ആനയെന്നു കേൾക്കുമ്പോൾ ‘ആനപ്രേമി’ അല്ലാത്തവർക്ക് ഓർമ വരുന്നതെന്താണ്? മദപ്പാട് മാറാത്ത, കാലിൽ ചങ്ങലയുള്ള, തൂണിൽ കെട്ടിയിട്ട രൂപം. കൂർത്ത തോട്ടി ദേഹത്ത് ചാരി അരികെയൊരു പാപ്പാനും. മദം പൊട്ടിയാൽ, ഇടഞ്ഞാൽ അത് കുത്തും, കൊല്ലും. ഈ തൊന്തരവ് ഒഴിവാക്കാൻ ആണ് യന്ത്ര ആനകൾ. മദപ്പാടില്ല, കാലിൽ ചങ്ങല വേണ്ട, തൂണിൽ കെട്ടേണ്ട, കൂർത്ത തോട്ടി വെച്ച് കുത്താൻ പാപ്പാൻ വേണ്ട-മദം പൊട്ടില്ല, ഇടയില്ല, കൊല്ലില്ല. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിൽ തിടമ്പേറ്റാൻ യന്ത്ര ആനകൾ എത്തിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിൽ നടന്ന മ്മടെ പൂരം പരിപാടിയുടെ ഭാഗമായി നിരവധി യന്ത്രയാനകൾ അണിനിരന്നിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ടു കമ്പനികൾ ചേർന്നു നിർമിച്ച ഈ യന്ത്ര ആനകൾക്കു പിന്നിൽ ശിൽപികളായ പി. പ്രശാന്ത്, കെ.എം. ജിനേഷ്, എം.ആർ റോബിൻ, സാന്റോ ജോസ് എന്നിവരാണ്. ഇരുമ്പും റബ്ബറും ഉപയോഗിച്ച് നിർമിച്ച ആനകൾ അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്. തുമ്പിക്കൈ ഒഴികെയുള്ള ഭാഗങ്ങളെല്ലാം മോട്ടോർ ഉപയോഗിച്ച് ചലിപ്പിക്കാം. കൈകൊണ്ട് ചലിപ്പിക്കാവുന്ന തുമ്പിക്കൈയ്യിൽ നിന്നും സ്വിച്ചിട്ടാൽ വെള്ളം ചീറ്റുന്ന സംവിധാനവുമുണ്ട്.
മതഭേദമന്യേ കേരളത്തിലും ദക്ഷിണേന്ത്യയിലും ആഘോഷങ്ങൾക്ക് ആനകളെ ഉപയോഗിക്കാറുണ്ട്. ആനകളെ അതിനായി പീഢിപ്പിക്കുന്നതും ആനകൾ ഇടയുന്നതും സാധാരണയെന്നോണം വാർത്തകളിൽ നിറയാറുമുണ്ട്. അത് കൊണ്ട് തന്നെ യന്ത്ര ആനകൾ കൗതുകം എന്നതിനപ്പുറം മൃഗസംരക്ഷണത്തിന്റെ വേറിട്ട തലത്തിലേക്ക് വാതിൽ തുറക്കുന്ന കണ്ടുപിടുത്തമാണ്.
ക്ഷേത്ര-മതാചാരങ്ങൾക്ക് ജീവനുള്ള ആന തന്നെ വേണം എന്ന് നിയമമില്ല എന്ന് തെളിയിച്ച് 2023ൽ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിച്ച യന്ത്ര ആന ‘ഇരിഞ്ഞാടപ്പള്ളി രാമൻ’ തിടമ്പേറ്റിയിരുന്നു. പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (PETA) എന്ന സംഘടനയാണ് ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമർപ്പിച്ചത്. മലയാള മനോരമ റിപ്പോർട്ട് അനുസരിച്ച് ഒരു ക്ഷേത്രത്തിലേക്ക് ആദ്യമായി സമർപ്പിക്കപ്പെടുന്ന യന്ത്ര ആനയാണ് ഇരിഞ്ഞാടപ്പള്ളി രാമൻ. കഴിഞ്ഞ മാസം ഇരിങ്ങാലക്കുട കൊമ്പറ ശ്രീകൃഷ്ണ ക്ഷേത്രത്തിലും സമാനമായി കൊമ്പറ കണ്ണൻ എന്ന യന്ത്ര ആനയെ സമർപ്പിച്ചിരുന്നു. കാലടിയിലെ മറ്റൂർ ക്ഷേത്രത്തിനും സിനിമാ താരം പ്രിയാമണി അടുത്തിടെ യന്ത്ര ആനയെ സമർപ്പിച്ചിരുന്നു.
യന്ത്ര ആനകൾ കേരളത്തിൽ മാത്രമല്ല ക്ഷേത്രാചാരങ്ങളിൽ സജീവമാകുന്നത്. കേരളത്തിനു പുറത്തും ഇത്തരം ആനകളെ ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കുന്നത് വർധിച്ചു വരുന്നുണ്ട്. അടുത്തിടെ ബോളിവുഡ് താരം സുനിൽ ഷെട്ടി കർണാടക ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമ്മാനമായി നൽകിയിരുന്നു. 15 ലക്ഷം രൂപ വിലയുള്ള യന്ത്ര ആനയെയാണ് സുനിൽ ഷെട്ടി നൽകിയത്. പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസിന്റെ കണക്കനുസരിച്ച് ദക്ഷിണേന്ത്യയിൽ 13ഓളം ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം കേരളത്തിലും അഞ്ചെണ്ണം കർണാടകയിലുമാണ്.
Robotic elephants are revolutionizing temple rituals in South India, reducing animal cruelty while preserving tradition. Learn how these innovations are gaining popularity.