channeliam.com

ടൂൾസ് ഡൗൺ പ്രക്ഷോഭം ടാറ്റയുടെ എയർ ഇന്ത്യയെ ഡൗണാക്കുമോ?

എയർ ഇന്ത്യയെ സംബന്ധിച്ച് ഇതുവരെ നമ്മൾ കേട്ടത് നല്ല വാർത്തകളാണ്. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതും എൻ.ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്ത് വന്നതും ശുഭസൂചനകളാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന ടൂൾസ് ഡൗൺ പ്രക്ഷോഭം സ്വകാര്യവത്കരിക്കപ്പെട്ട എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യ തൊഴിൽ സംബന്ധമായ കലഹമാണ്. AIESL ടെക്നീഷ്യൻമാർ സമരത്തിലായതോടെ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ സർവീസുകളിൽ തടസ്സം നേരിട്ടിരിക്കുകയാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് കമ്പനിയായ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിന്റെ ഏകദേശം 1,700 എൻജിനീയർമാരും സാങ്കേതിക വിദഗ്ധരുമാണ് സമരം പ്രഖ്യാപിച്ചത്.തുല്യ ജോലി, തുല്യ വേതനം എന്നതാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ AIESL മാനേജ്‌മെന്റുമായി ജീവനക്കാർ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. മെയിന്റനൻസ് ജോലികൾ, വിമാന ഇന്ധനം നിറയ്ക്കൽ, മാർഷലിംഗ് തുടങ്ങിയ ജോലികൾ കൈകാര്യം ചെയ്യുന്നവരാണ് സമരം ചെയ്യുന്നത്. ശമ്പളപരിഷ്കരണം, മുഴുവൻ സമയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുക, തൊഴിൽ കരാർ പുതുക്കൽ, ശമ്പളത്തിൽ ക്ഷാമബത്ത ഉൾപ്പെടുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ശമ്പളം എയർ ഇന്ത്യയുടെ സർവീസ് എഞ്ചിനീയർമാരുടെ ശമ്പളത്തിന് തുല്യമായിരിക്കണം, കാരണം ജോലി പ്രൊഫൈലും യോഗ്യതകളും ഒന്നുതന്നെയാണ്, സമരം ചെയ്യുന്നവർ പറയുന്നു. ശമ്പളം 25,000 രൂപയാണെങ്കിലും ജനുവരി മുതൽ 21,444 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. സാമ്പത്തിക നടപടികളുടെ ഭാഗമായി 2020 മെയ് മുതൽ AIESL അനുവദിക്കുന്ന മെഡിക്കൽ സൗകര്യത്തിലടക്കം കുറവ് വരുത്തിയിരുന്നു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് AIESL എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരുടെ സംഘം ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് കത്തയച്ചിരുന്നു. ആദ്യം ജനുവരിയിലാണ് സമരം പ്രഖ്യാപിച്ചത്. പിന്നീട് ചർച്ചകളെ തുടർന്ന് പ്രഖ്യാപനം മാറ്റി. കഴിഞ്ഞ മാസം പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നെങ്കിലും AIESL മാനേജ്‌മെന്റുമായുളള ചർച്ചകൾ ആരംഭിച്ചതോടെ വീണ്ടും പണിമുടക്ക് മാറ്റിവച്ചിരുന്നു. എന്നാൽ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ വന്നതോടെ സമരത്തിനിറങ്ങുകയായിരുന്നു. ഈ ജീവനക്കാരിൽ ഭൂരിഭാഗവും കരാർ അടിസ്ഥാനത്തിലുള്ളവരാണ്. എയർഇന്ത്യയുടെ 60 ശതമാനം ജോലികളും ചെയ്യുന്നത് ഈ ജീവനക്കാരായതിനാൽ സമരം എയർ ഇന്ത്യ സവീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സമരം ഡൽഹിയിൽ നിന്ന് കാഠ്മണ്ഡു, സിലിഗുരി, ജബൽപൂർ, ഭുവനേശ്വർ, കൊൽക്കത്ത, ചെന്നൈ എയർ ഇന്ത്യ വിമാനങ്ങൾ വൈകാനിടയാക്കി. നിരവധി സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തുടർന്നും എയർ ഇന്ത്യ സർവീസുകളെ സമരം കാര്യമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

AIESL എയർ ഇന്ത്യയുടെ ഉപസ്ഥാപനമായിരുന്നുവെങ്കിലും ഓഹരി വിറ്റഴിക്കുമ്പോൾ എയർലൈനുമായിട്ടുളള പാക്കേജിൽ ഉൾപ്പെട്ടിരുന്നില്ല. ഡൽഹി, നാഗ്പൂർ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള AIESL-നെ പ്രത്യേകമായി വിറ്റഴിക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ട്.

വ്യോമയാന മേഖലയിൽ വലിയൊരു കുതിപ്പിന് വഴി തെളിക്കുന്നതായിരുന്നു കടത്തിൽ മുങ്ങിയ എയർഇന്ത്യ ടാറ്റ ഏറ്റെടുത്തത്.
ഇപ്പോൾ അപ്രതീക്ഷിതമായുണ്ടായ ജീവനക്കാരുടെ സമരം എയർ ഇന്ത്യയുടെ ദൗത്യത്തിന് തിരിച്ചടിയാവില്ല. കാരണം ഓരോ ഇന്ത്യക്കാരനും ടാറ്റയുടെ എയർഇന്ത്യ ഏറ്റെടുക്കൽ അത്രമാത്രം പ്രതീക്ഷ നൽകുന്നതാണ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com