കൺസർവേഷൻ ഇന്റർനാഷണൽ പ്രകാരം നാല് ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകൾ ഉള്ള ലോകത്തിന്റെ ‘Botanical Garden’ എന്നറിയപ്പെടുന്ന ഇന്ത്യ, ആഗോള പുഷ്പ വൈവിധ്യ ത്തിന്റെ10.45% ഉൾക്കൊള്ളുന്നു. വടക്ക്-കിഴക്കൻ(NE) സംസ്ഥാനങ്ങൾ രണ്ട് ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ ഭാഗമാണ്, ഹിമാലയവും ഇൻഡോ-ബർമ ജൈവ വൈവിധ്യ മേഖലയും.
മനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം കലയും പാരമ്പര്യവും കൊണ്ട് സമ്പന്നമായ, കുന്നുകളാൽ ചുറ്റപ്പെട്ട് മധ്യഭാഗത്ത് നീളമേറിയ താഴ്വരയും ചേർന്നതാണ് മണിപ്പൂർ. പാത്രത്തിന്റെ ആകൃതിയിലുള്ള താഴ്വരയുടെ എല്ലാവശങ്ങളും കുന്നുകളാൽ വലയം ചെയ്തിരിക്കുന്നു. താഴ്വരയിലാണ് ഇംഫാലും 4 ജില്ലകളും. സമുദ്ര നിരപ്പിൽ നിന്ന് 40 മീറ്റർ മുതൽ മാവോയ്ക്ക് സമീപമുള്ള ഐസൊ കൊടുമുടി (2,994 മീറ്റർ) വരെ ഉയരമുണ്ട് നാടിന്. മണിപ്പൂർ നദി താഴ്വരയിലൂടെ ഒഴുകി ചിൻഡ്വിൻ നദിയിൽ ചേരുന്നു. 67% വും ഇവിടെ വനമാണ്.
മണിപ്പൂരിലെ വ്യത്യസ്തമായ താപനിലയും കാലാവസ്ഥയും കൊണ്ട് വൈവിധ്യമാർന്ന സസ്യ ജാലങ്ങൾ പ്രദേശത്തിന്റെ മനോഹാരിതയും സൗന്ദര്യവും വർദ്ധിപ്പിച്ചു. വൈവിധ്യമാർന്ന സസ്യജാലങ്ങളും തഴച്ചു വളരുന്ന സസ്യജാലങ്ങളും ചേർന്ന് ലോകത്തിലെ മികച്ച 10 ജൈവ-വൈവിധ്യ ഹോട്ട് സ്പോട്ടുകളിൽ ഒന്ന് എന്ന സ്ഥാനം മണിപ്പൂർ നേടിയിട്ടുണ്ട്. വൈവിധ്യമാർന്ന സസ്യങ്ങൾക്കും മൃഗങ്ങൾക്കും പശ്ചിമഘട്ടത്തെ പോലെ പേരു കേട്ടതാണ് മണിപ്പൂർ.
104 ദേശീയ ഉദ്യാനങ്ങൾ, 566 വന്യ ജീവി സങ്കേതങ്ങൾ, 32 ആന സങ്കേതങ്ങൾ, 52 കടുവാ സങ്കേതങ്ങൾ, 97സംരക്ഷണ കേന്ദ്രങ്ങൾ, 214 കമ്മ്യൂണിറ്റി റിസർവുകൾ എന്നിവയുൾപ്പെ ടെ 1065 സംരക്ഷിത പ്രദേശങ്ങൾ രാജ്യത്തുണ്ട്. മാെത്ത വിസ്തീർണ്ണം171921ച km വരും. തണ്ണീർത്തട പ്രാധാന്യമുള്ള 75 റാംസർ സൈറ്റുകളും ഇന്ത്യക്കുണ്ട്.
