യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പരീക്ഷ ആഗോളതലത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷകളിലൊന്നാണ്, ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആണ് ഈ പരീക്ഷ എഴുതുന്നത്. പലരും ഐഎഎസ് ഓഫീസർമാരാകാൻ വേണ്ടി തന്നെ ആണ് ശ്രമിക്കുന്നത്, എന്നാൽ നൂറുകണക്കിന് പേർ മാത്രമാണ് ഇതിൽ വിജയിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ കുറിച്ചറിയാമോ? അവരുടെ പേരാണ് അന്ന രാജം മൽഹോത്ര. അവർ ഒരു മലയാളി കൂടിയാണ് എന്നത് നാം മലയാളികൾക്ക് അഭിമാനിക്കാനുള്ള വകയാണ്. കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളുമായി വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾക്കിടയിൽ അന്ന രാജം മൽഹോത്ര വേറിട്ട് നിന്നു. സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വത്തിനെതിരെ, ലിംഗ അനീതികൾക്കെതിരെ പോരാടിയ സ്ത്രീയാണ് അവർ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ. കേന്ദ്രസർക്കാരിൽ സെക്രട്ടേറിയൽ പദവി വഹിച്ച ആദ്യ വനിത കൂടിയായിരുന്നു അവർ. വളരെ പ്രചോദനാത്മകമായ അവരുടെ കഥ.
1951 യുപിഎസ്‌സി ബാച്ചിൽ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ എന്ന ബഹുമതി സ്വന്തമാക്കിയ അന്ന രാജം മൽഹോത്ര. സിവിൽ സർവീസ് പരീക്ഷ പാസാകുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത കൂടിയായിരുന്നു അവർ. 1927-ൽ കേരളത്തിലെ നിരണത്ത് ജനിച്ച അവർ പ്രശസ്ത മലയാള എഴുത്തുകാരൻ പൈലോ പോളിൻ്റെ ചെറുമകളായിരുന്നു. അവൾ വളർന്നത് കേരളത്തിലെ കോഴിക്കോട് ആണ്. അവിടെ പ്രൊവിഡൻസ് വിമൻസ് കോളേജിൽ ഇൻ്റർമീഡിയറ്റ് വിദ്യാഭ്യാസം പൂർത്തിയാക്കി.
പിന്നീട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദവും 1949-ൽ മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1950-ൽ അന്ന രാജം മൽഹോത്ര സിവിൽ സർവീസ് പരീക്ഷ പാസായി. 1951 -ൽ, ഇന്റർവ്യൂവിനായി അന്ന എത്തിയപ്പോൾ, ഒരു സ്ത്രീയെ മുന്നിൽ കണ്ട ബോർഡ് അത്ഭുതപ്പെട്ടു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒരു സ്ത്രീയ്ക്ക് പറ്റിയ ഇടമല്ലെന്ന് പറഞ്ഞ് അന്നയെ നിരുത്സാഹപ്പെടുത്താൻ ബോർഡ് ശ്രമിച്ചു.
എന്നാൽ, എത്രയൊക്ക പറഞ്ഞിട്ടും അന്ന തന്റെ തീരുമാനത്തിൽ ഇന്ന് ഒരടി പിന്നോട്ട് പോയില്ല. വിദേശത്തേയോ കേന്ദ്രസർവീസുകളോ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചിട്ടും അക്കാലത്ത് സ്ത്രീകൾക്ക് അനുയോജ്യമല്ലാത്തതായി കണക്കാക്കപ്പെട്ടിരുന്ന അഡ്മിനിസ്ട്രേറ്റീവ് സർവീസ് തന്നെ വേണമെന്ന് അന്ന വാശി പിടിച്ചു. അന്നത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി രാജഗോപാലാചാരിയുടെ കീഴിലായിരുന്നു അവരുടെ ആദ്യ നിയമനം. എന്നാൽ, സ്ത്രീകൾ പബ്ലിക് സർവീസിൽ പ്രവേശിക്കുന്നത് അദ്ദേഹത്തിന് അത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല. ക്രമസമാധാന സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അന്നയ്ക്ക് കഴിഞ്ഞേക്കില്ല എന്ന് തോന്നിയ അദ്ദേഹം ഒരു ജില്ലാ സബ് കളക്ടറുടെ ചുമതലയ്ക്ക് പകരം സെക്രട്ടേറിയറ്റിൽ ഒരു പോസ്റ്റ് വാഗ്ദാനം ചെയ്തു.
എന്നാൽ, പുരുഷന്മാർക്കൊപ്പം നിന്ന് കാര്യങ്ങൾ ചെയ്യാൻ തനിക്ക് തന്റേടമുണ്ടെന്ന പൂർണബോധ്യം അന്നക്കുണ്ടായിരുന്നു. സ്വയം തെളിയിക്കാനുള്ള അവസരത്തിനായി അവർ പോരാടി. തന്റെ ജോലിയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പുരുഷനോളം കഴിവ് തനിക്കുണ്ടെന്ന് തെളിയിക്കാൻ അവർ തന്റെ മുന്നിൽ വന്ന ഓരോ അവസരവും പ്രയോജനപ്പെടുത്തി. ഒടുവിൽ, ഹൊസൂർ ജില്ലയിൽ സബ് കളക്ടറായി അന്ന നിയമിക്കപ്പെട്ടു. അങ്ങനെ രാജ്യത്തെ ആദ്യ വനിത സബ് കളക്ടറായി അന്ന മാറി.
പിന്നീട് അങ്ങോട്ട് ഏഴ് മുഖ്യമന്ത്രിമാരുടെ കീഴിൽ സേവനമനുഷ്ഠിക്കാൻ അന്നയ്ക്ക് ഭാഗ്യമുണ്ടായി. അത് കൂടാതെ, 1982 -ൽ ഏഷ്യാഡ് പദ്ധതിയിൽ രാജീവ് ഗാന്ധിയുമായി ചേർന്ന് അന്ന പ്രവർത്തിച്ചു. ഇന്ദിരാഗാന്ധിക്കൊപ്പവും അന്ന സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നവിമുംബൈ നവസേവയിലെ ജവാഹർലാൽ നെഹ്റു തുറമുഖ നിർമാണമാണ് അവരുടെ ഏറ്റവും ശ്രദ്ധേമായ പദ്ധതി. അത് വിജയകരമായി പൂർത്തിയാക്കിയതിന് അടുത്ത വർഷം അവർക്ക് പദ്മഭൂഷൻ ലഭിച്ചു. സഹപ്രവർത്തകനും പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറായിരുന്ന ആർ.എൻ. മൽഹോത്രയെയാണ് അന്ന വിവാഹം ചെയ്തത്. 2018 സപ്തംബർ 17 -നാണ് അവർ മരിക്കുന്നത്. അന്ന രാജം മൽഹോത്രയുടെ നിശ്ചയദാർഢ്യവും നേട്ടങ്ങളും അവരെ ഇന്ത്യൻ ചരിത്രത്തിൽ, പ്രത്യേകിച്ച് സിവിൽ സർവീസിൽ ചേരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാക്കി മാറ്റി.
Discover the inspiring story of Anna Rajam Malhotra, India’s first female IAS officer and a trailblazer who fought against gender inequality. Learn about her achievements, including her role in major national projects and her legacy as a symbol of women’s empowerment in India.