ഓഫീസിലെ ഒരു ചോദ്യം 25കാരിയായ നിധി യാദവിന്റെ ജീവിതം മാറ്റിയ കഥ കേൾക്കാം.കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ നിധി Deloitte ലാണ് ജോലി ചെയ്തിരുന്നത്. വർഷാവസാന പ്രസന്റേഷനിടെ നിധി നേരിട്ട ചോദ്യം ഇതായിരുന്നു- എപ്പോഴാണ് നിങ്ങൾ അവസാനമായി ഓഫീസിൽ പോകാൻ ആഗ്രഹിച്ചത്? ഒരിക്കലും ഇല്ല എന്ന് അവൾ സത്യസന്ധമായി മറുപടി നൽകി. ജീവിതത്തിൽ താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് നിധി മനസിലാക്കിയ നിമിഷം കൂടിയായിരുന്നു അത്. പിന്നീട് ഇറ്റലിയിലെ Polimoda Fashion സ്‌കൂളിൽ Fashion Buying and Merchandising എന്ന വിഷയത്തിൽ ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി. ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ Emilio Pucci യിൽ ഇന്റേൺഷിപ്പ് ചെയ്തു. വിഖ്യാത ഫാഷൻ ബ്രാൻഡ് Gucci യിൽ ജോലി ലഭിച്ചെങ്കിലും കുടുംബത്തോടൊപ്പം കഴിയാൻ നിധി ഇന്ത്യയിലേക്ക് മടങ്ങി.
2014-ൽ ഗുരുഗ്രാമിൽ അക്സ് (AKS) എന്ന സ്ത്രീകളുടെ എത്നിക് ക്ലോത്തിംഗ് ബ്രാൻഡ് നിധി ആരംഭിച്ചു. പ്രതിഫലനം എന്നും പ്രതിച്ഛായ എന്നും അർത്ഥമുളള പദമാണ് അക്സ്. 3.5 ലക്ഷം രൂപയ്ക്ക് ആരംഭിച്ച ക്ലോത്തിംഗ് ബ്രാൻഡ് 137 കോടി രൂപയുടെ വിറ്റുവരവ് പിന്നീട് നേടി. 18നും 35നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് AKS ലക്ഷ്യമിട്ടത്. കുർത്ത, അനാർക്കലി, മാക്സി വസ്ത്രങ്ങൾ, ലെഹംഗ, പരമ്പരാഗത സ്യൂട്ടുകൾ എന്നിവയാണ് അവതരിപ്പിച്ചത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും 15-29വരെ പുതിയ വസ്ത്രശൈലികൾ ബ്രാൻഡ് പുറത്തിറക്കി. അക്കാലത്ത് മറ്റൊരു ബ്രാൻഡും അത് ചെയ്തിരുന്നില്ല. ഒരിക്കൽ വിറ്റു തീരുന്ന ഡിസൈനുകൾ വീണ്ടും ഉണ്ടാക്കില്ലെന്ന് നിധി പറയുന്നു.സൂറത്ത്, അഹമ്മദാബാദ്, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് തുണിത്തരങ്ങൾ കൊണ്ടുവരുന്നത്. 50% ഉൽപ്പാദനം ഡൽഹിയിലും ബാക്കി 50% ജയ്പൂരിലുമാണ് നടക്കുന്നത്. നിലവിൽ, കമ്പനിക്ക് ജയ്പൂരിൽ പ്രിന്റിംഗ്, ഡൈയിംഗ്, സ്റ്റിച്ചിംഗ്, മാനുഫാക്ചറിംഗ് യൂണിറ്റുകളുണ്ട്. കമ്പനി വെയർഹൗസ് ഡൽഹിയിലേക്ക് മാറ്റുകയാണ്.
ഇന്ന് Myntra, Jabong, Flipkart തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിൽ AKS ബ്രാൻഡ് ലഭ്യമാണ്. AKS ക്ലോത്തിംഗിന് സ്വന്തമായി ഒരു വെബ്‌സൈറ്റുമുണ്ട്. കൂടാതെ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നു.