മണിപ്പൂർ ധാതുക്കളുടെയും ക്രൂഡ് ഓയിലിന്റെയും മാത്രമല്ല ജൈവ വൈവിധ്യങ്ങളുടെയും വലിയ കലവറയാണ്. ചുണ്ണാമ്പു കല്ലും ക്രാേമൈറ്റും പ്ലാറ്റിനം തുടങ്ങി വൻ ക്രൂഡ് ഓയിൽ ശേഖരവും സംസ്ഥാനത്തിനുണ്ട്. അതിനു പുറമെ തെക്കു കിഴക്കൻ ഏഷ്യയിലെ Angiospermകളുടെ(6000)വലിയ തുടർച്ചയാണ് ഇവിടം. കിഴക്കൻ ഹിമാലയത്തിലും വടക്ക് കിഴക്കൻ ഇന്ത്യയിലും 3169 പ്രാദേശിക ജൈവ ഇനങ്ങളുണ്ട്(Endemism), 1200 ഔഷധ സസ്യങ്ങൾ, 400 ഇനം ഓർക്കിഡുകൾ, 200 ഇനം പുല്ലുകൾ,168 ഇനം Leguminous(പയറു വർഗ്ഗം)അങ്ങനെ പോകുന്നു പട്ടിക.
മണിപ്പൂരിലെ ജന്തു വൈവിധ്യങ്ങൾ 2601എണ്ണം വരും. 1220 ഇനം പ്രാണികളും 586 തരം പക്ഷികളും141ഇനം മത്സ്യങ്ങളും 127 ഇനം മോളസ്കുകളും ജന്തു ജാല ഗ്രൂപ്പുകളിൽ ആധിപത്യം പുലർത്തുന്നു. ഇന്ത്യൻ ശുദ്ധ ജല മത്സ്യങ്ങളുടെ 15.16% ഇവിടെയാണ്. ഭക്ഷ്യ സസ്യങ്ങളുടെ ജൈവ വൈവിധ്യം വളരെ വലുതാണ്. കൂൺ, കാട്ടു പഴങ്ങൾ, കാട്ടു പച്ചക്കറികൾ, ഇഞ്ചി, തണ്ണീർത്തട ഉൽപന്നങ്ങൾ തുടങ്ങിയവയും സംസ്ഥാനത്ത് ധാരാളം ഉണ്ട്. ഉപഭൂഖണ്ഡത്തിൽ അറിയപ്പെടുന്ന1232 പക്ഷി സ്പീഷീസുകളിൽ 586 എണ്ണത്തെ പ്രതിനിധീകരിക്കുന്നു. മണിപ്പൂരിൽ മാത്രം രാജ്യത്തെ പക്ഷികളിൽ 48% ഉണ്ട്.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വന സസ്യങ്ങളുടെയും കുറ്റിച്ചെടികളുടെയും ജൈവവൈവിധ്യം വളരെ കുറവാണ്. മധ്യ പടിഞ്ഞാറൻ ഇന്ത്യയിലും ജീവി വർഗ്ഗം അധികമില്ല. ഇവിടെയുള്ള10 ച.മീറ്റർ വനത്തിന്റെ ജൈവ വൈവിധ്യത്തിന്റെ വ്യാപ്തി യൂറോപ്പിലെ നൂറ് ഹെക്ടറിന് തുല്യമാണ്.
ഉയർന്ന സാമ്പത്തിക മൂല്യങ്ങളുള്ള ഏകദേശം1350 ഔഷധ സസ്യങ്ങളുടെ ആവാസ കേന്ദ്രമാണ് മണിപ്പൂർ. തദ്ദേശീയ സമൂഹങ്ങൾ വിവിധ പച്ച മരുന്നുകളെ(Etheno medicines) ദൈനം ദിനം ഉപയോഗിക്കുന്നു. ഗാേത്രങ്ങളുടെ വൈവിധ്യവും അവരുടെ പരമ്പരാഗത അറിവും കാരണം നിരവധി ഭക്ഷ്യ സസ്യങ്ങളെ പറ്റി സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയാം.
