീവിതമാണ് -My Travel Mate
യാത്രകൾ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. തനിച്ചുളള യാത്രകൾ പൊതുവേ സ്ത്രീകളെ സംബന്ധിച്ച് അപ്രാപ്യമായ ഒന്നായിട്ടാണ് നമ്മുടെ സമൂഹത്തിൽ കണക്കാക്കപ്പെടുന്നത്. അവിടെയാണ് മൈ ട്രാവൽ മേറ്റ് എന്ന വുമൺ ഒൺലി ടൂർസ് ആന്റ് ട്രാവൽസ് ശ്രദ്ധ നേടുന്നത്. ട്രാവൽ ആന്റ് ടൂറിസം രംഗം പലപ്പോഴും വമ്പൻ കമ്പനികളുടെ കുത്തകയാണ്. കടുത്ത കിടമത്സരമുളള അവിടെ ആമി എന്ന ആമിനയുടെ മൈ ട്രാവൽ മേറ്റ് എങ്ങനെ വിജയം നേടിയെന്നത് ത്രസിപ്പിക്കുന്ന പ്രചോദിപ്പിക്കുന്ന ഒരു വിജയകഥയാണ്.
പ്രചോദനമായത് വിദേശികൾ
മലപ്പുറം ജില്ലയിലെ തിരൂരിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിലെ പെൺകുട്ടി. വിദ്യാഭ്യാസം പത്താംക്ലാസ് ഫെയിൽ. അറിയാവുന്ന ഭാഷ മലയാളം. യാത്രകളോട് നിറഞ്ഞ ഇഷ്ടം. പോയിട്ടുളള രാജ്യങ്ങൾ.. മലേഷ്യ, സിംഗപ്പൂർ, ദുബായ്,തായ്ലന്റ്….പട്ടിക നീളുന്നു. ഇതൊരു അതിശയോക്തി കലർന്ന കഥയല്ല, ആമിനയുടെ ജീവിതമാണ്. ആ ജീവിതമാണ് മൈ ട്രാവൽമേറ്റ് എന്ന സംരംഭത്തിന്റെയും കഥ. എല്ലാവരും പരിമിതികൾ എന്ന് പറയുന്ന പല ഘടകങ്ങളും ഉണ്ടായിട്ടും ആമിനക്ക് വിജയിക്കാനായത് ഒരേയൊരു കാര്യം കൊണ്ടാണ്. ആമിനയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരുപാട് വിദ്യാഭ്യാസം വേണമെന്നില്ല ധൈര്യമാണ് വേണ്ടത്, എന്ത് കേട്ടാലും പിന്തിരിയില്ല എന്ന ധൈര്യം. യാത്രകളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആമിന ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ കൂടിയാണ് സോളോ ട്രിപ്പ് പ്ലാൻ ചെയ്യുന്നത്.
എന്താണ് തായ്ലന്റ് എന്നറിയാനുളള ആകാംക്ഷയിൽ നടത്തിയ ആ യാത്ര 2013-ൽ. ഇന്ത്യക്ക് പുറത്ത് തന്റെ ആദ്യ ട്രിപ്പിന് ആമിന പണം കണ്ടെത്തിയത് കയ്യിലുളള സ്വർണം പണയം വച്ചിട്ടായിരുന്നു. ആ എട്ട് ദിവസത്തെ യാത്രയാണ് ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ വരുത്തിയതെന്ന് ആമിന പറയും. കുറച്ച്കാലം ജോലി ചെയ്ത് ആ പണം കൂട്ടി വച്ച് പിന്നീട് യാത്രകൾ നടത്തുന്ന വിദേശികളാണ് ആമിനക്ക് പ്രചോദനമായത്. തായ്ലന്റിൽ വച്ച് പല രാജ്യങ്ങളിൽ നിന്നു വന്ന അത്തരം നിരവധി സ്ത്രീകളെ കണ്ടു. പലരും സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് എത്തിയവർ. തിരികെ നാട്ടിലെത്തുമ്പോൾ ആമിനയുടെ മനസിൽ ട്രാവൽ -ടൂറിസത്തിൽ ഒരു സംരംഭത്തിന്റെ വിത്ത് വീണിരുന്നു. എന്നാൽ സുഹൃത്തുകൾ പലരും നിരുത്സാഹപ്പെടുത്തി. നിനക്കെന്താ വട്ടാണോ നിന്നെകൊണ്ട് ഇതൊക്കെ പറ്റുമോ, ആൾക്കാരുമായിട്ടൊക്കെ പോകുമ്പോൾ എന്ത് ഭാഷ സംസാരിക്കും, എന്നിങ്ങനെ നാലുപാട് നിന്നും നൂറ് ചോദ്യങ്ങൾ വന്നു.
