ക്രിസ്മസ് അവധിക്കാലത്തും ചുരുങ്ങിയ ചിലവിൽ  ലക്ഷദ്വീപ്  കണ്ടു മടങ്ങാം. ദ്വീപിലേക്കുള്ള പെർമിറ്റ് എടുക്കുന്നത് മുതൽ യാത്ര ആസൂത്രണം ചെയ്യുന്നത് വരെ ഒന്ന് ശ്രദ്ധിക്കണമെന്നു മാത്രം. അതിനുള്ള നൂലാമാലകൾ നിരവധിയുണ്ട്.  എന്നാൽ പിന്നെ ലക്ഷ ദ്വീപുകളുടെ മനോഹാരിതയിലേക്കു  ഒന്ന് പോയിട്ട് വന്നാലോ!

ആദ്യമേ പറയാം. ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ കുറഞ്ഞത് 4 അല്ലെങ്കിൽ 5 ദിവസത്തെ ടൂർ പ്ലാൻ ചെയ്യണം. മഴക്കാലത്ത് ലക്ഷദ്വീപ് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയത്ത് സന്ദര്‍ശനം നടത്തുക.
സൺ ബാത്ത് മുതൽ സ്‌നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് വരെ നിരവധി സാഹസിക വിനോദങ്ങൾ ലക്ഷദ്വീപിലെ ശാന്തവും വൃത്തിയുള്ളതുമായ കടൽത്തീരത്ത്  ആസ്വദിക്കാം.    

അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിന് കേരളവുമായി നല്ല അടുപ്പമാണുള്ളത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ്. ഇതില്‍ ആകെ ജനവാസമുള്ളത് 11 ദ്വീപുകളില്‍ മാത്രം. മലയാളം തന്നെയാണ് സംസാരഭാഷ. ലക്ഷദ്വീപിന്റെ സൗന്ദര്യം നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. എന്നാല്‍ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതുപോലെ അത്ര എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാനാവില്ല. അതിന് കുറച്ച് കടമ്പകള്‍ കടക്കണം. പെര്‍മിറ്റ് എടുക്കലാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിൽ പെർമിറ്റ് എളുപ്പത്തിലും വേഗത്തിലും ലഭിക്കാനുള്ള മാർഗ്ഗമാണ് ഓൺലൈനായി ഇ-പെർമിറ്റിനായി അപേക്ഷിക്കുക എന്നത്. അതിനായി നിങ്ങൾ https://epermit.utl.gov.in എന്ന വെബ്സൈറ്റിന്റെ സേവനം തേടണം.

എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്ന് നേരിട്ട് പെര്‍മിറ്റ് എടുക്കാന്‍ സാധിക്കും. എന്നാല്‍ ഇവിടേക്ക് വരുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സ്‌പോണ്‍സറുടെ ഡിക്ലറേഷന്‍ ഫോമാണ് ആദ്യം വേണ്ടത്. ലക്ഷദ്വീപില്‍ സ്ഥിരതാമസമുള്ള ഒരാള്‍ ഞാന്‍ ഇദ്ദേഹത്തെ ലക്ഷദ്വീപിലേക്ക് ക്ഷണിക്കുന്നു എന്ന ഡിക്ലറേഷന്‍ നല്‍കണം. ഈ രീതിയില്‍ 15 ദിവസത്തെ പെര്‍മിഷനാണ് സഞ്ചാരിക്ക് ലഭിക്കുക. സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തി അവിടത്തെ ജില്ലാ പഞ്ചായത്തില്‍ പേരും തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും ചലാനും അടച്ചു  അപേക്ഷിക്കണം. അപേക്ഷിച്ചതിന് ശേഷം ഒരുമാസം കഴിഞ്ഞുള്ള തീയതി സന്ദര്‍ശനത്തിനായി നല്‍കും.

