1988-ലാണ് ഡെന്റ് കെയർ ഡെന്റൽ ലാബ് തുടങ്ങുന്നത്. 35 വർഷം കഴിയുന്നു, ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെ വലിയതുമായ ഡെന്റൽ ലാബാണ് മൂവാറ്റുപുഴയിലെ ഈ സ്ഥാപനം. കേരളത്തിൽ നിന്ന് കൊണ്ട് ഒരു സംരംഭത്തിന് ലോകത്തോളം വളരാൻ കഴിയുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് ഡെൻത്കെർ. നമ്മുടെ നാട് നൽകുന്ന ഊർജ്ജവും വളവും ബിസിനസ്സായി രൂപാന്തരപ്പെടുത്താൻ ഡെന്റ് കെയറിന്റെ ഫൗണ്ടറായ ജോൺ കുര്യാക്കോസിനായി എന്നതാണ് അദ്ദേഹത്തിന്റെ വിജയ ഘടകം.
വളരെ പരിമിതമായ സാമ്പത്തിക സാഹചര്യത്തിലും കുടുംബ പശ്ചാത്തലത്തിലും ജീവിതം തുടങ്ങിയ ജോൺ കുര്യാക്കോസ് ഒരു ജീവിത മാർഗ്ഗം കണ്ടെത്തിയത് റബ്ബർ വെട്ടുകാരനായാണ്. എങ്ങനെയെങ്കിലും ജീവിതത്തിൽ ഉയരണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ മൂവാറ്റുപുഴയിലെ ഒരു ഡെന്റൽ ക്ലിനിക്കിൽ ക്ലീനിംഗ് സ്റ്റാഫായി പോയിതുടങ്ങി. 250 രൂപയായിരുന്നു മാസ ശമ്പളം. അക്കാലത്ത് രോഗിക്ക് ഫിറ്റ് ചെയ്യുന്ന പല്ലുകൾ ഒന്നുപോലും കൃത്യമായി ഫിറ്റാകുമായിരുന്നില്ല. അങ്ങനെ ഡെന്റൽ ലാബ് എന്ന ആശയം മനസ്സിൽ വന്നു. പുതിയ സംരംഭം തുടങ്ങണം. 20 ലക്ഷം രൂപ വേണം. രാപകൽ പല ക്ലിനിക്കുകളിൽ അധ്വാനിച്ച് 5 ലക്ഷം രൂപ ഉണ്ടാക്കി. ബാക്കി ബാങ്ക് ലോൺ എടുത്ത് തുടങ്ങിയ സംരംഭമാണ് ഡെന്റ് കെയർ. അവിടെ നിന്നാണ് ഈ 250 കോടി എന്ന വലിയ വിറ്റുവരവിലേക്ക് വളർന്നത്.
ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ല എന്നതാണ് ഡെന്റ് കെയറിനെ ലോകത്തെ ഏറ്റവും മികച്ച ഡെന്റൽ പ്രോസ്തസസ് കമ്പനിയാക്കുന്നത് എന്ന് ജോൺ കുര്യാക്കോസ് പറയുന്നു. മൂവാറ്റുപുഴയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്ന് പടിപിടിയായി വളർന്ന് നാടിന്റെ പിന്തുണയും ഇവിടുത്തെ സാഹചര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് ജോൺ കുര്യാക്കോസ് 250 കോടി രൂപ വിറ്റുവരവുള്ള സംരംഭം കെട്ടിപ്പടുത്തത്. ഇന്ന് 5000-ത്തോളം ആളുകൾക്ക് തൊഴിൽ ദാതാവാണ് ഈ സംരംഭകൻ.
കേരളത്തെ സംരംഭകരോട് ഇനി സംരംഭകരാകാൻ ആഗ്രഹിക്കുന്നവരോട് നമ്മുടെ നാടിന്റെ സൗകര്യങ്ങളും സാധ്യതകളും ഡെൻന്ത് കെയർ പോലുള്ള സംരംഭങ്ങൾ പറഞ്ഞുതരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തിലോ, ബിസിനസ്സ് ഫാമിലിയുടെ സൗകര്യത്തിലോ അല്ല, ജോൺ കുര്യാക്കോസ് തലയെടുപ്പുള്ള സംരംഭകനായത്.
ഇപ്പോഴുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനായില്ലെങ്കിൽ ഇനി സംരംഭകരെ സംബന്ധിച്ച് മറ്റൊരു അവസരം ഉണ്ടാകില്ല എന്ന് ജോൺ കുര്യാക്കോസ് വിശ്വസിക്കുന്നു. കാരണം നയസമീപനങ്ങളിലും സംരംഭകരോടുള്ള സമീപനത്തിലും കേരളം മാറിയിരിക്കുന്നു. ആ സാഹചര്യത്തെ ഉപയോഗിക്കാൻ സംരംഭകർ തയ്യാറാകണമെന്നാണ് ജോൺ കുര്യാക്കോസിന്റെ പക്ഷം.
നമ്മുടെ സംസ്ഥാനത്തിന് പരമ്പരാഗത വ്യവസായങ്ങള് മാത്രമേ വഴങ്ങൂ എന്നൊക്കെ പലരും പറയുന്ന കാലത്ത് തന്നെയാണ് മെഡിക്കൽ സെക്ടറിലെ വളരെ എക്സ്ക്ലൂസീവായ രംഗത്ത്, ജോൺ കുര്യാക്കോസ് കടന്നുവരുന്നത്. അതും ഡെന്റൽ പ്രോസ്തസസ് ബിസിനസ്സിൽ! അവിടെ രണ്ട് പ്രൊഡക്റ്റിൽ തുടങ്ങി 450-ഓളം പ്രൊഡക്റ്റുകളിലേക്ക് ഒരു കമ്പനി കേരളത്തിൽ നിന്ന് വളർന്നുവെങ്കിൽ അത് ഈ നാടിന്റെ പിന്തുണയും കഠിനാധ്വാനവും കൊണ്ട്തന്നെയാണ്.
Learn how John Kuriakose transformed Dent Care Dental Lab, started in 1988, into Asia’s largest and the world’s second-largest dental lab. A remarkable Kerala success story with a Rs 250 crore turnover.