വിഴിഞ്ഞം തുറമുഖത്തിന്റെ നാലാം ഘട്ട നിർമാണം 2028ൽ പൂർത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപം തുറമുഖം വഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എംഡി ഡോ. ദിവ്യ എസ് അയ്യർ. കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) കോവളത്ത് സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ ഫെസ്റ്റിൽ ‘വിഴിഞ്ഞം തുറമുഖവും സാമ്പത്തിക സാധ്യതകളും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

ദിവ്യയ്ക്കൊപ്പം അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ, സിസ്ട്രോം ടെക്നോളജീസ് എംഡി അനിൽ രാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡിസിഎസ്എംഎടി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് മോഡറേറ്ററായി.

ഓഖി ചുഴലിക്കാറ്റ്, 2019ലെ പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം ഇന്നത്തെ സ്ഥിതിയിൽ എത്തിയത്. പ്രതികൂലാവസ്ഥ കൊണ്ടുള്ള കാലതാമസത്തിന് ശേഷവും തുറമുഖത്തിന് വികസനവേഗം കൈവരിക്കാനായി. രണ്ടും മൂന്നും നാലും ഘട്ട നിർമാണം പൂർത്തിയാകുന്നതോടെ ഒരേ സമയം അഞ്ച് മദർഷിപ്പുകൾ അടുപ്പിക്കാൻ കഴിയുന്ന നിലയിൽ വിഴിഞ്ഞം തുറമുഖം മാറും. ഈ നേട്ടം രാജ്യത്തെ തന്നെ വലിയ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു. വിഴിഞ്ഞത്തിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും റോഡ്-റെയിൽ കണക്ടിവിറ്റി വികസിപ്പിക്കുന്നതടക്കമുളള തുറമുഖവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെയാണ് സർക്കാർ നോക്കിക്കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിൻറെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ കഴിഞ്ഞയാഴ്ച അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടിരുന്നു.

രാജ്യാന്തര കപ്പൽപ്പാതയ്ക്ക് സമീപമായതിനാൽ വിഴിഞ്ഞത്തിൻറെ വ്യവസായ സാധ്യതകൾ ഏറെയാണെന്ന് പ്രദീപ് ജയരാമൻ പറഞ്ഞു. വലിയ കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്ന തുറമുഖങ്ങൾ ദക്ഷിണേന്ത്യയിൽ ഇല്ലെന്നും ഈ കുറവ് പരിഹരിക്കാൻ വിഴിഞ്ഞത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ ആഗോള വിപണികളുമായി ബന്ധിപ്പിക്കാനും ഏറ്റവും അനുയോജ്യമാണ് വിഴിഞ്ഞം തുറമുഖമെന്ന് അനിൽ രാജ് അഭിപ്രായപ്പെട്ടു. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് അടക്കമുള്ള ‌വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിദേശ വിപണിയിൽ നിന്നും എത്തിക്കാൻ സാധിക്കുന്നതോടെ കേരളത്തിന്റേയും ഇന്ത്യയുടേയും വ്യവസായ സാധ്യത വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

The Vizhinjam Port, with Phases II-IV set to complete by 2028, aims to attract ₹10,000 crore in investments and drive industrial growth. Strategic location, improved connectivity, and diverse industries position it as a global trade hub.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version