ഡിക്ലറേഷന്‍ ഫോം കിട്ടിയാല്‍ അപേക്ഷകന് പിന്നെ വേണ്ടത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ്. തന്റെ പേരില്‍ കേസുകളൊന്നുമില്ലെന്ന് കാണിക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, മേല്‍വിലാസം കാണിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ കോപ്പി എന്നിവയുമായാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കാണിച്ച് ഒരു അപേക്ഷ കൂടി നല്‍കണം. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അതുമായി പെര്‍മിറ്റ് എടുക്കാന്‍ പോവാം. പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പുറമെ അഡ്രസ്, തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ, രണ്ട് അയല്‍വാസികളുടെ അഡ്രസ്, ഡിക്ലറേഷന്‍ ഫോം എന്നിവ കൈയില്‍ കരുതിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 200 രൂപയുടെ ഹെറിറ്റേജ് ഫീസും അടയ്ക്കണം. സാധാരണഗതിയില്‍ പെര്‍മിറ്റ് ലഭിക്കാന്‍ കുറഞ്ഞത്  15 ദിവസമെങ്കിലും  കാത്തിരിക്കണം. പെര്‍മിറ്റ് ലഭിച്ചാല്‍ പിന്നെ ധൈര്യമായി ദ്വീപിലേക്ക്‌ ടിക്കറ്റെടുക്കാം.
ഈ  തലവേദന ഒഴിവാക്കാൻ പോംവഴി ടൂർ പാക്കേജുകളെ ആശ്രയിക്കുക എന്നതാണ്.

സര്‍ക്കാരിന്റെ ലക്ഷദ്വീപ് ടൂര്‍ പാക്കേജുണ്ട്. ഇത് തെരഞ്ഞെടുത്താല്‍ വലിയ തലവേദനകളില്ലാതെ പോകാനുള്ള വഴി തെളിയും. ഒരാള്‍ക്ക് 25000 രൂപ എന്ന നിരക്കിലായിരിക്കും സര്‍ക്കാര്‍ പാക്കേജ്. കൂടാതെ, വിവിധ സ്വകാര്യ ഏജന്‍സികളുടെ പാക്കേജിലും ലക്ഷദ്വീപില്‍ പോകാം. പല ഏജന്‍സികളും പല ഫീസുകള്‍ ആണ് ഈടാക്കുന്നത്. ദ്വീപുകള്‍ക്കനുസരിച്ച് പല റേറ്റുകളില്‍ പാക്കേജുകള്‍ ലഭിക്കും. സര്‍ക്കാര്‍ പാക്കേജുകളുടെ റേറ്റിലും കുറച്ച് ലഭിക്കും എന്നതാണ് പ്രത്യേകത. 15000 രൂപ മുതല്‍ 30000 രൂപ വരെ ഇതിനായി സ്വകാര്യ ഏജന്‍സികള്‍ ഈടാക്കും. ഗവണ്‍മെന്റ് അംഗീകൃത സ്വകാര്യ ഏജന്‍സികളെ സമീപിക്കുക. പാക്കേജുകളെടുത്താല്‍ സ്‌പോണ്‍സര്‍മാരെ ഏജന്‍സികള്‍ തന്നെ കണ്ടെത്തും.

പെര്‍മിറ്റ് കിട്ടിയാല്‍ പിന്നെ ഏതു മാര്‍ഗം ലക്ഷദ്വീപിലേക്ക് തിരിക്കാമെന്ന് തീരുമാനിക്കാം. കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും പോകാം. കപ്പല്‍ മാര്‍ഗം പോകുന്നതാണ് ചിലവു കുറവ്. എന്നാല്‍ കൂടുതല്‍ സമയമെടുക്കും. 16 മുതല്‍ 18 മണിക്കൂര്‍ വരെ സമയം കപ്പല്‍ യാത്രയ്‌ക്കെടുക്കും. പക്ഷെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സൗന്ദര്യവും, രൗദ്രതയും, നമ്മുടെ ഭീതിയുമൊക്കെ ആസ്വദിക്കാൻ കപ്പൽ യാത്ര നല്ലൊരു മാർഗമാണ്.

