കണ്ണുനിറയുന്നൂ സർഇതിഹാസമേ വിട! |   Ratan Tata Tribute

പ്രത്യേകിച്ച് ഒന്നും വേണ്ട, അങ്ങ് അവിടെ ഉണ്ടല്ലോ എന്ന പ്രതീക്ഷയായിരുന്നു ഇതുവരെയുള്ള ശക്തി! കാരണം ബിസിനസ്സില്ലാതെ എന്ത് മനുഷ്യൻ എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ മനുഷ്യത്വമില്ലാതെ എന്ത് ബിസിനസ്സ് എന്ന് കാണിച്ചുതന്ന പച്ചമനുഷ്യൻ! അങ്ങയെപ്പോലെ അങ്ങ് മാത്രമേയുള്ളൂ രത്തൻ! ഇതിഹാസങ്ങൾക്ക് മരണമില്ലെന്ന് പറയില്ലേ, അങ്ങയ്ക്കും മരണമില്ല, അല്ലെങ്കിൽ മരണം കൊണ്ട് കാലം കരുതിയത് മനുഷ്യർ അങ്ങയെ മറന്നുപോകണമെന്നാണെങ്കിൽ, കാലം തോൽക്കും! മനുഷ്യത്വം ഉള്ളിടത്തോളം അങ്ങയുടെ മഹത്വപൂർണ്ണമായ ജീവിതം ഉജ്ജ്വലമായ പ്രതീക്ഷപോലെ, ആശ്രയിക്കാവുന്ന സത്യം പോലെ, നെറികേടിന്റെ കാലത്തും മനുഷ്യനായി ജീവിക്കാം എന്ന പ്രതീകമായി  അങ്ങ് നിലനിൽക്കും.  ആ തെളിമയുള്ള ജീവിതം തന്നെ മതി ഇനിയുള്ള തലമുറയ്ക്ക് മുന്നോട്ട് പോകാൻ.

കരുണയുടെ വ്യാപാരി
ജെആർഡി ടാറ്റ എന്ന വടവൃക്ഷത്തിന്റെ കാലശേഷം ടാറ്റയുടെ ഭാവി എന്ത് എന്ന ഘട്ടത്തിലാണ് 1991ൽ രത്തൻ, ടാറ്റയുടെ അമരത്തെത്തുന്നത്. ഇത് അദ്ദേഹത്തിന് വലിയ വെല്ലുവിളി ആയിരുന്നു. ഒരിക്കലും വിജയിക്കാൻ ഇടയില്ലാത്ത ചെയർമാൻ എന്ന് വരെ അന്ന് ചില മാധ്യമങ്ങൾ അദ്ദേഹത്തെ വിമർശിച്ചു. ഇനം ഏതാണെന്ന് അറിയുംമുമ്പേ വിലയിട്ടപോലെ.. എന്നാൽ എന്താണ് സംഭവിച്ചത്? ടാറ്റയുടെ മുൻകാല മഹാരഥന്മാർ വെട്ടിയുണ്ടാക്കിയ സംരംഭത്തെ, ഒരാൾക്കും അനുകരിക്കാനാകാത്ത തരത്തിൽ കാരുണ്യത്തിന്റെ വ്യവസായമാക്കി അദ്ദേഹം മാറ്റി! രത്തൻ കരുണയുടെ വ്യാപാരിയായി. ഇന്ത്യയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടാറ്റയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തി. നിതാന്ത പരിശ്രമത്തിലൂടെ രത്തൻ വിമർശകരുടെ വായടപ്പിച്ചു. പിന്നീട് കണ്ടത് ടാറ്റയുടെ വിജയ ഗാഥയായിരുന്നു. ഓവർസീസ് ആക്ക്വിസിഷൻ കൊണ്ട് ടാറ്റ വാർത്തകളിൽ നിറഞ്ഞു. ടെട്ലിയും കോറസും ജാഗ്വേറും ലാൻഡ് റോവറുമെല്ലാം ടാറ്റയുടെ കൈപ്പിടിയിലായി. ഇന്ത്യയിലും രത്തൻ ടാറ്റയുടെ പ്രവർത്തനങ്ങൾ ഇതേ പ്രാധാന്യത്തോടെ ആയിരുന്നു. സാധാരണക്കാർക്കായി ഒരു കാർ എന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. അങ്ങനെ ടാറ്റ നാനോ പിറന്നു.

വ്യവസായ സാമ്രാജ്യത്തിൽ അങ്ങേയറ്റം കോർപ്പറേറ്റ് ആയ രത്തൻ, ലാഭത്തിലെ ഓരോ നാണയത്തുട്ടിലും  മഹാദാനത്തിന്റെ ചൈതന്യം ദർശിച്ചു. സംരംഭകൻ എന്ന നിലയിൽ എല്ലാ  മേഖലകളിലും സമാനതകൾ ഇല്ലാത്ത പേരായിരുന്നു രത്തൻ ടാറ്റയുടേത്. പരോപകാരവും അനുകമ്പയുമുള്ള മനുഷ്യർ നിരവധിയുണ്ടാവും. എന്നാൽ ഹൃദയ വിശുദ്ധിയും സംരംഭക ബുദ്ധിയും നിർമ്മലമായ സഹാനുഭൂതിയും ഒത്തുചേർന്ന ഒരു ദൈവപുത്രനുണ്ടെങ്കിൽ വർത്തമാനകാലത്തിൽ‌ ഈ പ്രപഞ്ചത്തിൽ രത്തനല്ലാതെ മറ്റൊരാളുണ്ടാവില്ല!

