ക്രിക്കറ്റ് താരം എം.എസ്. ധോണിയോടുള്ള ആദരസൂചകമായി റിസർവ് ബാങ്ക് ഏഴ് രൂപയുടെ നാണയം ഇറക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണം. ധോണിയുടെ പേരും ചിത്രവും അദ്ദേഹത്തിന്റെ ജഴ്സി നമ്പറായ ഏഴും ആലേഖനം ചെയ്ത നാണയം റിസർവ് ബാങ്ക് ഇറക്കുന്നുവെന്ന തരത്തിലാണ് ചിത്രം സഹിതം പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ പ്രചരണം വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
ധോണിയുടെ പേരിൽ ഏഴു രൂപ നാണയം ഇറക്കുമെന്ന പോസ്റ്റിലെ അവകാശവാദം വ്യാജമാണ്. പിഐബി ഫാക്ട് ചെക്ക് ഹാൻഡിലിലൂടെ എക്സ് പ്ലാറ്റ്ഫോമിലുള്ള കുറിപ്പിൽ ഇത്തരത്തിൽ നാണയം ഇറക്കുന്ന കാര്യം സാമ്പത്തിക വകുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം, വാർത്താവിതരണ മന്ത്രാലയം തുടങ്ങിയവയെ ടാഗ് ചെയ്ത് കൊണ്ട് പറയുന്നു.
ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത്തരമൊരു നാണയത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല. വെബ്സൈറ്റ് പ്രകാരം പത്ത്, അഞ്ച്, രണ്ട്, ഒരു രൂപ നാണയങ്ങളും 50 പൈസ നാണയവുമാണ് നിലവിൽ ഇന്ത്യയിൽ പ്രചാരത്തിലുള്ളത്. ഏഴ് രൂപ നാണയത്തെ സംബന്ധിച്ച്
Security Printing & Minting Corporation of India Limited (SPMCIL) വെബ്സൈറ്റിലും വെളിപ്പെടുത്തലുകളില്ല.
ചിത്രത്തിന്റെ റിവേർസ് ഇമേജ് സേർച്ചിൽ നവംബർ മൂന്നിന് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ആണെന്ന് കാണാം. ചിത്രത്തിനൊപ്പം വിവരം യഥാർത്ഥമല്ലെന്നും വിനോദവും ട്രോളും എന്ന നിലയിൽ മാത്രം കാണണമെന്നും പ്രത്യേകം പറയുന്നുണ്ട്. എന്നാൽ പിന്നീട് ഈ വിവരങ്ങൾ നീക്കം ചെയ്താണ് വ്യാജ വാർത്ത പ്രചരിച്ചത്.
Fact Check: The viral claim about a ₹7 coin featuring MS Dhoni issued by the RBI is false. The coin image originated from a satirical page, and no such coin exists.