ചില നേരങ്ങളിൽ ചില മനുഷ്യർ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി മീര മുരളീധരൻ മലയാളികൾക്ക് സുപരിചിതയായ താരമാണ്. നല്ല വിടർന്ന കണ്ണുകളും ഗ്രാമീണത തുളുമ്പുന്ന മുഖവും വശ്യതയാർന്ന ചിരിയും തനി നാടൻ സംസാര രീതിയും ഉള്ള മീര എന്ന നടിയെ അത്ര വേഗം ആരാധകർ മറന്നു കളയുകയുമില്ല. ഇരുപതോളം സീരിയലുകളിലും സിനിമകളിലും മിന്നിത്തിളങ്ങിയ താരം കുറച്ചു നാളുകളായി അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. അഭിനയത്തിൽ നിന്നും ഇടവേളയിൽ ആണെങ്കിലും ബിസിനസുകാരിയുടെ റോളിൽ തിരക്കിലാണ് മീര ഇപ്പോൾ. “മേരാകി ബൈ മീര” എന്ന ബേക്കിങ് സംരംഭം ആരംഭിച്ചിരിക്കുകയാണ് മീര ഇപ്പോൾ. വെറൈറ്റി കേക്ക് ഐറ്റംസ് ആണ് ഈ സംരംഭത്തിലൂടെ താരം വിപണനം നടത്തുന്നത്. അഭിനയത്തിൽ നിന്നും സംരംഭകയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ചാനൽ ഐ ആമിന് നൽകിയ അഭിമുഖത്തിൽ മീര സംസാരിക്കുകയാണ്.

അഭിനയം ഉപേക്ഷിച്ചതാണോ അതോ ഇടവേള എടുത്തത് ആണോ?
അഭിനയം ഉപേക്ഷിച്ചിട്ടില്ല, ഒരു ചെറിയ ഇടവേള എടുത്തതാണ്. 2019 ൽ ആയിരുന്നു അവസാനത്തെ വർക്ക് ചെയ്തത്. 2021 ൽ ആയിരുന്നു വിവാഹം. അങ്ങിനെ ഒരു ചെറിയ ബ്രേക്ക് എടുത്തതാണ്. നല്ല വർക്കുകൾ വരുന്നുണ്ട് ഇപ്പോൾ. ഇഷ്ടപ്പെട്ട വർക്കുകൾ വന്നാൽ ചെയ്യും. അഭിനയം പൂർണ്ണമായും ഉപേക്ഷിച്ചിട്ടൊന്നുമില്ല.

ബിസിനസിലേക്ക് കടക്കാനുള്ള പ്രചോദനം എന്താണ്?
ബിസിനസ് പൊതുവെ ഇഷ്ടമാണ്. ക്രിയേറ്റിവ് ആയ കാര്യങ്ങൾ ചെയ്യാൻ ആണ് കൂടുതൽ ഇഷ്ടം. വിവാഹത്തിന് മുൻപ് ഫാഷൻ ഡിസൈനിങ്ങിന് ജോയിൻ ചെയ്തിരുന്നു. ഫാഷൻ ഡിസൈനിങ്ങിനൊപ്പം തന്നെ ബേക്കിങ്ങും ചെയ്യുന്നുണ്ടായിരുന്നു. വിവാഹ ശേഷം ബേക്കിങ് കൂടുതലായി ചെയ്യാൻ തുടങ്ങി. പെയിന്റിംഗ് പോലെ ഉള്ള കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നു. ബേക്കിങ്ങും ഒരു ക്രിയേറ്റിവായ ആശയം ആയതുകൊണ്ടാണ് ഇതിൽ കൂടുതൽ ഇഷ്ടം തോന്നിയത്. ഒരു ഇഷ്ടം കൊണ്ട് ചെയ്തു തുടങ്ങിയത് ആണെങ്കിലും ഇപ്പോൾ അത് ഒരു ശീലവും ബിസിനസുമൊക്കെ ആയി മാറിക്കഴിഞ്ഞു.

ഒരു സംരംഭക എന്ന നിലയിൽ എന്താണ് ബിസിനസ്സിൽ ലക്ഷ്യം വയ്ക്കുന്നത്?
അനിയൻ ഇപ്പോൾ കാനഡയിൽ പഠിക്കുകയാണ്. ബിസിനസ് അനലിറ്റിക്സ് ആണ് പഠിക്കുന്നത്. ഒന്നുകിൽ അവന്റെ പഠിത്തം പൂർത്തിയായ ശേഷം അല്ലെങ്കിൽ അതിനു മുൻപ്, ഞങ്ങൾ ഒരുപോലെ ആഗ്രഹിക്കുന്നതാണ് ഒരു ഷോപ്പ് തുടങ്ങണം എന്ന്. ഒരു കേക്ക് ഷോപ്പ് അല്ലെങ്കിൽ ഒരു കഫെ ആണ് പ്ലാൻ ചെയ്യുന്നത്. ഇപ്പോൾ ഹോം ബേക്കിങ് ആണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുറച്ച് മുന്നോട്ട് പോയ ശേഷം ഒരു ഷോപ്പ് ഓപ്പൺ ചെയ്യുക എന്നത് തന്നെയാണ് ആഗ്രഹവും ലക്ഷ്യവും. ബേക്കിങ് കാര്യമായി പഠിച്ചിട്ടല്ല ഞാൻ ചെയ്തു തുടങ്ങിയത്. എന്റെ കഴിവും യൂട്യൂബ് നോക്കി പഠിച്ചതും വച്ച് മാത്രമാണ് ഞാൻ ചെയ്തു തുടങ്ങിയത്. എനിക്ക് കുറച്ചുകൂടി സീരിയസ് ആയി ബേക്കിങ്ങിനെ കുറിച്ച് പഠിക്കാൻ ആഗ്രഹമുണ്ട്. അത് പ്രൊഫെഷണൽ ആയി പഠിച്ച ശേഷമായിരിക്കും ആയിരിക്കും ഷോപ്പ് ഓപ്പൺ ചെയ്യുന്നത്.

ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ?
ഭർത്താവും കുടുംബവും തന്നെയാണ് ഏറ്റവും പിന്തുണ നൽകുന്നത്. എന്റെയൊപ്പം ബേക്കിങ്ങിനു ആവശ്യമായ സാധനങ്ങൾ വാങ്ങാൻ വരുന്നത് ഒക്കെ അദ്ദേഹം ആണ്. കേക്ക് സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ ഡെലിവറി ഉണ്ടെങ്കിലും ഓഡറുകൾ അനുസരിച്ച് ചില ഹോം ഡെലിവെറികൾ ഞങ്ങൾ നേരിട്ട് നടത്താറുണ്ട്. അപ്പോഴൊക്കെ അതിനു കൂടുതൽ സഹായം ചെയ്യുന്നത് ഭർത്താവാണ്.

സിനിമകൾ?
സെക്കന്റസ് എന്ന ചിത്രത്തിലും തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലുമാണ് ബിഗ്സ്ക്രീനിൽ അഭിനയിച്ചിട്ടുള്ളത്. കൂടുതലും മിനിസ്ക്രീനിൽ തന്നെ ആയിരുന്നു അഭിനയിച്ചിട്ടുള്ളത്.
Explore the journey of actress Meera Muralidharan from acting to entrepreneurship with her baking venture “Meraki by Meera”. Learn about her motivations, future business plans, and family support.