channeliam.com

കോടികൾ വാരി CODE Effort, സിഗരറ്റ് കുറ്റിയിലെ startup idea

 

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അതേപോലെ പ്രകൃതിക്ക് ഹാനികരമാണ് ഉപയോഗശൂന്യമായ സിഗരറ്റ് കുറ്റികൾ ഉയർത്തുന്ന മാലിന്യം. ലോകമെമ്പാടും ഏകദേശം 4.5 ട്രില്യൺ സിഗരറ്റുകൾ ഓരോ വർഷവും ഉപേക്ഷിക്കപ്പെടുന്നു, 100 ബില്യണിലധികം സിഗരറ്റുകൾ ഇന്ത്യയിൽ മാത്രം വലിച്ചെറിയപ്പെടുന്നു. സിഗരറ്റിന്റെ ഭൂരിഭാഗവും കത്തിക്കുമ്പോൾ തന്നെ ദ്രവിച്ചുപോകും,അവശേഷിക്കുന്നത് സിഗരറ്റ് കുറ്റികളാണ്.ഇവയിൽ സെല്ലുലോസ് അസറ്റേറ്റ് എന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഫിൽട്ടറുകൾ അടങ്ങിയിരിക്കുന്നു. അത് നശിച്ച് പോകാൻ വർഷങ്ങളെടുക്കും. അവയിൽ നിന്നും മൈക്രോപ്ലാസ്റ്റിക് മണ്ണിലേക്കും സമുദ്രത്തിലേക്കും എത്തുന്നു. ഒരു ലിറ്റർ വെള്ളത്തിലെ ഒരു സിഗരറ്റ് കുറ്റി മത്സ്യത്തിന്റെ ജീവന് ഹാനികരമാകുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു. ഈ മലിനീകരണത്തിനെതിരെ പോരാടാനുള്ള ദൗത്യത്തിലാണ് നോയിഡയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കൾ സ്ഥാപിച്ച സ്റ്റാർട്ടപ്പ്.

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നുളള ബിരുദധാരിയായ നമൻ ഗുപ്തയും എഞ്ചിനീയറായ വിശാൽ കാനറ്റും ചേർന്ന് സിഗരറ്റ് മാലിന്യങ്ങൾ വ്യത്യസ്ത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന CODE Effort എന്ന കമ്പനി സ്ഥാപിച്ചത് അങ്ങനെയാണ്. 2016ൽ ഒരു സുഹൃത്തിന്റെ വീട്ടിൽ നടന്ന പാർട്ടിക്ക് ശേഷമാണ് വിശാലും നമനും സ്റ്റാർട്ടപ്പിനായുള്ള ആശയം വീണു കിട്ടിയത്. പാർട്ടിയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായ സിഗരറ്റ് മാലിന്യത്തിന്റെ അളവ് കണ്ട് ഞെട്ടിയ അവർ സിഗരറ്റ് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനെ കുറിച്ച് പദ്ധതിയിട്ടു. മാസങ്ങൾ നീണ്ട ഗവേഷണത്തിന് ശേഷം, സിഗരറ്റ് കുറ്റികളിലെ സെല്ലുലോസ് അസറ്റേറ്റ് വൃത്തിയാക്കി ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു മാർഗം അവർ കണ്ടെത്തി. അതോടെ ഇന്ത്യയിലെ ആദ്യത്തെ സിഗരറ്റ് റീസൈക്ലിംഗ് കമ്പനിയായ CODE Effortന് രൂപം നൽകി.ടെഡി ബിയറുകളിലും തലയിണകളിലും നിറച്ച് ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റികൾക്ക് അങ്ങനെ പുതു ജീവൻ നൽകി.

“വരുന്ന അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള സിഗരറ്റ് മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,”നമൻ ഗുപ്ത പറയുന്നു. ഒരു കിലോ സിഗരറ്റ് കുറ്റിക്ക് 250 രൂപയാണ് കച്ചവടക്കാരുടെ നിരക്ക്. മാലിന്യങ്ങൾ, പ്രധാനമായും ചാരം, പുകയില, പേപ്പർ, ഫിൽട്ടർ എന്നിങ്ങനെ വേർതിരിക്കുന്നു. പേപ്പറും പുകയിലയും വളമാക്കി മാറ്റുകയും ഫിൽട്ടറുകൾ ശുദ്ധീകരിക്കുകയും തുടർന്ന് കുഷ്യൻ, കളിപ്പാട്ടങ്ങൾ, കൊതുക് അകറ്റുന്ന വസ്തുക്കൾ,കരകൗശലവസ്തുക്കൾ, ഗൃഹാലങ്കാരങ്ങൾ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു.സ്ത്രീ ശാക്തീകരണവും വർക്ക് ഫ്രം ഹോം അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾ കൂടുതലുള്ള ഒരു ടീമാണ് കോഡ് എഫർട്ടിന്റെ എല്ലാ ഉപോൽപ്പന്നങ്ങളും തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത്. ഇന്ന് ഇന്ത്യയിലെ 250 ജില്ലകളിൽ കോഡ് പ്രവർത്തിക്കുന്നു. CODE Effort ഇപ്പോൾ ഓരോ മാസവും 6.5 ടണ്ണിലധികം സിഗരറ്റ് മാലിന്യം ശേഖരിക്കുന്നു. സ്ഥാപിതമായതുമുതൽ, CODE Effort ഏകദേശം 300 ദശലക്ഷത്തിലധികം സിഗരറ്റ് കുറ്റികൾ റീസൈക്കിൾ ചെയ്തിട്ടുണ്ട്. വിപണനത്തിലും സിഗരറ്റ് മാലിന്യ സംഭരണത്തിലും പിന്തുണയ്‌ക്കായി NGOകളും സർക്കാർ സ്ഥാപനങ്ങളുമായി കൈകോർക്കാൻ പദ്ധതിയിടുകയാണ് കമ്പനി.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com