വിശ്വാസം, അതല്ലേ എല്ലാം എന്ന വാചകവുമായി വന്ന ബ്രാൻഡിന് പിന്നിൽ വിശ്വാസ്യതയുടേയും വിശ്വാസത്തിന്റേയും വലിയ കഥയുണ്ട്. ശാന്തിക്കാരനായിരുന്ന മുത്തശ്ശൻ, വിശ്വാസികളുടെ കാവൽക്കാരൻ. ആ മുത്തശ്ശന്റെ ചെറുമകൻ ഇപ്പോൾ 75000 കോടിയുടെ സംരംഭത്തിന് ഉടമയാണ്. ചെറിയ രീതിയിൽ ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയിൽ മാത്രം ഇരുന്നൂറ്റിയമ്പതും ഗൾഫ് രാജ്യങ്ങളിൽ മുപ്പതും ഷോറൂമുകളുമുള്ള പടുകൂറ്റൻ പ്രസ്ഥാനമായി മാറിയിരിക്കുന്നു. വൈകാതെ യുഎസ്സിലേക്കും സംരംഭവുമായി എത്താൻ ഒരുങ്ങുകയാണ് ടി.എസ്. കല്യാണ രാമനും അദ്ദേഹത്തിന്റെ കല്യാണും. കല്യാണിന്റെ കഥയറിയാം.

1993ൽ തൃശ്ശൂരിലെ തെരുവിൽ ടി.എസ്. കല്യാൺ രാമൻ ആരംഭിച്ച ഒരു ആഭരണക്കടയിൽ നിന്നാണ് കല്യാണിന്റെ കഥ തുടങ്ങുന്നത്. എന്നാൽ യഥാർത്ഥ കഥ അതിലും എത്രയോ മുൻപ് തുടങ്ങുന്നു. അതിലെ ആദ്യ നായകൻ കല്യാണ രാമനല്ല.  

മുതുമുത്തശ്ശൻമാരുടെ കാലം മുതൽ ശാന്തിപ്പണിയുമായി കഴിഞ്ഞിരുന്ന കുടുംബം. അച്ഛൻ സീതരാമയ്യർക്കൊപ്പം കല്യാണ രാമനും ശാന്തിപ്പണി ചെയ്യാറുണ്ടായിരുന്നു. സീതരാമയ്യർ ആണ് ആദ്യമായി കുടുംബത്തിൽ ഒരു സംരംഭം ആരംഭിക്കുന്നത്. അതൊരു തുണിക്കടയായിരുന്നു. വൈകാതെ കേരളത്തിനകത്ത് നിരവധി കടകൾ തുറന്നു. സാരിയും മറ്റ് തുണിത്തരങ്ങളും ഉള്ള കൊച്ചുകൊച്ചു കടകൾ. എന്നാൽ അധികം വൈകാതെ അത് നിലച്ചു. കടക്കെണിയിൽപെട്ട് സീതരാമയ്യരുടെ തൃശൂരിലെ പ്രധാന കട പൂട്ടേണ്ടി വന്നു.

തൃശൂരിലെ ആ തുണിക്കടയ്ക്ക് ചുറ്റും ചെറിയ ചെറിയ സ്വർണക്കടക്കളായിരുന്നു. കേരളവർമയിൽ നിന്ന് പഠിച്ചിറങ്ങിയ കല്യാൺ അപ്പഴേക്കും അച്ഛന്റെ സംരംഭത്തിൽ ഒപ്പം നിൽക്കാൻ തുടങ്ങിയിരുന്നു. തുണിക്കടകൾ പൂട്ടിയപ്പോൾ കല്യാണ രാമൻ ചുറ്റുമുള്ള സ്വർണക്കടകളിലേക്ക് നോക്കി. കുറേയേറെയുണ്ട്. അതിൽ ഒരു വിശ്വാസ്യതയുള്ള സ്വർണ ബ്രാൻഡ് ഉണ്ടോ? ഇല്ല എന്ന് കല്യാണ രാമന് തോന്നി. അങ്ങനെ  സ്വർണത്തിലേക്ക് തിരി‌ഞ്ഞു. വിശ്വാസ്യതയുള്ള ഒരു ബ്രാൻഡിന്റെ വിടവ് കല്യാണരാമൻ ആഭരണക്കച്ചവടത്തിൽ കണ്ടു. വിശ്വാസ്യതയാണ് മഞ്ഞലോഹത്തിന്റെ കച്ചവടത്തിൽ ഏറ്റവും വലുതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

