
ഹിന്ദിയിൽ പ്രാവീണ്യം നേടിയത് എങ്ങനെയെന്ന് രസകരമായി വിശദീകരിച്ച് തൈറോകെയർ (Thyrocare) സ്ഥാപകനും തമിഴ്നാട് സ്വദേശിയുമായ ഡോ. എ. വേലുമണി. സ്ഥിരമായ പഠനത്തിലൂടെ ഹിന്ദിയിൽ എങ്ങനെ പ്രാവീണ്യം നേടാം എന്നതിനെക്കുറിച്ച് രസകരമായി സംസാരിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചു. ഒരു മുഖാമുഖത്തിനിടെ തമിഴ് സംസാരിക്കുന്ന ഒരാൾക്ക് വടക്കേ ഇന്ത്യയിൽ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് വേലുമണി വീഡിയോയിൽ. ഭാഷ മാത്രമാണ് ഏക തടസ്സമെന്നും പതിവ് പരിശീലനത്തിലൂടെ ആ തടസ്സം മറികടക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമേ രസകരമായ ഉദാഹരണവും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
താങ്കൾക്ക് ഒരു പോത്തിനെ ഉയർത്താൻ കഴിയുമോ എന്ന് വേലുമണി ചോദ്യം ചോദിച്ച കുട്ടിയോട് മറുചോദ്യം ഉന്നയിച്ചു. ഇല്ല എന്ന് കുട്ടി മറുപടി നൽകിയപ്പോൾ, വേലുമണി തുടർന്നത് ഇങ്ങനെ: “നിങ്ങൾക്ക് ജനിച്ചുവീണ ഒരു പോത്തിൻ കുട്ടിയെ ഉയർത്താൻ കഴിയുമോ?” അപ്പോൾ ചോദ്യകർത്താവ് “പറ്റും” എന്ന് മറുപടി നൽകി. ഒരു ദിവസം പ്രായമുള്ളതിനെ, രണ്ടു ദിവസം പ്രായമുള്ളതിനെ എന്നിങ്ങനെ വേലുമണി ചോദ്യങ്ങൾ ആവർത്തിച്ചു. അപ്പോഴെല്ലാം ചോദ്യകർത്താവ് പറ്റും എന്നുതന്നെ ഉത്തരം നൽകി. ഇങ്ങനെ ഒരു ദിവസം പോലും ഇടവേള എടുക്കാതെ പോത്തിനെ എടുത്തുയർത്തി കൊണ്ടിരുന്നാൽ 300ആം ദിവസം എടുത്തുയർത്തുന്നത് മുതിർന്ന ഒന്നിനെ ആയിരിക്കും എന്ന് നിരന്തര പഠനത്തിന്റെ ആവശ്യകതയെ വേലുമണി രസകരമായി ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയത്തിലെ (NEP) ത്രിഭാഷാ നയത്തെച്ചൊല്ലി കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് വേലുമണിയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണ് എന്ന് പറഞ്ഞാണ് തമിഴ്‌നാട് നയത്തെ ശക്തമായി എതിർക്കുന്നത്.
Thyrocare founder A Velumani shares his unique approach to learning Hindi, emphasizing persistence over barriers. Read his inspiring journey and insights.