അമേരിക്കയിൽ രത്തൻ ടാറ്റ പഠിച്ചത് ആർക്കിടെക്റ്റ് ആകാൻ ആയിരുന്നു. എന്നാൽ ആ മേഖലയിൽ അദ്ദേഹം അധികം ജോലി ചെയ്തില്ല. പകരം കാലം രത്തൻ ടാറ്റയ്ക്ക് ഒരുക്കി വെച്ച ചുമതല ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ ആർക്കിടെക്റ്റ് എന്ന പദവിയായിരുന്നു. കാലവും ചരിത്രവും സാക്ഷി, രത്തൻ ആ ഉദ്യമം പൂർത്തിയാക്കിയാണ് മറയുന്നത്.

മനുഷ്യനും അപ്പുറം എന്തോ ആണ്
രത്തൻ ടാറ്റയെക്കുറിച്ച് ആവേശത്തോടെയും ആദരവോടെയും നിരവധി വീഡിയോകൾ ചാനൽ അയാം ചെയ്തിരുന്നു. അതെല്ലാം ഹൃദയത്തിൽ തട്ടി, അങ്ങേയറ്റം ആരാധനയോടെ ചെയ്തവയാണ്. നമുക്ക് ഒരാളെ കേവലം വാക്കുകൾ കൊണ്ട് മഹാനാക്കാം. ചിലർ മഹാത്മാക്കളായത് കൊണ്ട് നമുക്ക് പറയാനും സ്വയം ചിന്തിക്കാനും അവസരം കിട്ടും. രത്തൻ ടാറ്റ അങ്ങനെയൊരു മനുഷ്യനാണ്, അല്ല, മനുഷ്യനും അപ്പുറം എന്തോ ആണ്.

കാരണം ഏകാന്തനായി, ഒന്നും ചെയ്യാതെ ഇരിക്കുന്ന ആളുകൾക്ക് സ്നേഹത്തെക്കുറിച്ചും, കാരുണ്യത്തെക്കുറിച്ചും എത്രവേണമെങ്കിലും ആഹ്വാനം ചെയ്യാം. വാചാലനാകാം. അവർ സമൂഹത്തിലേക്ക്, വിവിധ സ്വഭാവവും സംസ്ക്കാരവും ഉള്ളവരുടെ ഇടയിലേക്ക് ഇറങ്ങി നിൽക്കുന്നില്ല.  രത്തൻ ടാറ്റ, ആ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന കാലം അദ്ദേഹം നേരിട്ടത് നെറിയോ, നന്മയോ, ദയയോ ഇല്ലാത്ത മനുഷ്യരെയാണ്. അത് ഭരണാധികാരികളും രാഷ്ട്രീയ വേഷമണിഞ്ഞവരും, ബിസിനസ്സ് കൊമ്പന്മാരും ആയിരുന്നു. ഇവരോടൊക്കെ, ഈ കെട്ടകാലത്ത് മുട്ടി നിൽക്കാനും കൽമഷം ഒട്ടുമില്ലാതെ ജീവിക്കാനും, ബിസിനസ്സിനെ പരിധികളില്ലാതെ വളർത്താനും വരവിലെ പണം വയറ് ഒട്ടിപ്പോയ പാവപ്പെട്ടവന് നൽകാനും കഴിഞ്ഞ പച്ചയായ മനുഷ്യൻ! സർ, അങ്ങയുടെ കാലത്ത് ജീവിക്കാനായി എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.

അവിടെ ഉണ്ടല്ലോ എന്ന ബലം! 


സിനിമാ താരങ്ങളേയും രാഷ്ട്രീയക്കാരേയും ആരാധിക്കുന്ന, അവർക്ക് ആരാധനാലയം പണിയുന്ന ഇന്ത്യയിൽ ഒരു ബിസിനസ്സ്കാരനെ ആരാധിക്കുകയും ദൈവീകതയുള്ള മനുഷ്യനായി കാണുകയും ചെയ്യുന്നുവെങ്കിൽ അത് രത്തൻ, അങ്ങാണ്. അങ്ങ് മാത്രമാണ്! സാധാരണ ഒരാളുടെ മരണം കുടുംബത്തെ തീരാനഷ്ടത്തിലേക്കും  വേദനയിലേക്കും തള്ളിവിടും, അങ്ങയുടെ വേർപാട് എന്നെപ്പോലെ കോടിക്കണക്കിന് ഇന്ത്യക്കാരെ കടുത്ത വേദനയിലേക്ക് തള്ളിവിട്ടിരിക്കുന്നു, നേരിട്ട് കണ്ടില്ലെങ്കിലും അവിടെ ഉണ്ടല്ലോ എന്ന ബലം! സംരംഭക എന്ന നിലയിൽ ഒരിക്കൽ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു, ഒരുപാട് ഇന്ത്യക്കാരെ പോലെ! കർമ്മം പൂർത്തിയാക്കി മടങ്ങുന്ന മഹാ മനുഷ്യാ, പ്രണാമം.. മറ്റൊന്നും പറയാൻ തോന്നുന്നില്ല ഇപ്പോൾ! 

A tribute to Ratan Tata, a visionary leader who blended business with humanity, transforming the Tata Group into a global powerhouse. His legacy of compassion, innovation, and integrity continues to inspire.

Share.

Comments are closed.

Exit mobile version