ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ISRO) കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന കേന്ദ്രമായ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ( LPSC ) മേധാവിയായി ശാസ്ത്രജ്ഞൻ എം. മോഹനെ നിയമിച്ചു. ഡോ. വി. നാരായണൻ ഐഎസ്ആർഒ ചെയർമാനായതിനെ തുടർന്നുണ്ടായ ഒഴിവിലാണ് എം. മോഹൻറെ നിയമനം. നിലവിൽ വിഎസ്എസ്‍സിയിൽ പ്രൊജക്റ്റ്സ് ഡയറക്ടറായ എം. മോഹൻ 2008ലെ ചന്ദ്രയാൻ1 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇന്ത്യൻ പതാക വിജയകരമായി പതിപ്പിച്ച മൂൺ ഇംപാക്ട് പ്രോബിൻറെ സിസ്റ്റം ലീഡറായിരുന്നു.

ഐഎസ്ആ‌‌‌ർഓയുടെ സുപ്രധാന സാങ്കേതിക സ്ഥാപനമാണ് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻറർ. വികാസ് എഞ്ചിൻ, ക്രയോജനിക് എഞ്ചിനുകൾ തുടങ്ങിയ ഐഎസ്ആ‌‌‌ർഓയുടെ റോക്കറ്റ് എഞ്ചിനുകൾ വികസിപ്പിക്കുന്നത് ഈ കേന്ദ്രത്തിലാണ്. ആലപ്പുഴ സ്വദേശിയായ എം. മോഹൻ വിഎസ്എസ്‍സി പ്രൊജക്ട്സ് ഡയറക്ടർ ആകുന്നതിനു മുൻപ് ഗഗൻയാൻ പദ്ധതിയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ മേധാവിയായിരുന്നു. 1987ൽ ഐഎസ്ആർഒയിലെത്തിയ മോഹൻ വിഎസ്എസ്‌സി അസോസിയേറ്റ് ഡയറക്ടർ, ഡപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഐഎസ്ആർഒ പെർഫോമൻസ് എക്‌സലൻസ് അവാർഡ്, മെറിറ്റ് അവാർഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. 

M. Mohan, an experienced ISRO scientist, has been appointed as the head of the Liquid Propulsion Systems Centre (LPSC) at Valiyamala, Thiruvananthapuram. His achievements include leading key space missions like Chandrayaan-1.

Share.

Comments are closed.

Exit mobile version