സഹകരണ സംഘങ്ങൾക്ക്  സഹകരണ വ്യവസായ പാർക്കുകൾ തുടങ്ങാൻ വഴിയൊരുങ്ങുന്നു. ഇതിനായുള്ള കരട് മാർഗ രേഖ വ്യവസായ വകുപ്പ് തയാറാക്കിക്കഴിഞ്ഞു.  കണ്ണൂരിലായിരിക്കും ആദ്യം തുടങ്ങുക. സഹകരണ സംഘങ്ങൾക്ക് സംയുക്ത പദ്ധതിയായി വ്യവസായ പാർക്കുകൾ തുടങ്ങാമെന്നതാണ് പ്രധാനനിർദേശം. അപേക്ഷയിൽ ഒരുമാസത്തിനുള്ളിൽ അനുമതി നൽകും. സഹകരണസ്ഥാപനങ്ങൾക്ക് മാത്രമായോ, സ്വകാര്യസംരംഭകരെ ഉൾപ്പെടുത്തിയോ പാർക്ക് നടത്താം. സഹകരണ പാർക്കുകൾക്കായി പ്രത്യേകം ഏകജാലക ബോർഡ് സ്ഥാപിക്കാമെന്നും കരട് മാർഗരേഖയിൽ പറയുന്നു.

 സഹകരണ സംഘങ്ങൾ സംയുക്തമായി ഫണ്ട് സ്വരൂപിച്ച് പുതിയ പദ്ധതികൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥ സഹകരണ നിയമത്തിൽ സർക്കാർ കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇതേരീതിയിൽ വ്യവസായ പാർക്കുകൾക്ക് അപേക്ഷ നൽകിയാലും അനുമതി നൽകാമെന്ന മാർഗരേഖ വ്യവസായ വകുപ്പ് തയ്യാറാക്കിയത്. ഏകജാലക സംവിധാനം വഴി  ഓൺലൈനായി സംഘങ്ങൾക്ക് അപേക്ഷ നൽകാം.

പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപ-വായ്പ അനുപാതം കുറവാണ്. മിച്ചഫണ്ട് പദ്ധതികൾക്ക് ഉപയോഗപ്പെടുത്താനാണ് കൺസോർഷ്യം രൂപവത്കരിച്ച് പദ്ധതികൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥ നിയമത്തിൽ കൊണ്ടുവന്നത്. എല്ലാ ജില്ലകളിലും സഹകരണ കൺസോർഷ്യത്തിലൂടെ വ്യവസായ പാർക്കുകൾ തുടങ്ങാൻ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിലായിരിക്കും ആദ്യം തുടങ്ങുക.

സഹകരണ പാർക്കുകൾക്ക് നാലുകോടിരൂപ സർക്കാർസഹായം ലഭിക്കും. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ രണ്ടുകോടിയും കെട്ടിട സൗകര്യമൊരുക്കാൻ രണ്ടുകോടിയും നൽകും. പത്തേക്കർ ഭൂമിയെങ്കിലും ഉണ്ടെങ്കിലേ നിലവിൽ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകൂ. എന്നാൽ സഹകരണ പാർക്കുകൾക്ക്  ഭൂമിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. നഗരസഭാപരിധികളിൽ നാലേക്കർ ഭൂമിയും അതിൽ രണ്ടേക്കർ സ്ഥലത്തെങ്കിലും നിർമാണത്തിന് സൗകര്യവുമുണ്ടെങ്കിൽ സഹകരണ പാർക്കുകൾ അനുവദിക്കും.

നിർദ്ദിഷ്ട പദ്ധതി പ്രദേശം പാരിസ്ഥിതിക ദുർബലപ്രദേശം, തീരദേശ പരിപാലനനിയമത്തിന്റെയും നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിന്റെയും പരിധിയിൽ ഉൾപ്പെടുന്ന സ്ഥലം എന്നിവ ആയിരിക്കരുത്. അപേക്ഷ ലഭിച്ചാൽ ജില്ലാ വ്യവസായ സ്ഥലനിർണയ കമ്മിറ്റി പരിശോധന നടത്തി ശുപാർശ നൽകും. ജില്ലകളിൽനിന്നുള്ള ശുപാർശ വ്യവസായ വാണിജ്യ ഡയറക്ടർ പരിശോധിക്കും. അപേക്ഷ പരിശോധിച്ച് വ്യവസായ-വാണിജ്യ ഡയറക്ടർ സംസ്ഥാനതല സമിതിക്ക് ശുപാർശ ചെയ്യും. സാങ്കേതിക-ധനകാര്യ പരിശോധന പൂർത്തിയാക്കി സമിതി വ്യവസായ പാർക്കിനു  രണ്ടുവർഷത്തേക്ക് അനുമതിക്ക് ശുപാർശ ചെയ്യും. ഇത്തരത്തിൽ സംസ്ഥാനതല സമിതിയുടെ ശുപാർശ ലഭിച്ചാൽ വ്യവസായ വകുപ്പ് സഹകരണ പാർക്കിനുള്ള അനുമതി നൽകും.

Kerala’s industry department prepares a draft roadmap for cooperative industrial parks, starting with Kannur, offering government assistance and simplified application processes for cooperative societies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version