channeliam.com
Shahnaz Husain: കോടികളുടെ ബ്യൂട്ടി ബിസിനസ് സാധ്യമാക്കിയ woman entrepreneur

ഇന്ത്യൻ സ്ത്രീകളുടെ സൗന്ദര്യസങ്കല്പങ്ങളിൽ പുതിയ അധ്യായം തുറന്ന ഒരു വനിതയുണ്ട്. ഷഹ്നാസ് ഹുസൈൻ. ആരാണ് ഷഹനാസ് ഹുസൈൻ? വിദേശ നിർമിത വസ്തുക്കൾ വാണ സൗന്ദര്യവർദ്ധക വിപണിയിൽ ആയുർവേദ ചേരുവകൾ കൊണ്ട് കോടികളുടെ ഇന്ദ്രജാലം തീർത്ത വനിത സംരംഭക.
ഇന്ത്യയിൽ ഹെർബൽ ബ്യൂട്ടി കെയറിന് തുടക്കമിട്ട ഷഹനാസ് ഹുസൈൻ സ്വന്തം പേരിനെ ബ്രാന്റാക്കി. ആ സംരംഭത്തിന്റെ ഫൗണ്ടറും ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷഹനാസ് ഹുസൈൻ ഇന്ന് ഇന്ത്യയിൽ വനിത സംരംഭകയുടെ റോൾ മോഡലാണ്.

1944 നവംബർ 5 ന് സമർഖണ്ഡിൽ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ഷഹ്നാസ് ഹുസൈൻ ജനിച്ചത്. അഹമ്മദാബാദ് ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായിരുന്ന നസീർ ഉള്ളാ ബേഗിന്റെയും സയീദ ബീഗത്തിന്റെയും മകൾ. അലഹബാദിലെ സെന്റ് മേരീസ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 14 വയസ്സുള്ളപ്പോൾ, നസീർ ഹുസൈനെ വിവാഹം ചെയ്തു. 16-ാം വയസ്സിൽ ആദ്യത്തെ കുട്ടി ജനിച്ചു. നസീർ ഹുസൈൻ ജോലിയുടെ ഭാഗമായി ടെഹ്‌റാനിൽ നിയമിക്കപ്പെട്ടപ്പോൾ ഷഹ്നാസ് ഇറാനിൽ ആയുർവേദത്തെക്കുറിച്ച് പഠിച്ചു. കോസ്മെറ്റിക് തെറാപ്പിയിലും കോസ്മെറ്റോളജിയിലും പരിശീലനം നേടി. ലണ്ടനിൽ പരിശീലനത്തിനിടെ കെമിക്കൽ ട്രീറ്റ്‌മെന്റിന്റെ ഫലമായി ചർമത്തിലുണ്ടാകുന്ന കേടുപാടുകളും രാസ ചികിത്സയുടെ പാർശ്വഫലങ്ങളും ഷഹ്നാസ് കാണാനിടയായി. രാസ ചികിത്സകൾക്ക് സുരക്ഷിതമായ ഒരു ബദൽ കണ്ടെത്താൻ ഷഹ്നാസ് ഹുസൈൻ ആഗ്രഹിച്ചു. അതിനൊരു പരിഹാരമായി അവർ ഹെർബൽ ഉൽപ്പന്നങ്ങളെ കുറിച്ച് ആഴത്തിലുളള അറിവ് തേടി. അവബോധമില്ലായ്മ കാരണം, ഇന്ത്യയിൽ സ്ത്രീകൾ മുടിയുടെയും ചർമ്മത്തിന്റെയും സ്വഭാവം കണക്കിലെടുക്കാതെ ഹെയർ സ്റ്റൈലിംഗും സൗന്ദര്യ ചികിത്സകളും നടത്തുന്നുവെന്ന് ഷഹ്നാസ് മനസിലാക്കി.ഇതോടെ ഹെർബൽ കോസ്‌മെറ്റിക്‌സ് എന്ന ആശയം അവർ ഇന്ത്യയിൽ അവതരിപ്പിച്ചു. 1971-ൽ ആദ്യത്തെ ഹെർബൽ സലൂൺ ആരംഭിച്ചു. care and cure എന്ന തികച്ചും പുതിയൊരു ആശയം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയിൽ ഹെർബൽ ബ്യൂട്ടി കെയറിന് തുടക്കമിട്ടത്. കുറച്ച് വർഷങ്ങൾക്കുളളിൽ ഷഹനാസ് ഹുസൈൻ ഗ്രൂപ്പ് രൂപീകരിച്ചു. നിലവിലുള്ള എല്ലാ സൗന്ദര്യവർദ്ധക ചികിത്സാ സങ്കൽപ്പങ്ങളും അവർ നിരസിക്കുകയും തന്റേതായ രീതികൾ സ്വീകരിക്കുകയും ചെയ്തു. ഉൽപ്പന്ന നവീകരണത്തിന് പേരുകേട്ടയാളാണ് ഷഹനാസ് ഹുസൈൻ. ചർമ്മത്തിന്റെയും തലയോട്ടിയിലെയും തകരാറുകൾ, പൊതുവായ സൗന്ദര്യ സംരക്ഷണം, ആരോഗ്യം, ഫിറ്റ്നസ് എന്നിവയിൽ 375-ലധികം ഫോർമുലേഷനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 24 കാരറ്റ് ഗോൾഡ്, ഓക്സിജൻ, ഡയമണ്ട്, പേൾ, പ്ലാന്റ് സ്റ്റെം സെല്ലുകൾ, പ്ലാറ്റിനം റേഞ്ച് തുടങ്ങിയവയാണ് ചർമ്മ സംരക്ഷണത്തിനുള്ള പ്രീമിയം ശ്രേണികൾ. 1979-ൽ അവരുടെ ആദ്യത്തെ ഫ്രാഞ്ചൈസി ക്ലിനിക് കൽക്കട്ടയിൽ ആരംഭിച്ചു. ഷഹനാസ് ഹുസൈൻ ഗ്രൂപ്പിന് ഇന്ന് 400-ലധികം ഫ്രാഞ്ചൈസി ക്ലിനിക്കുകൾ, സ്പാകൾ, സ്കൂളുകൾ, ഷോപ്പുകൾ ഇവയുണ്ട്. കൂടാതെ സ്കിൻ, ഹെയർ, ബോഡി, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി ആയുർവേദ ഫോർമുലേഷനുകളും 138 രാജ്യങ്ങളിലായി 1,50,000 സ്റ്റോറുകളും ഉണ്ട്.
shahnaz.in എന്ന വെബ്‌സൈറ്റിൽ അവരുടെ പ്രോഡക്റ്റുകൾ ഓൺലൈനായി വിൽക്കുന്നു. ഇന്ന്, ഇന്ത്യയിൽ, ഇന്ത്യൻ ഹെർബൽ കോസ്മെറ്റിക്സ് വ്യവസായത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡാണ് ഇത്. ആഗോളതലത്തിൽ പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിന് ഷഹനാസ് ഹുസൈൻ ഗ്രൂപ്പിന് വിപുലമായ പദ്ധതികളാണുളളത്. പ്രശസ്തമായ ചില ബിസിനസ് സ്ഥാപനങ്ങളുമായും മൾട്ടിനാഷണൽ കമ്പനികളുമായും സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കാനുള്ള വലിയ പദ്ധതികളുണ്ട്. ഹോസ്പിറ്റലുകളിൽ സ്പാകൾക്കൊപ്പം ട്രീറ്റ്മെന്റ്, ഡി-സ്ട്രെസ് സെന്ററുകൾ തുറക്കുക എന്നതും പദ്ധതിയിടുന്നു.

