channeliam.com

റഷ്യ-ഉക്രൈൻ സംഘർഷം: കരുതൽ ആസ്തികൾ എന്നതിന്റെ നിർവചനം മാറ്റിയെഴുതാൻ ബിറ്റ്കോയിന് കഴിയുമോ? 

പുതിയ മോണിറ്ററി ഓർഡർ വരുമോ?

സ്വിസ് ആഗോള നിക്ഷേപ ബാങ്കായ ക്രെഡിറ്റ് സ്യൂസ് (Credit Suisse), ലോക സമ്പദ് വ്യവസ്ഥയിൽ ആസന്നവും സമൂലവുമായ മാറ്റം പ്രവചിക്കുന്ന ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. പടിഞ്ഞാറൻ രാജ്യങ്ങളിൽ കുതിച്ചുയരുന്ന പണപ്പെരുപ്പവും കിഴക്ക് ഉക്രെയ്ൻ-റഷ്യ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത ഭൗമരാഷ്ട്രീയ സംഘർഷവും കണക്കിലെടുക്കുമ്പോൾ, ആഗോളതലത്തിൽ ഒരു പുതിയ പണക്രമം (new monetary order) ഉയർന്നുവരുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതിൽ ബിറ്റ്കോയിൻ ഒരു  ഗുണഭോക്താവാകാനുളള സാധ്യത ക്രെഡിറ്റ് സ്യൂസ് റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു. കരുതൽ ആസ്തികൾ എന്നതിന്റെ നിർവചനം ബിറ്റ്കോയിൻ മാറ്റിയെഴുതിയേക്കാം.

കരുതൽ ആസ്തികൾ എന്നാൽ എന്താണ്?

കറൻസികളോ മറ്റെന്തെങ്കിലും തരത്തിലുളള ആസ്തികളോ കരുതൽ ആസ്തികൾ എന്ന ഗണത്തിൽ പെടുത്താം. ആഗോള സമ്പദ്‌വ്യവസ്ഥയിൽ അന്താരാഷ്ട്ര പേയ്‌മെന്റുകൾക്കും നിക്ഷേപങ്ങൾക്കും മറ്റ് വിവിധാവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന സ്വർണ്ണമോ വെള്ളിയോ പോലുള്ള മറ്റ് ആസ്തികളെല്ലാം തന്നെ കരുതൽ ആസ്തികളാണ്. നിലവിൽ, ഏറ്റവും അധികം ഉപയോഗത്തിലുളള കരുതൽ കറൻസികളിലൊന്ന് യുഎസ് ഡോളറാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് റിപ്പോർട്ട് പ്രകാരം, വിദേശ ബാങ്ക് കരുതൽ ശേഖരത്തിന്റെ ഏകദേശം 59 ശതമാനവും നിലവിൽ യുഎസ് ഡോളറിലാണെന്ന് കാണാം. റിപ്പോർട്ടിൽ ക്രെഡിറ്റ് സ്യൂസിന്റെ റേറ്റ് സ്ട്രാറ്റജിസ്റ്റ്  Zoltan Pozsar എഴുതിയത്  ഈ പ്രതിസന്ധി  നമ്മൾ മുൻപ് കണ്ടതുപോലെയല്ല എന്നാണ്. മുൻ യുഎസ് ഫെഡറൽ റിസർവ്, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു സോൾട്ടൻ പോസാർ.ബിറ്റ്‌കോയിനെക്കുറിച്ചുള്ള  അഭിപ്രായത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ പ്രതിസന്ധിയുടെ അവസാനത്തിൽ ബിറ്റ്കോയിൻ നിലനിന്നാൽ അത് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ബിറ്റ്കോയിൻ അടുത്ത ആഗോള കരുതൽ ശേഖരമായി മാറാനുള്ള സാധ്യതയെക്കുറിച്ചും സോൾട്ടൻ  സൂചന നൽകി.

