ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഏവരും ഉറ്റുനോക്കിയത് വയനാട് പാക്കേജ് ആയിരുന്നു. ഇപ്പോൾ മുണ്ടകൈ-ചൂരൽമല പുനരധിവാസത്തിനായി 750 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിരിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ വയനാട് ദുരന്തത്തിൽ മൊത്തം 1202 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കിയിരുന്നത്. സംസ്ഥാനം ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന 750 കോടി പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള ആദ്യഘട്ട പാക്കേജ് ആണെന്നും പുനരധിവാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേ സമയം വയനാട് ദുരന്തത്തിനായി കേന്ദ്ര ബജറ്റ് ഒന്നും നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്ര ബജറ്റിൽ വയനാടിനായി ഒന്നും പ്രഖ്യാപിച്ചില്ലെങ്കിലും കേന്ദ്രത്തിൽ നിന്നും തുടർ സഹായം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി.
സിഎം ഡിആർഎഫ്, എസ്ഡിഎംഎ, കേന്ദ്ര-പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള ഫണ്ടുകൾ, കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട്, സ്പോൺസർഷിപ്പുകൾ തുടങ്ങിയവയും വയനാട് പദ്ധതിക്കായി വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ അധികഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
The Kerala state budget allocates Rs 750 crore for the first phase of Wayanad disaster rehabilitation. The Finance Minister expects further central assistance.