ഒരു വാണിജ്യ പരസ്യമില്ലാതെ ഒരു അന്താരാഷ്ട്ര ബ്രാൻഡ് എങ്ങനെ നിർമ്മിച്ചു എന്ന വിജയഗാഥയെക്കുറിച്ച് ഹാർവാർഡ് ബിസിനസ് സ്കൂളിൽ അവർ വിദ്യാർത്ഥികളോട് സംവദിച്ചു. ഇത് പിന്നീട് ഹാർവാർഡ് കേസ് സ്റ്റഡിയായി കരിക്കുലത്തിൽ ഇടം പിടിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും അവർ അഭിസംബോധന ചെയ്തിട്ടുണ്ട്. പ്രസിഡന്റായിരിക്കെ ബരാക് ഒബാമ സംഘടിപ്പിച്ച സംരംഭകർക്കായുള്ള ഉച്ചകോടിയിലും അവർ ഇന്ത്യയുടെ പ്രതീകമായി.നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ തേടിയെത്തിയ ഷഹ്നാസ് ഹുസൈനെ 2006-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

സൗന്ദര്യ സംരക്ഷണത്തിന്റെ രാജ്ഞി എന്ന് അംഗീകരിക്കപ്പെട്ട ഷഹനാസ് ഹുസൈൻ വ്യക്തി ജീവിതത്തിൽ നിരവധി തിരിച്ചടികൾ നേരിട്ട വ്യക്തിയാണ്. വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് അസാധാരണമായ മനസാന്നിധ്യവും ഷെഹ്നാസിന് തുണയായി. ഭർത്താവിന്റെയും മകന്റയും മരണത്തിൽ തളരാതെ പിടിച്ചു നിന്ന അവർ വനിതാ സംരംഭകർക്ക് പ്രചോദനത്തിന്റെ ഉറവിടമായി മാറുകയും ചെയ്തു. വ്യത്യസ്തമായ ആശയങ്ങളെ കണ്ടെത്തുന്നതിനും അവയെ യാഥാർത്ഥ്യമാക്കുന്നതിനും ഉളള
നിശ്ചയദാർഢ്യമാണ് ഒരു സംരംഭകക്ക് വേണ്ടതെന്ന് ഷഹ്നാസ് ഹുസൈന്റെ ജീവിതം കാണിച്ചുതരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com