ഒൻപത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ഇരുവരും ഭൂമിയിൽ തിരിച്ചെത്താനിരിക്കെ സുനിതയ്ക്ക് ആശംസാ സന്ദേശം അയച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താങ്കൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു, 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് സുനിത വില്യംസിന് അയച്ച കത്തിൽ പ്രധാനമന്ത്രി മോഡി കുറിച്ചു.
സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും വഹിച്ചുള്ള ക്രൂ9 ദൗത്യ സംഘം സ്പേസ് എക്സ് ഫ്രീഡം ഡ്രാഗൺ ക്യാപ്‌സൂളിൽ ഏറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ സമയം രാവിലെ 10.37ന് ഭൂമിയിലേക്ക് പുറപ്പെട്ടിരുന്നു. സംഘത്തിൽ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെ 3.27 ഓടെ ഫ്രീഡം ഡ്രാഗൺ പേടകം ഭൂമിയിൽ വന്നിറങ്ങുമെന്നാണ് നാസ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. പേടകം അറ്റ്‌ലാൻഡിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ആണ് ലാൻഡ് ചെയ്യുക എന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. ലാൻഡിങ്ങിനു ശേഷം പേടകം നാസയും സ്പേസ് എക്സും ചേർന്ന് കരയ്ക്കെത്തിക്കും. ലോ-ഗ്രാവിറ്റിയിൽ നിന്ന് വരുന്നത് കൊണ്ട് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ പ്രയാസമായിരിക്കും. ഇതിനാൽ ലാൻഡ് ചെയ്തയുടൻ സംഘത്തെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.
കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇവർ ബഹിരാകാശ നിലയത്തിൽ എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം മടക്കയാത്ര 9 മാസത്തോളം നീളുകയായിരുന്നു.
PM Narendra Modi sends heartfelt wishes to astronaut Sunita Williams as she prepares to return from the ISS, calling her the ‘daughter of India’ and a symbol of inspiration.