കയ്യിലുള്ള ചില്ലറ കാശ് തികയില്ലായിരുന്നു. 50 ലക്ഷം വായ്പയെടുത്തു. ആദ്യ വായ്പ, ആദ്യ സംരംഭം, ആദ്യ ജ്വല്ലറി. 1993ൽ കേരളത്തിന്റെ തന്നെ സ്വർണ വ്യാപാരം തിരുത്തിയ ആ പേരും പെരുമയും ആരംഭിച്ചു-കല്യാൺ ജ്വല്ലറി. ചുറ്റുമുള്ള ചെറിയ സ്വർണക്കടകൾക്കിടയിൽ വലിപ്പം കൊണ്ട് കല്യാൺ വേറിട്ട് നിന്നു. കടയേക്കാൾ വലിപ്പം ജനങ്ങൾക്ക് ആ ബ്രാൻഡിലുള്ള വിശ്വാസ്യതയ്ക്കും ഉണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ തണൽപറ്റി കല്യാൺ വളർന്നു.

പാലക്കാടാണ് കല്യാണിന്റെ രണ്ടാമത്തെ ഷോറൂം വരുന്നത്. പക്ഷേ പൂരങ്ങളുടെ നാട്ടിലേത് പോലെ വേലകളുടെ നാട്ടിൽ കല്യാൺ ആദ്യം ക്ലച്ച് പിടിച്ചില്ല. കല്യാണരാമൻ പാലക്കാട്ടെ ഷോറും മകൻ രമേശിനെ ഏൽപ്പിച്ചു.  ഇരുവരും ചേർന്ന് വിട്ടുപോയ സ്വർണക്കണ്ണികൾ ചേർത്തുവെക്കുന്നപോലെ പാലക്കാട് ഷോറൂമിനേയും ചേർത്തുവെച്ചു.

പാലക്കാട് കല്യാണരാമനും കല്യാണിനും വലിയ പാഠമായിരുന്നു. പ്രാദേശിക ശീലങ്ങൾക്ക് അനുസരിച്ച് ആളുകൾ സ്വർണം വാങ്ങുന്നതിൽ മാറ്റം വരുമെന്ന് അവർ തിരിച്ചറിഞ്ഞത് അവിടെ നിന്നാണ്. ആ പാഠം പിന്നീട് കേരളത്തിനകത്തും പുറത്തും ഓരോ ജ്വല്ലറി തുറക്കുമ്പോഴും അവർ മനസ്സിലോർത്തു. അങ്ങനെ ഓരോ ഇടങ്ങളിലും അതാത് പ്രദേശങ്ങളുടെ വാങ്ങൽ ശീലത്തിനൊത്ത സ്വർണക്കടകൾ തുറന്നു. ഓരോ ജ്വല്ലറി തുറക്കുന്നതിനു മുൻപും അതാത് സ്ഥലങ്ങളിലെ ആളുകളുടെ രീതി പഠിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. ഡിസൈനിൽ പ്രാദേശിക ഭേദങ്ങൾ നിറഞ്ഞ സ്വ‌ർണാഭരണങ്ങൾ അങ്ങനെ തെളിഞ്ഞു വന്നുകൊണ്ടേയിരുന്നു. ജ്വല്ലറി ആരംഭിക്കുന്ന സ്ഥലങ്ങളിൽ നിന്നു തന്നെ തട്ടാൻമാർ അടക്കമുള്ള ജീവനക്കാരേയും നിയമിച്ചു. ഇതും ആഭരണങ്ങളിലെ പ്രാദേശികഭേദത്തിന് മാറ്റ് കൂട്ടി. അതിനുമപ്പുറം ദൈവത്തിനുള്ള നിവേദ്യം പോലെത്തന്നെ പരിപാവനമായി മഞ്ഞലോഹത്തെ കണ്ട ആ പഴയ ശാന്തിക്കാരൻ വിശ്വാസ്യതയുടെ മറുപേരായി കല്യാണിനെ മാറ്റി.

ഇങ്ങനെയൊക്കെയാണ് കല്യാൺ വളർന്നത്. 250 എന്ന ഷോറൂമുകളുടെ എണ്ണത്തിലും 75000 കോടി എന്ന ആസ്തിക്കും അപ്പുറം വിശ്വാസമെന്ന ചെറിയ വാക്കിന്റെ വലിയ അർത്ഥം മലയാളികൾ മനസ്സിലാക്കിയത് ആ വളർച്ചയിൽ നിന്നാണ്. കല്യാണിന്റെ പേര് എഴുതാനല്ലെങ്കിൽ സുവർണലിപികൾ തന്നെ വെറുതെയാകും.

Explore the inspiring journey of T.S. Kalyanaraman, founder of Kalyan Jewellers, who transformed a modest beginning into a ₹75,000 crore business with a focus on customer satisfaction and strategic expansion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version