ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലിന്റെ സമ്പത്ത് 2 വർഷം കൊണ്ട് മൂന്നിരട്ടിയായി.   2020ലെ 4.8 ബില്യൺ ഡോളറിൽ നിന്ന് 2022ൽ 17.7 ബില്യൺ ഡോളറായാണ് റിയൽടൈം ലിസ്റ്റിംഗിൽ ആസ്തി ഉയർന്നത്. ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണായ  72-കാരി സാവിത്രി ദേവി ജിൻഡാൽ ഫോർബ്സ് പറയുന്നത് പ്രകാരം 2021 ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 7-ാം സ്ഥാനത്താണ്.  ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഏക വനിതയുമാണ്. കോളേജിൽ പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ വീട്ടമ്മ, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി ഉയർന്നതെങ്ങനെയാണ്.

വ്യവസായിയും രാഷ്ട്രീയക്കാരനുമായിരുന്ന അന്തരിച്ച ഓംപ്രകാശ് ജിൻഡാലിന്റെ ഭാര്യയാണ് സാവിത്രി. അസമിലെ വ്യാവസായിക നഗരമായ ടിൻസുകിയയിൽ ജനിച്ച സാവിത്രി 1970-ലാണ് ഒ.പി. ജിൻഡാലിനെ വിവാഹം കഴിച്ചത്. 22-ാം വയസ്സിൽ ബിസിനസ് ലോകത്തേക്ക് ചുവടു വെച്ച ഒ.പി ജിൻഡാൽ ഹിസാറിൽ ഒരു ചെറിയ ബക്കറ്റ് നിർമ്മാണ യൂണിറ്റിലൂടെയാണ് തുടങ്ങിയത്. 1964-ൽ പൈപ്പ് പ്രൊഡക്ഷൻ യൂണിറ്റായ ജിൻഡാൽ ഇന്ത്യ ലിമിറ്റഡ് സ്ഥാപിച്ചുകൊണ്ട് തുടർച്ച നൽകി. അഞ്ച് വർഷത്തിന് ശേഷം ആദ്യത്തെ വലിയ ഫാക്ടറി കൽക്കട്ടയിൽ സ്ഥാപിച്ചു, അങ്ങനെ ജിൻഡാൽ ഗ്രൂപ്പിന്റെ മഹത്തായ ചരിത്രത്തിന് തുടക്കമിട്ടു.

ഒരു സാധാരണ വീട്ടമ്മ എന്ന നിലയിൽ, തന്റെ ഭർത്താവിന്റെ ബിസിനസ്സ് എന്താണെന്നും അയാൾ എത്രമാത്രം സമ്പാദിച്ചുവെന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് അവർ വിവിധ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, 2005-ൽ ഹെലികോപ്റ്റർ അപകടത്തിൽ ഒപി ജിൻഡാൽ മരിച്ചതോടെ താമസിയാതെ ജിൻഡാൽ ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം അവർക്ക് ഏറ്റെടുക്കേണ്ടി വന്നു. അവർ ചെയർപേഴ്‌സണായി ചുമതലയേറ്റ ശേഷം ഗ്രൂപ്പിന്റെ വിറ്റുവരവ് നാല് മടങ്ങ് വർദ്ധിച്ചു. ചിലിയിലെയും മൊസാംബിക്കിലെയും ഖനികൾ ഏറ്റെടുത്ത് ഗ്രൂപ്പ് കമ്പനികൾ വിദേശത്തേക്ക് വ്യാപിച്ചു. ബിസിനസിലെ ഉയർച്ച താഴ്ചകൾക്കിടയിൽ  സാവിത്രിക്ക് ഭർത്താവിന്റെ രാഷ്ട്രീയ മണ്ഡലമായ ഹിസാറും അവകാശമായി ലഭിച്ചു. ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിൽ അവർ രണ്ടുതവണ മന്ത്രിയായി. 2006ൽ റവന്യൂ, ദുരന്തനിവാരണം, പുനരധിവാസം, പാർപ്പിടം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും 2013ൽ നഗര തദ്ദേശ സ്ഥാപനങ്ങളുടെ മന്ത്രിയായും അവർ ഭരണം നടത്തി.

ജിൻഡാൽ ഗ്രൂപ്പിന്റെ വിവിധ സാമൂഹിക ക്ഷേമ പരിപാടികളുടെ മേൽനോട്ടം വഹിക്കുകയും കുടുംബത്തിന്റെ സമഗ്രതയും മക്കളും കൊച്ചുമക്കളും തമ്മിലുള്ള ഐക്യവും ഉറപ്പാക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.വീടിന്റെ നിഴലിൽ നിന്ന് പുറത്തുകടന്ന് വലിയ ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിജയം കൈവരിച്ച സ്ത്രീ. രാഷ്ട്രീയത്തിലും പയറ്റി തെളിഞ്ഞ് പുരുഷ കേന്ദ്രീകൃത ലോകത്ത് പവർഫുൾ വുമണിന്റെ മികച്ച ഉദാഹരണമായി സാവിത്രി ജിൻഡാൽ മാറുന്നു.

Share.

Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version