കപ്പല്‍ മാര്‍ഗമാണ് പോകാന്‍ ഉദേശിക്കുന്നതെങ്കില്‍ കൊച്ചിയില്‍ നിന്നും ബേപ്പൂരില്‍ നിന്നും കപ്പലുണ്ട്. ഇതിന് പുറമെ മംഗലാപുരം തുറമുഖത്തു  നിന്നും യാത്ര തിരിക്കാം. കപ്പലില്‍ പല ക്ലാസുകളുണ്ട്. നമ്മുടെ ബജറ്റ് അനുസരിച്ച് ഇതില്‍ ഏതു വേണമെന്ന് തെരഞ്ഞെടുക്കാം. ഒരു മുറിയില്‍ രണ്ടു ബെഡും അറ്റാച്ച്ഡ് ബാത്ത്‌റൂമും അടങ്ങുന്നതാണ് ഫസ്റ്റ് ക്ലാസ്. ഇതിന് പുറമെ സെക്കന്‍ഡ് ക്ലാസ്, ബങ്ക് ക്ലാസ് എന്നീ സൗകര്യങ്ങളും തെരഞ്ഞെടുക്കാവുന്നതാണ്. ബങ്ക് ക്ലാസിലെ യാത്രയായിരിക്കും ഏറ്റവും ചിലവു കുറഞ്ഞത്. ട്രെയിനുകളിലെ തേര്‍ഡ് എസിക്ക് സമാനമാണ് ബങ്ക് ക്ലാസ്.

വിമാനമാർഗമാണ് യാത്ര എങ്കിൽ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമാണ് ദ്വീപിലേക്കെത്താനെടുക്കുക. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസ് നടത്തുന്നുണ്ട്.   പെര്‍മിറ്റ് എടുക്കുന്ന സമയത്ത് അഗത്തി വഴി പോകാന്‍ ഉദ്ദേശിക്കുന്ന ദ്വീപിലേക്ക് പെര്‍മിറ്റിന് അപേക്ഷിക്കുക. അഗത്തിയില്‍ വിമാനമിറങ്ങിയാല്‍ ഓരോ ദ്വീപിലേക്കും വെസല്‍ മാര്‍ഗം യാത്ര ചെയ്യാം. ഇതിന് പ്രത്യേകം ടിക്കറ്റെടുക്കണം. ബോര്‍ഡിങ് പാസ് കാണിച്ച് വേണം ടിക്കറ്റെടുക്കാന്‍.

ലക്ഷദ്വീപിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് എന്‍ട്രി സീല്‍ പതിപ്പിക്കലാണ്. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പെര്‍മിറ്റുമായി ദ്വീപിലെ പോലീസ് സ്‌റ്റേഷനില്‍ പോയി എന്‍ട്രി സീല്‍ പതിപ്പിക്കണം. പെര്‍മിറ്റ് തിരികെ വാങ്ങി കൈയില്‍ സൂക്ഷിക്കണം. ദ്വീപില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ വീണ്ടും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പെര്‍മിറ്റും കാണിച്ച് എക്‌സിറ്റ് സീല്‍ പതിപ്പിക്കണം.

ജനവാസമുള്ളത് 11 ദ്വീപുകളിലാണെങ്കിലും അഞ്ചോ അറോ ദ്വീപുകളില്‍ മാത്രമാണ് ടൂറിസം സ്പോട്ടുകളുള്ളത്. അഗത്തി, കവരത്തി എന്നിവ പ്രസിദ്ധമായ സ്ഥലങ്ങളാണ്. അടിത്തട്ട് വരെ കാണാന്‍ സാധിക്കുന്ന കണ്ണാടി പോലെ തിളക്കമുള്ള കടലും പവിഴപുറ്റുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സ്‌കൂബ ഡൈവിങ് ഇഷ്ടപ്പെടുന്നവര്‍ക്കും ലക്ഷദ്വീപിലെത്താം. കടലിലൂടെയുള്ള ബോട്ട് യാത്ര കുടുംബവുമായെത്തുന്നവര്‍ക്ക് ആസ്വദിക്കാം. കടലിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന നിരവധി കോട്ടേജുകള്‍ താമസത്തിനായി ലഭ്യമാണ്. പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന തരത്തിലാണ് ഇത്തരം കോട്ടേജുകളുടെ നിര്‍മ്മിതി. കവരത്തി, മിനികോയ് തുടങ്ങിയ ദ്വീപുകളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.  കുറഞ്ഞത് നാല് ദിവസമെങ്കിലും വേണം ദ്വീപുകൾ മുഴുവൻ ചുറ്റിക്കറങ്ങാൻ. 

Planning a trip to Lakshadweep? Discover how to obtain permits, explore tour packages, and enjoy activities like snorkeling and scuba diving. Learn the best travel tips for this island paradise.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version