മെയ്തീസ്, നാഗാസ്, കുക്കി-ചിൻസ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത വംശീയ സമൂഹങ്ങളുടെ ആവാസ കേന്ദ്രമാണ് സംസ്ഥാനം. കുക്കി-ചിൻ ഗോത്രങ്ങളിൽ ഭൂരിഭാഗവും സംസ്ഥാനത്തെ ചുരാചന്ദ്പൂർ ജില്ലയിലാണ് താമസം. അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വന വിഭവങ്ങളെ വളരെയധികം ആശ്രയിക്കുന്നു.
വലിയ ജൈവ വൈവിധ്യ സമ്പത്തുണ്ടായിട്ടും ഗ്രാമീണ ദരിദ്രരുടെ സാമ്പത്തിക ഉന്നമനത്തിനായി ജൈവ വൈവിധ്യത്തിന്റെ വിനിയോഗം ഇവിടെ വളരെ കുറവാണ്. അതിനുള്ള കാരണം സാധാരണക്കാർക്കെതിരെ മാത്രം പ്രവർത്തിക്കുന്ന സംരക്ഷണ വ്യവസ്ഥ, ജൈവ വൈവിധ്യത്തിലെ ഗവേഷണത്തിന്റെ അഭാവം എന്നിവയാണ്. സസ്യ ഉൽപന്നത്തിന്, മരുന്ന് അഥവാ ഭക്ഷണ സപ്ലിമെന്റ് എന്ന നിലയിൽ ഗുണങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ജനങ്ങൾക്കു പ്രയോജനം ചെയ്യേണ്ടതായിരുന്നു
Travancorikase (കേരളത്തിലെ കാണി ഗോത്രത്തിലെ ജീവനി എന്ന ആരോഗ്യ പച്ച), P.Ginseng (കൊറിയയിലെ ജിൻസെംഗ്), Sinchona Pubesense തുടങ്ങിയവ പ്രാദേശിക ജനങ്ങൾക്ക് കുറച്ചെങ്കിലും സാമ്പത്തികമായ പ്രയോജനം ഉണ്ടാക്കി കൊടുത്ത പരീക്ഷണങ്ങളാണ്.
മുത്തുച്ചിപ്പികൾ, മലയോര ഞണ്ടുകൾ, ഒച്ചുകൾ മുതലായവയും ഭക്ഷണത്തിന് ഉപയോഗിക്കാൻ വിപുലമായ സാധ്യതകളുമുണ്ട്. ഈ ഇനങ്ങൾ വലിയ അളവിൽ തായ്ലൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. മുള അരി ഉപയോഗിച്ചുള്ള ലളിതമായ തായ് പാചകക്കുറിപ്പ് സ്വീഡനിൽ എത്തി വലിയ പ്രചാരമുള്ളതുമായി. എന്തു കൊണ്ട് ആസാമിനും മണിപ്പൂരിനും ഇതു സാധ്യമാകുന്നില്ല?
സുഗന്ധമുള്ള കറുത്ത അരി, രാജ മുളക്, പൈനാപ്പിൾ എന്നിവ ദേശീയ അന്തർദേശീയ വിപണികളിൽ എത്തുന്നത് ശുഭ സൂചകമാണ്. മുളകൾ(പുളിപ്പിച്ചവ ഉൾപ്പെടെ), വനം കൂൺ എന്നിവയെ ജനകീയമാക്കണം. അർഹമായ വിപണി സൃഷ്ടിക്കാത്ത കാട്ടു ഔഷധ സസ്യങ്ങൾ, കാട്ടു പച്ചക്കറികളുടെ Antioxident ഗുണങ്ങൾ കണ്ടെത്തുന്നതിലൂടെ വരുമാനം ഉണ്ടാക്കാം. ജൈവ വൈവിധ്യം വിപണനം ചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും വനം സംരക്ഷിക്കപ്പെടും.
