ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഏറ്റവും പുതിയ യൂണികോണായി CredAvenue. 6 മാസത്തിനുള്ളിൽ ചെന്നൈ ആസ്ഥാനമായുളള സ്റ്റാർട്ടപ്പിന്റെ വാല്യുവേഷൻ മൂന്നിരട്ടിയായി വർധിച്ചു. ഇൻസൈറ്റ് പാർട്‌ണേഴ്‌സ്, ബി ക്യാപിറ്റൽ ഗ്രൂപ്പ്, ഡ്രാഗനീർ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 137 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് ഇന്ത്യയുടെ ഏറ്റവും പുതിയ യൂണികോൺ ആയി ക്രെഡ് അവന്യു മാറിയത്.നിലവിലുള്ള നിക്ഷേപകരും റൗണ്ടിൽ പങ്കെടുത്തു.
ഏറ്റവും വേഗതയേറിയ ഫിൻടെക് യൂണികോൺ
സ്ഥാപിതമായി 18 മാസത്തിനുള്ളിലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫിൻടെക് യൂണികോൺ ആയി ക്രെഡ് അവന്യു മാറിയത്. സെക്വോയ ക്യാപിറ്റലും ലൈറ്റ്‌സ്പീഡ് വെഞ്ചേഴ്‌സ് പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പ് വായ്പ നൽകുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും, വിതരണം മുതൽ കളക്ഷൻ വരെ ഡിജിറ്റൽ ടെക്നോളജി സൊല്യൂഷൻ നൽകുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇന്ത്യയിലും പ്രധാന ആഗോള വിപണികളിലേക്കും വിപുലീകരിക്കുന്നതിനും ഏറ്റെടുക്കലുകൾ നടത്തുന്നതിനും ഫണ്ട് ഉപയോഗിക്കാനാണ് ക്രെഡ്അവന്യൂ പദ്ധതിയിടുന്നത്. കളക്ഷനെ പിന്തുണയ്ക്കുന്നതിനുള്ള ടെക്നോളജിയിൽ വൈദഗ്ദ്ധ്യം നേടിയ Spocto അടുത്തിടെ സ്റ്റാർട്ടപ്പ് ഏറ്റെടുത്തിരുന്നു.
ആഭ്യന്തരമായി വിപുലീകരിക്കും
39 കാരനായ ഗൗരവ് കുമാർ ആണ് 2020 അവസാനത്തോടെ ക്രെഡ് അവന്യു സ്ഥാപിച്ചത്. റൂറൽ മാനേജ്‌മെന്റ് ബിരുദം നേടിയ ശേഷം, ഒരു സീരിയൽ സംരംഭകനായി മാറുന്നതിന് മുമ്പ് ഗൗരവ് കുമാർ വിദേശത്ത് കുറച്ചുകാലം ജോലി ചെയ്തു. അദ്ദേഹത്തിന്റെ നാലാമത്തെ സംരംഭമാണ് ക്രെഡ് അവന്യൂ. വിപണിയിലെ മൊത്ത ഇടപാടുകളിൽ CredAvenue 12 ബില്യൺ കവിഞ്ഞിട്ടുണ്ട്. കൂടാതെ 2,300-ലധികം എന്റർപ്രൈസ് ഉപഭോക്താക്കളും 750-ലധികം വായ്പാ ദാതാക്കളുമുണ്ട്. മിഡിൽ ഈസ്റ്റ് വിപണിയിൽ കേന്ദ്രീകരിക്കുന്ന സ്‌പോക്ടോ, യുഎസ് വിപണിയും ലക്ഷ്യമിടുന്നു. അടുത്ത രണ്ട് വർഷത്തേക്ക് ആഭ്യന്തരമായി വിപുലീകരിക്കാനാണ് ക്രെഡ് അവന്യൂ ഉദ്ദേശിക്കുന്നതെന്ന് ഗൗരവ് കുമാർ പറഞ്ഞു.