കാരണം ഭാഷ എന്നത് യാത്രയിൽ ഒരു വലിയ ഘടകമായിരുന്നു. അവിടെ എന്ത് ഭാഷ സംസാരിക്കുംം എന്നത് കുറച്ചൊരു ബുദ്ധിമുട്ടായെങ്കിലും തനിക്ക് സ്വതന്ത്രമായി യാത്ര ചെയ്യണമെങ്കിൽ ഇത് തുടങ്ങിയേ പറ്റുവെന്നതായിരുന്നു ആമിനയുടെ ചിന്ത. ഒടുവിൽ സുഹൃത്തുമായി ചേർന്ന് സംരംഭം തുടങ്ങി. മൂന്ന് നാല് ട്രിപ്പൊക്കെ ഒരുമിച്ച് പോയപ്പോൾ ഉണ്ടായ സ്വരചേർച്ചയില്ലായ്മ പാർട്ണർഷിപ്പ് പിരിച്ചു. അതോടെ ആമിന മൈ ട്രാവൽമേറ്റ് എന്ന പേരിൽ സ്വന്തം സംരംഭത്തിന് തുടക്കമിട്ടു. ഒരു ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ആമിനയുടെ മാർക്കറ്റിംഗ്. പേജുമായി ബന്ധപ്പട്ട എല്ലാകാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. ആദ്യത്തെ പാർട്ണർഷിപ്പ് അനുഭവം മോശമായതിനാൽ വിശ്വിസിച്ച് ഒരാളെ കൂട്ടാനും വയ്യ. അങ്ങനെ ആരും സപ്പോർട്ട് ഇല്ലാതെ ഒരു ഒറ്റയാൾ പോരാട്ടത്തിന് തുടക്കമായി.
ഒപ്പമെത്തുന്നവരുടെ സുരക്ഷക്ക് പ്രാധാന്യം
ധൈര്യവും ആത്മവിശ്വസവും കൂട്ടുപിടിച്ച് ആദ്യത്തെ ട്രിപ്പ് പ്ലാൻ ചെയ്തു. മൂന്നോ നാലോ പേരെ കിട്ടുമോ എന്നുളള പേടിയിൽ നിൽക്കുമ്പോഴാണ് ആദ്യട്രിപ്പിന് 28 പേരെ കിട്ടുന്നത്. 28 പേരുമായിട്ട് ഡൽഹി -ആഗ്ര- ജയ്പൂർ യാത്ര. അച്ഛാ ബഹുത് അച്ഛാ ഹേ എന്നല്ലാതെ ഹിന്ദിയിൽ എനിക്ക് വേറെ വാക്കുകൾ ഒന്നും അറിയില്ല ആമിന പറയുന്നു. ആദ്യത്തെ ട്രിപ്പിൽ ചില പാളിച്ചകൾ ഒക്കെ ഉണ്ടായെങ്കിലും യാത്ര 98 ശതമാനം വിജയമായി. അടുത്ത യാത്ര കാഷ്മീരിലേക്കായിരുന്നു. ആദ്യത്തെ പിഴവുകൾ തിരുത്തിയതോടെ കാര്യങ്ങൾ മെച്ചപ്പെട്ടു. പത്ത് വയസുളള കുട്ടി മുതൽ 78 വയസ്സുളള സ്ത്രീകൾ വരെ എന്റെ കൂടെ യാത്രകൾ ചെയ്യുന്നു.എന്റെ ഏറ്റവും വലിയ കസ്റ്റമർ 78 വയസുളള ഒരു അമ്മയാണ്, ആമിന പറയുന്നു. വിജയമന്ത്രം എന്നൊന്നില്ല, ചെയ്യുന്നതിൽ ആത്മാർത്ഥത കാണിക്കുക ക്വാളിറ്റി നല്ലതാണെങ്കിൽ ആ സാധനം മേടിക്കാൻ ആളുണ്ടാകും ആമിന പറയുന്നു. 100 പേരെ ടാർഗറ്റ് ചെയ്താൽ 25 പേരെ കിട്ടും. ഒപ്പമെത്തുന്നവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനാൽ ഫോർസ്റ്റാർ ത്രീസ്റ്റാർ താമസ സൗകര്യമാണ് ആമിന ഒരുക്കാറുളളത്. ആദ്യം സ്വന്തമായി പോയി കണ്ട് സ്ഥലങ്ങൾ പരിചിതമാക്കും. ആ സ്ഥലത്ത് ഒരു ലോക്കൽ ബന്ധവും നല്ല ടൂർ ഓപ്പറേറ്റേഴ്സുമായും ബന്ധം സൃഷ്ടിക്കും. എന്നിട്ട് അത് പോലെ ഉളള സർവീസ് നൽകും.