വിപണനം ചെയ്യാവുന്ന ജൈവ വൈവിധ്യം ഔഷധ സസ്യങ്ങൾ, കുറ്റിച്ചെടികൾ, നിലം സസ്യങ്ങൾ, പഴങ്ങൾ, ഇലകൾ, പൂക്കൾ, വൃക്ഷ വിളകൾ ഒക്കെ വരുമാനമുണ്ടാക്കാവുന്ന മാർഗ്ഗങ്ങളാണ്. ജൈവ വൈവിധ്യ സംരക്ഷിത മേഖലകളിൽ കാർബൺ വ്യാപാരത്തിന് നല്ല സാധ്യതകളുണ്ട്. ഇത്തരം സാധ്യതകൾ സമ്പൂർണ്ണമായും ഉപയോഗപ്പെടുത്താത്ത ഇടങ്ങളിലെ മുൻ പന്തിയിലാണ് മണിപ്പൂർ.
പ്രകൃതിവിഭവങ്ങൾ കൊണ്ട് അതിസമ്പന്നമായ മണിപ്പൂരിന്റെ 90% റവന്യൂ വരവും ഇന്ന് കേന്ദ്ര സർക്കാർ വിഹിതത്തിൽ നിന്നായത് നാടിന്റെ പിന്നോക്കാവസ്ഥ പ്രകടമാക്കുന്നു. മലകളിലെ താമസക്കാരിൽ 40%ത്തിനടുത്തും ഇന്നും ദാരിദ്രത്തിൽ തന്നെയാണ്. മണിപ്പൂരിന്റെ പ്രതിശീർഷ വാർഷിക വരുമാനം 87,831രൂപ. കേരളത്തിന്റെത് 228,767 രൂപയും. കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തിന്റെ 38% മാത്രമുള്ള ഒരിടമായി മണിപ്പൂർ തുടരുന്നത് പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തുവാൻ സംസ്ഥാനം പരാജയപ്പെടുന്നതിനാലാണ്.
മെയ്തി വിഭാഗവും കുക്കി, നാഗ മറ്റ് ആദിമവാസികളും തമ്മിലുള്ള സംഘർഷത്തിനു പിന്നിൽ നാട്ടുകാർ അനുഭവിക്കുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയാണ് മുഖ്യ കാരണം. അധികാരങ്ങളിൽ പിടിമുറുക്കിയ താഴ്വാരത്തിലെ ജനങ്ങൾക്ക് മലകളിലെക്കു കടന്നു വന്നു ജീവിക്കണം എന്ന് പറയുന്നതും പട്ടിക വർഗ്ഗ സംരക്ഷണത്തിന്റെ ഭാഗമാകണം എന്ന് അവർ ആവശ്യപ്പെടുന്നതിനും പിന്നിൽ അവരുടെ വരുമാനം വർധിപ്പിക്കാൻ കഴിയാത്തതാണ് കാരണങ്ങൾ. ഒപ്പം മലകളിൽ ജീവിക്കുന്നവരുടെ സമ്പന്നമായ പ്രകൃതി വിഭവങ്ങൾ വൻകിടക്കാർക്ക് ഉപയോഗിക്കാവും വിധം കരാറുകൾ ഉണ്ടാക്കുന്ന സർക്കാർ, കാടുകളിൽ നിന്ന് ജനങ്ങളെ പുറത്താക്കുന്നതിനെതിരായി അവർക്കു ശബ്ദിക്കേണ്ടി വരുന്നു. ഈ പ്രശ്നങ്ങൾ മണിപ്പൂർ ജനങ്ങളെ പരസ്പരം പോരടിപ്പിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ രണ്ട് ജൈവ കലവറയുടെ താഴ് വാരത്തിലെ ജനങ്ങൾക്ക് അവരുടെ പ്രകൃതി സമ്പത്ത് ഉപയോഗപ്രദമാക്കാൻ കഴിയാത്ത സാഹചര്യം കോർപ്പറേറ്റുകൾക്കായി സർക്കാർ ഒരുക്കുമ്പോൾ യഥാർത്ഥ ശത്രുക്കൾക്കെതിരെ പോരാടാൻ ജനങ്ങളെ അശക്തമാക്കുകയാണ് കലാപങ്ങൾ.