സമ്പത്ത് മാത്രം നോക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും പണമുള്ള ആൾ രത്തൻ ടാറ്റയല്ല. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം ആരാധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെട്ട വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയാണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത് ഇരുന്നതിലൂടെ ജീവകാരുണ്യരംഗത്തും സ്നേഹസ്പർശമായി രത്തൻ മാറി. അതിലുപരി ടാറ്റാ സൺസിന്റെ മേധാവിയായിരുന്ന രത്തൻ ഇന്ത്യയിലെ ഏറ്റവും കരുത്തനായ വ്യവസായപ്രമുഖൻ തന്നെ ആയിരുന്നു.

പൊതുവിടങ്ങളിൽ നിന്നും കഴിവതും ഒളിച്ചു നടന്ന അന്തർമുഖനായിരുന്നു രത്തൻ ടാറ്റ. മനുഷ്യരേക്കാളധികം അദ്ദേഹം അടുത്ത് ഇടപഴകിയിരുന്നത് തന്റെ അരുമകളായ വളർത്തു നായകളോടായിരുന്നു. അതും മുന്തിയയിനം ബ്രീഡുകളല്ല, തെരുവിൽ നിന്നും എടുത്ത് അരുമയാക്കി വളർത്തിയ സാധാരണ നായകൾ.

ഒരു അഭിമുഖത്തിൽ തന്റെ ഉൾവലിഞ്ഞ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ രത്തൻ ടാറ്റ തമാശയെന്നോണം പറഞ്ഞതിങ്ങനെ: “ഞാൻ അത്ര മികച്ച സാമൂഹ്യ ജീവിയായിരിക്കില്ല, എന്നാൽ ഒരു സാമൂഹ്യ വിരുദ്ധനുമല്ല!”

ഒറ്റപ്പെടലും അവഗണനയും അനുഭവിച്ച കുട്ടിക്കാലമായിരുന്നു കുഞ്ഞു രത്തന്റേത്. രത്തന്റെ പിതാവ് നേവൽ ടാറ്റ വലിയ കർക്കശക്കാരനായിരുന്നു. വീട്ടുനിയമങ്ങൾ കൃത്യമായി പാലിക്കണം എന്ന് പിതാവിന് ശാഠ്യമുണ്ടായിരുന്നു. ഇതെല്ലാം രത്തന്റെ സ്വഭാവ രൂപീകരണത്തിൽ സ്വാധീനം ചെലുത്തി. ചൂരൽക്കഷായങ്ങൾ സ്ഥിരമായെന്നോണം രത്തനും സഹോദരൻ ജിമ്മിക്കും ലഭിക്കാറുണ്ടായിരുന്നു. പണമുണ്ട് എന്നതിന്റെ യാതൊരു ലാളനയും രത്തൻ കുട്ടിക്കാലത്ത് അനുഭവിച്ചിരുന്നില്ല.

ജംഷട്ജി ടാറ്റയുടെ ഇളയ മകന്റെ വിധവയായിരുന്നു രത്തന്റെ മുത്തശ്ശി നവാജ്ബായ് ടാറ്റ. കുട്ടികളുണ്ടായിരുന്ന അവർ നേവലിനെ ദത്തെടുക്കുകയായിരുന്നു. രത്തന്റെ കുട്ടിക്കാലം മുതലുള്ള കൂട്ട് മുത്തശ്ശിയായിരുന്നു. രത്തന് പത്ത് വയസ്സുള്ളപ്പോൾത്തന്നെ മാതാപിതാക്കൾ തമ്മിൽ വേ‍ർപിരിഞ്ഞിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ-വ്യവസായ പൈതൃകം രത്തനെ പഠിപ്പിച്ചത് നവാജ്ബായ് ആണ്. തന്റെ ഉത്തരവാദിത്വങ്ങൾ വലുതാണെന്ന് നവാജ്ബായ് ചെറുപ്പം തൊട്ട് രത്തനെ ഓ‍ർമപ്പെടുത്തി.

നവാജ്ബായുടെ നിർദേശപ്രകാരമാണ് കോർണൽ യൂണിവേർസിറ്റിയിലെ പഠനത്തിനു ശേഷം യുഎസിൽ നിന്നും രത്തൻ ഇന്ത്യയിലെത്തി ടാറ്റയിൽ ജോലിക്ക് കയറുന്നത്. അന്ന്, ജെആ‌ർഡി ടാറ്റ അടക്കം ആർക്കും രത്തനെ ഭാവിയിലെ മേധാവിയാക്കാനുള്ള യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. എന്നാൽ നവാജ്ബായിക്ക് രത്തന്റെ കഴിവിൽ പൂർണവിശ്വാസമുണ്ടായിരുന്നു.

രത്തൻ ടാറ്റയിൽ പ്രവേശിച്ച ഉടൻ തന്നെ മുറുമുറുപ്പുകളുണ്ടായി. ജെആ‍ർഡിക്കും ആദ്യ ഘട്ടങ്ങളിൽ രത്തനെ അത്ര പഥ്യമല്ലായിരുന്നു. ജെആർഡിയുടെ അവസാനകാലത്താണ് ഈ അനിഷ്ടം മാറിയത്. 1991ൽ, 53ാമത്തെ വയസ്സിൽ രത്തൻ ടാറ്റയുടെ മേധാവിയായി.

രത്തൻ തലപ്പത്തെത്തിയ ഉടൻ സ്റ്റീൽ വിഭാഗത്തിലും താജ് ഹോട്ടലുകളിലും ടാറ്റാ കെമിക്കൽസിലും അഴിച്ചു പണി നടത്തി. അന്തർമുഖനും ആത്മവിശ്വാസവുമില്ലാത്ത ഉൾവലിഞ്ഞ പക്ഷിയിൽ നിന്നും ഉയിർപ്പിലുണ‍ർന്ന സിംഹമായി അപ്പോഴേക്കും രത്തൻ മാറിക്കഴിഞ്ഞിരുന്നു. ഒരു ചെയ‍ർപേഴ്സൺ എന്ന നിലയിലും അപ്പുറമായിരുന്നു ടാറ്റയ്ക്ക് വേണ്ടി രത്തൻ ചെയ്ത കാര്യങ്ങൾ.

ചൂതാട്ടം എന്നുപോലും വിശേഷിപ്പിക്കപ്പെട്ട തീരുമാനങ്ങളിലൂടെ രത്തൻ ടാറ്റയെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കെത്തിച്ചു. 2000ത്തിൽ ബ്രിട്ടിഷ് ടെട്ലി വാങ്ങിയ ടാറ്റ 2007ൽ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ നി‍ർമാതാക്കളായ കോറസും വാങ്ങിച്ചു. ഇൻഡിക്കയുടെ നിർമാണത്തോടൊപ്പം ജാഗ്വർ, ലാൻഡ് റോവർ പോലുള്ള ഇതിഹാസ കമ്പനികളും ടാറ്റ വാങ്ങിയത് രത്തനു കീഴിലാണ്.

വ്യവസായത്തിലും ജീവകാരുണ്യത്തിലും ടാറ്റയുടെ മൂല്യങ്ങൾ രത്തൻ മുറുകെപ്പിടിച്ചു. ആഢംബരത്തിൽ മുങ്ങിക്കുളിച്ച ഇന്ത്യൻ കോടീശ്വരൻമാർക്ക് മുന്നിൽ ലാളിത്യത്തിന്റെ പ്രതീകമായി രത്തൻ.

Discover the inspiring journey of Ratan Tata, from his humble beginnings to leading the Tata Group with integrity, philanthropy, and transformational leadership.

Share.

Comments are closed.

Exit mobile version