Eiffel Tower സ്വപ്നമാണ്
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ കല്യാണം എന്ന് ചിന്തിക്കുന്ന ഒരു സ്ഥലത്ത് നിന്നാണ് ഈ ഒരു സംരംഭവുമായി ആമിന മുന്നോട്ട് പോയത്. അപ്പോഴും പുറത്ത് നിന്ന് പലരും കുറ്റപ്പെടുത്തിയത് അവളെ കൊണ്ട് പറ്റുമോ, അതും പത്താംക്ലാസ് തോറ്റൊരു പെൺകുട്ടി എന്നായിരുന്നു. ഒരുപാട് വിദ്യാഭ്യാസം വേണമെന്നില്ല, എനിക്ക് ബിസിനസ് കിട്ടുന്നത് ഫേസ്ബുക്കിലൂടെയാണ്, പിന്നെ ടെക്നോളജി, സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന് ധാരണയുണ്ടാകണം. പിന്നെ കണ്ടന്റ്, നമ്മൾ ഒരു പ്രോഡക്ട് നൽകുമ്പോൾ പ്രോഡക്ട് എന്താണ് എന്ന് ബോധ്യമുണ്ടാകണം. മറ്റൊരാളിലേക്ക് എത്തണമെങ്കിൽ അതിനുളള കണ്ടന്റ് നന്നായിരിക്കണം, ആമിന പറയുന്നു. യാത്രകളെ സംബന്ധിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും ഒരു മുതൽക്കൂട്ടാണ്. ആണുങ്ങളുടെ മാത്രം കുത്തകയെന്ന് കരുതുന്ന ടൂറിസം രംഗത്ത് ഇത്രയും വലിയ ടൂർ കമ്പനിക്കാരുടെ ഇടയിൽ റിസ്ക് എടുക്കാൻ തയ്യാറുളള ആമിന കോവിഡ് കാലത്ത് ആദ്യ ലോക്ക്ഡൗണിന് ശേഷം എട്ട്സ്ത്രീകളെയും കൂട്ടി കാഷ്മീരിലും പോയി. ഇപ്പോൾ ആമിനയുടെ ഒരു ട്രിപ്പിന് കുറഞഞത് 40-45 അംഗങ്ങളുണ്ട്. ഇനി ഒരു ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ആളുകളെ കൊണ്ടുപോകണമെന്നതാണ് ലക്ഷ്യം. എന്നാൽ ആമിനയുടെ സ്വപ്നം കുറച്ച് കൂടി വലുതാണ്. 50 സ്ത്രീകളുമായി പാരിസിൽ ഈഫൽ ടവറിന്റെ താഴെ പോയി നിൽക്കണമെന്ന് ആമി സ്വപ്നം കാണുന്നു. പഠിച്ചത് കൊണ്ട് സംരംഭകരാകണമെന്നില്ല, പഠിച്ചത് തന്നെ സംരംഭം ആകണമെന്നുമില്ലെന്ന് ആമിനയും മൈ ട്രാവൽമേറ്റും നമുക്ക് പറഞ്ഞു തരുന്നു.