സ്വർണ്ണം ഒരു കരുതൽ ശേഖരം

കരുതൽ ആസ്തികൾ ചരക്കുകളോ കറൻസികളോ മറ്റ് തരത്തിലുളള മൂലധനമോ ആകാം. ബാഹ്യ ഘടകങ്ങൾ മൂലം ആഗോള വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾക്കെതിരെ സ്ഥാപനങ്ങളും രാജ്യങ്ങളും ഒരു കവചമായി കരുതൽ ആസ്തികളെ സൂക്ഷിക്കുന്നു. പല സ്ഥാപനങ്ങളുടെയും ബാലൻസ് ഷീറ്റുകളിൽ അവ ഒരു ക്യാഷ് റിസർവ് എന്ന നിലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ വിപണിയിലെ   അസ്ഥിരത നേരിട്ട് ബാധിക്കാത്ത മൂല്യത്തിന്റെ ഒരു സ്വതന്ത്ര സംഭരണമാണ്. 19-ആം നൂറ്റാണ്ടിലും അതിനുമുമ്പും, സ്വർണ്ണവും വെള്ളിയും പോലുള്ള വിലയേറിയ ലോഹങ്ങൾ സാർവത്രികമായി കമോഡിറ്റികളെന്ന നിലയിൽ ഉപയോഗിച്ചിരുന്നു. ആളുകൾ അവരുടെ അധ്വാനത്തിന്റെ മൂല്യമെന്ന നിലയിൽ സ്വർണവും വെളളിയും  സംഭരിച്ചിരുന്നു. എന്നാൽ അവ പ്രതിദിന ഉപയോഗത്തിന് അവയ്ക്കുളള പരിമിതി കാരണം പിന്നീട് പേപ്പർ കറൻസികൾ ഉപയോഗിച്ചു. സുരക്ഷിതമായ സ്ഥലത്ത് സംഭരിച്ചിരിക്കുന്ന സ്വർണ്ണം ഒരു കരുതൽ ശേഖരമായി മാറി.

സാമ്പത്തിക തകർച്ച നേരിടാനാകുമോ?

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ, 44 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ Bretton Wood കരാറിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം, യുഎസ് ഡോളറിന്റെ മൂല്യം സ്വർണ്ണവുമായി ബന്ധിപ്പിക്കും, മറ്റ് കറൻസികളും ഡോളറുമായി ബന്ധിപ്പിക്കും. എന്നിരുന്നാലും, കാലക്രമേണ ഈ സമ്പ്രദായം തകർന്ന് തുടങ്ങി. 1971-ൽ അന്നത്തെ യുഎസ് പ്രസിഡന്റ് നിക്സൺ കരാ‍ർ ഉപേക്ഷിച്ചു. അന്നുമുതലാണ് അന്താരാഷ്ട്ര സമൂഹം ലളിതമായ ഫിയറ്റ് കറൻസി മോഡൽ ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ, കറൻസിയെ പിന്തുണയ്ക്കുന്നത് സർക്കാരിലുള്ള വിശ്വാസത്താൽ മാത്രമാണ്. അതിന്റെ മൂല്യം സപ്ലൈ, ഡിമാൻഡ് ഇവയുടെ അടിസ്ഥാനത്തിൽ കമ്പോള ശക്തികളാൽ നയിക്കപ്പെടുന്നു. ഈ സംവിധാനത്തിനും ചില പ്രശ്നങ്ങളുണ്ട്.  ഉദാഹരണത്തിന്, തങ്ങളുടെ ഫിയറ്റ് കറൻസിയെ ആഗോള കരുതൽ ആസ്തിയായി നിർണയിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുണ്ട്.  ഈ ആവശ്യം നിറവേറ്റുന്നതിനായി, ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളുടെ കേന്ദ്ര ബാങ്കുകൾക്ക് ഫിയറ്റ് കറൻസി എളുപ്പത്തിൽ അച്ചടിക്കാൻ കഴിയും. എന്നാൽ കാലക്രമേണ ഇത് ആ സിസ്റ്റത്തിന്റെ പരിധിയെ മറികടക്കും. യുഎസിന്റെ കാര്യത്തിൽ, പണപ്പെരുപ്പം ഇത്രയധികം ഉയർന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരിക്കാം ഇതെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ, യുഎസ് ഡോളർ പണപ്പെരുപ്പത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. റഷ്യയ്‌ക്കെതിരായ ഉപരോധവും ഉക്രെയ്‌നുമായുള്ള  സംഘർഷം സൃഷ്ടിക്കുന്ന സാമ്പത്തിക തകർച്ചയും ക്രെഡിറ്റ് സ്യൂസ് പ്രവചിച്ചതുപോലെ  ഒരു പുതിയ ലോകപണക്രമത്തിലേക്കു നയിച്ചേക്കാം.

