ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംയോജിത ആരോഗ്യ സംരക്ഷണ സേവന ദാതാക്കളിൽ ഒന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡ് (Aster DM Healthcare limited). മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ അടുത്തിടെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായി ലയിച്ചിരുന്നു. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് (Aster DM Quality Care limited) എന്നാണ് ലയന ശേഷം ആശുപത്രി ശൃംഖല അറിയപ്പെടുന്നത്. ലയനത്തോടെ വരുമാനത്തിന്റേയും ബെഡ് കപ്പാസിറ്റിയുടേയും കാര്യത്തിൽ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 3 ആശുപത്രി ശൃംഖലകളിൽ ഒന്നായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാറും.
സ്ഥാപനത്തിന് സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ വൻ പിന്തുണയാണുള്ളത്. ഇത് സ്കെയിൽ, വൈവിധ്യവൽക്കരണം, മെച്ചപ്പെട്ട സാമ്പത്തിക മെട്രിക്സ്, സിനർജികൾ, വളർച്ചാ സാധ്യത എന്നിവയ്ക്ക് കരുത്ത് പകരും. പ്രമുഖ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ ബ്ലാക്ക്സ്റ്റോണും ടിപിജിയും പിന്തുണ നൽകുന്ന സ്ഥാപനമാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്. ആസ്റ്റർ പ്രൊമോട്ടർമാരും ബ്ലാക്ക്സ്റ്റോണും സംയുക്തമായി നിയന്ത്രിക്കുന്ന പുതിയ സ്ഥാപനത്തിൽ ആസ്റ്റർ ഓഹരി ഉടമകൾക്ക് 57.3% ഓഹരികളും ക്വാളിറ്റി കെയർ ഓഹരി ഉടമകൾക്ക് 42.7% ഓഹരികളുമുണ്ടാകും.
ലയനം നിലവിൽ റെഗുലേറ്ററി, കോർപറേറ്റ്, ഓഹരി ഉടമകളുടെ അംഗീകാരങ്ങൾക്ക് വിധേയമാണ്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന പുതിയ സ്ഥാപനമായ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന് നാല് മുൻനിര ബ്രാൻഡുകളായ ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റലുകൾ, കിംസ്ഹെൽത്ത്, എവർകെയർ എന്നിവയുടെ സംയോജിത പോർട്ട്ഫോളിയോ ഉണ്ടായിരിക്കും. ഇങ്ങനെ 38 ആശുപത്രികളുടെ ശൃംഖലയും 27 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 10,150 ബെഡ് കപ്പാസിറ്റിയുമാണ് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന് ഉണ്ടാകുക.
Aster DM Healthcare to merge with Quality Care India Ltd, forming Aster DM Quality Care Limited. The merged entity will operate 38 hospitals with over 10,150 beds across 27 cities.