കേരള സ്റ്റാർട്ടപ്പ് മിഷൻ കാസർഗോഡ് എൽബിഎസ് എൻജിനീയറിംഗ് കോളേജിലും സെൻട്രൽ യൂണിവേഴ്സിറ്റിയിലുമായി സംഘടിപ്പിച്ച ഐഇഡിസി സമ്മിറ്റ് 2025ൽ നാസ സ്പേസ് ആപ്സ് ചലഞ്ച് വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ ലോകമെമ്പാടുമുള്ള 16,860 ടീമുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 45 ഗ്ലോബൽ ഫൈനലിസ്റ്റുകളിൽ ഇടംനേടുന്നത്.

kerala teams nasa space apps challenge global finalists 2025

കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അഞ്ച് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളടങ്ങുന്ന ‘ടീം മെറ്റിയോർ റിസ്‌ലേഴ്‌സ്’ (Team Meteor Rizzlers),  പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ ആറ് വിദ്യാർത്ഥികളടങ്ങുന്ന ‘ടീം സെലസ്റ്റ’ (Team Celesta) എന്നിവരാണ് ആഗോള ഫൈനലിസ്റ്റുകളായത്. റിയാൻ റാസ്, സാക്കീൽ ചുങ്കത്ത്, സഞ്ജയ് വർഗീസ്, ശ്വേതിൻ നികേഷ് കുമാർ, റോഷിത്ത് റോബർട്ട് എന്നിവരടങ്ങുന്നതാണ് ടീം മെറ്റിയോർ റിസ്‌ലേഴ്‌സ്. ജനീറ്റ കാർഡോസ്, ആതിര എസ്, അപർണ ആന്റണി, മെൽവിൻ ജോർജ് മാത്യു, അബിഷ മറിയം ബിജു, എം സുമിത് മുരളീധരൻ എന്നിവരാണ് ടീം സെലസ്റ്റയിലെ അംഗങ്ങൾ.

ബഹിരാകാശ-ഭൗമശാസ്ത്ര മേഖലയിലെ നൂതനാശയങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തണായ നാസ സ്‌പേസ് ആപ്‌സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായി കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള എഡ്യൂക്കേഷൻ ടെക്നോളജി സ്റ്റാർട്ടപ്പായ യുണീക്ക് വേൾഡ് റോബോട്ടിക്‌സ് (യുഡബ്ല്യുആർ) മാറി. ഇന്ത്യ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലായി 22 പ്രാദേശിക ഇവന്റുകളാണ് ഈ വർഷം യുഡബ്ല്യുആർ സംഘടിപ്പിച്ചത്. ഇതിൽ ഇന്ത്യയിൽ നടന്ന 16 ഇവന്റുകളിൽ എട്ടെണ്ണം കേരളത്തിലായിരുന്നു.

യുഡബ്ല്യുആർ സംഘടിപ്പിച്ച കേന്ദ്രങ്ങളിൽ നിന്ന് മാത്രം 15,308 രജിസ്‌ട്രേഷനുകളും 2,276 ടീമുകളും 1,200-ലധികം പദ്ധതി സമർപ്പണങ്ങളുമുണ്ടായി. ആഗോളതലത്തിൽ ആകെ 1,14,094 രജിസ്‌ട്രേഷനുകളും 16,860 ടീമുകളും ഉണ്ടായപ്പോൾ, അതിൽ 13.42 ശതമാനം രജിസ്‌ട്രേഷനുകളും 13.5 ശതമാനം ടീമുകളും യുഡബ്ല്യുആർ വഴിയാണ് പങ്കെടുത്തതെന്ന് സ്ഥാപകൻ ബാൻസൺ തോമസ് ജോർജ്ജ് പറഞ്ഞു. സ്റ്റോറിടെല്ലിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ആസ്‌ട്രോഫിസിക്‌സ്, കൃഷി, ബഹിരാകാശ പര്യവേഷണം തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു മത്സരങ്ങൾ.

കൗതുകത്തെ അവസരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുണീക്ക് വേൾഡ് റോബോട്ടിക്സ് ആരംഭിച്ചതെന്നും, പ്രാദേശിക പ്രതിഭകളെ അന്താരാഷ്ട്ര ബഹിരാകാശ മേഖലയുമായി ബന്ധിപ്പിക്കുന്നതിനാണ് നാസ സ്പേസ് ആപ്സ് ചലഞ്ച് കേരളത്തിലെത്തിച്ചതെന്നും ബാൻസൺ തോമസ് ജോർജ്ജ് പറഞ്ഞു. ഓരോ വർഷവും 10,000-ത്തിലധികം പേർ പങ്കെടുക്കുന്ന ഈ പരിപാടി, വരുംതലമുറയെ ആഗോള ബഹിരാകാശ ആവാസവ്യവസ്ഥയുമായി ആത്മവിശ്വാസത്തോടെ സമീപിക്കാൻ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version