അപാര സാധ്യതകളുമായി ബിറ്റ്കോയിൻ

ഇന്ന്, പണപ്പെരുപ്പം, ദുർബലമായ വാങ്ങൽ ശേഷി, അന്താരാഷ്ട്ര മത്സരം എന്നിവ ഉൾപ്പെടെ, സംഭരിച്ചിരിക്കുന്ന കരുതൽ ആസ്തികളുടെ മൂല്യത്തിൽ രാജ്യങ്ങളും സ്ഥാപനങ്ങളും നിരവധി ഭീഷണികൾ നേരിടുന്നു. അപൂർവമായതും മൂന്നാം കക്ഷി ശക്തികൾക്ക് സ്വാധീനിക്കാനാകാത്തതുമായ ഇതര കരുതൽ ആസ്തികളാണ് ഇപ്പോൾ തേടുന്നത്. വികേന്ദ്രീകൃതമായതിനാൽ ബിറ്റ്കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾക്ക് ധാരാളം സാധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ട്രാൻസാങ്ഷൻ ഡാറ്റ സംഭരിക്കുന്നതിനുളള ഒരു വികേന്ദ്രീകൃത സംവിധാനമാണ് ബിറ്റ്കോയിൻ അനുവർത്തിക്കുന്നത്. ഒരു പബ്ലിക് ലെഡ്ജർ അല്ലെങ്കിൽ ഡാറ്റാബേസിലെ ബ്ലോക്കുകളിലാണ് ഡാറ്റ സംഭരണം നടക്കുന്നത്. ഡാറ്റാബേസിൽ സംഭവിക്കുന്ന മാറ്റങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഒരു കേന്ദ്രീകൃത അതോറിറ്റിയും ഇല്ലെന്നാണ് ഇതിനർത്ഥം. പകരം, ബിറ്റ്‌കോയിൻ ബ്ലോക്ക്‌ചെയിനിലെ ഇടപാട് ഡാറ്റ, ഒരു നെറ്റ് വർക്ക് പരിശോധിച്ചുറപ്പിക്കുന്നു.ഇതിനർത്ഥം ഡാറ്റാബേസിലെ എന്തെങ്കിലും മാറ്റങ്ങളും പ്രവർത്തനങ്ങളും നെറ്റ്‌വർക്കിലെ എല്ലാ നോഡുകളും പരിശോധിച്ചുറപ്പിക്കുകയും അംഗീകരിക്കുകയും വേണം.  ഇത് ബിറ്റ്കോയിന്റ ബ്ലോക്ക്ചെയിൻ ഘടനയെ സുരക്ഷിതവും സ്ഥിരതയുളളതുമാക്കുന്നു. ഇതിനാൽ ഒരു കരുതൽ ആസ്തി എന്ന നിലയിൽ ബിറ്റ്കോയിൻ മൂന്നാം കക്ഷികളുടെ നിയന്ത്രണമെന്ന ഘടകത്തെ നീക്കം ചെയ്യും.  പ്രധാനമായും കറൻസിയിൽ തന്നെ അവരുടെ സ്വാധീനം ഇല്ലാതാക്കും.കൂടാതെ,   സ്രഷ്ടാവായി ലോകമറിയുന്ന സതോഷി നകാമോട്ടോ ബിറ്റ്കോയിൻ അവതരിപ്പിച്ചപ്പോൾ തന്നെ ബ്ലോക്ക്ചെയിനിൽ അവതരിപ്പിക്കാവുന്ന ബിറ്റ്കോയിൻ ടോക്കണുകളുടെ ഒരു നിശ്ചിത പരിധി കൂട്ടിച്ചേർത്തിരുന്നു. ഈ പരിധി 21 ദശലക്ഷം ടോക്കണുകളായിട്ടാണ് സജ്ജീകരിച്ചത്. പരിമിതമായ വിതരണം ബിറ്റ്കോയിനെ ഒരു ദുർലഭ ആസ്തിയായും പണപ്പെരുപ്പത്തിനെതിരായ മികച്ച പ്രതിരോധവുമാക്കുന്നു. ട്രാൻസാങ്ഷൻ പ്രക്രിയയിൽ ഇടനിലക്കാരെ നീക്കം ചെയ്യുന്നതും ഈ സംവിധാനത്തെ വേഗത്തിലാക്കുന്നു. കൂടാതെ, ഇടപാടുകളിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയുമായി വാലറ്റ് അഡ്രസുകൾ മാത്രം പ്രകടമാക്കപ്പെടുന്നതിനാൽ ഫിയറ്റ് കറൻസികളേക്കാൾ രഹസ്യാത്മകമായ ഒരു സ്വഭാവം  ബിറ്റ്കോയിൻ നൽകുന്നു.

ഉക്രെയ്ൻ യുദ്ധത്തിനുശേഷം പണം ഒരിക്കലും പഴയതുപോലെയാകില്ലെന്നും ബിറ്റ്കോയിൻ ഈ സംഘർഷത്തിന്റെ ഒരു ഗുണഭോക്താവാകാമെന്നും സോൾട്ടൻ തന്റെ കുറിപ്പിൽ എഴുതിയത് ഇക്കാരണങ്ങളാലാണ്. ഇത് എത്രത്തോളം ശരിയാണെന്ന്  കാലത്തിന് മാത്രമേ തെളിയിക്കാനാകൂ.
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com