ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ ഫീസ് ശേഖരണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 103.18 ശതമാനം വർധനവാണ് ടോളുകളിൽ രേഖപ്പെടുത്തിയത്. 2023-24 വർഷത്തിൽ 55,882.12 കോടി രൂപ ടോൾ ഇനത്തിൽ പിരിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു. രാജ്യസഭാ ശീതകാല സമ്മേളനത്തിൽ ലുധിയാന എംപി സഞ്ജീവ് അറോറയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2024 ഒക്‌ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ദേശീയ പാതകളിൽ 1,015 ടോൾ പ്ലാസകൾ പ്രവർത്തനക്ഷമമാണെന്ന് മന്ത്രി പറഞ്ഞു. 2019-20ൽ 27,503.86 കോടി രൂപയും 2020-21ൽ 27,926.67 കോടി രൂപയും ടോൾ ഇനത്തിൽ പിരിച്ചു. 33,928.66 കോടി, 48,032.40 കോടി എന്നിങ്ങനെയായിരുന്നു 2021-22, 2022-23 കാലങ്ങളിലെ ടോൾ ഫീസ് പിരിവ്.
2021 ഫെബ്രുവരി മുതൽ ദേശീയ പാതാ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ഫാസ്ടാഗ് ലെയ്ൻ ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോക്തൃ ഫീസ് ശേഖരണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ട്രാഫിക് വർദ്ധന, ഉപയോക്തൃ ഫീസ് നിരക്കുകളിലെ പരിഷ്കരണം, പുതിയ ടോൾ ചെയ്യാവുന്ന റോഡുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും ഉപയോക്തൃ ഫീസ് ശേഖരണം വർദ്ധിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
Toll fee collection on national highways has seen a significant rise, increasing by 103.18% in the last five years. In 2023-24, Rs 55,882.12 crore was collected, highlighting a steady growth in user fee collection, aided by FASTag lanes and increased traffic.