
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ദക്ഷിണ റെയിൽവേ സോണിലെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലാണ് വരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന റെയിൽവേ ലൈനുകൾ കൂടിച്ചേരുന്ന സുപ്രധാന ജംഗ്ഷനാണ് ഈ സ്റ്റേഷൻ.
നിലമ്പൂർ ലൈൻ, പാലക്കാട് ലൈൻ, കന്യാകുമാരി ലൈൻ, മംഗലാപുരം ലൈൻ എന്നിങ്ങനെ നാല് പ്രധാന റെയിൽവേ ലൈനുകൾ സംഗമിക്കുന്ന റെയിൽവേ ജംഗ്ഷനാണ് ഷൊർണൂർ. മലബാർ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനാൽ ഷൊർണൂരിനെ “ഗെയിറ്റ് വേ ടു മലബാർ” എന്നും വിളിക്കാറുണ്ട്.
15 മിനിറ്റിലധികം ട്രെയിനുകൾ നിർത്തിയിട്ട് വൃത്തിയാക്കുന്ന ക്ലീൻ ട്രെയിൻ സ്റ്റേഷൻ പ്രവർത്തനം നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്റ്റേഷൻ കൂടിയാണിത് (തിരുവനന്തപുരം സെൻട്രലാണ് ഇത്തരത്തിലുള്ള മറ്റൊരു സ്റ്റേഷൻ). ലിഫ്റ്റുകൾ, ഷീ ടോയ്‌ലറ്റുകൾ, ബേബി കെയർ യൂണിറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഷനിലുണ്ട്.
1862ലാണ് ഷൊർണൂർ ജംഗ്ഷൻ പ്രവർത്തനക്ഷമമാകുന്നത്. 1902ൽ ഷൊർണൂർ-എറണാകുളം പാത തുറന്നു. പിന്നീട് 25 വർഷങ്ങൾക്കു ശേഷം ഷൊർണൂരിൽ നിന്നും നിലമ്പൂർ റോഡ് ലൈൻ ആരംഭിച്ചു. 7 പ്ലാറ്റ്‌ഫോമുകളാണ് ഷൊർണൂർ ജംഗ്ഷനിൽ ഉള്ളത്. 1, 2, 3 പ്ലാറ്റ്‌ഫോമുകളാണ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നത്. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ കൈകാര്യം ചെയ്യുന്നത് 4, 5, 6, 7 പ്ലാറ്റ്‌ഫോമുകളാണ്. പാലക്കാട്-ഷൊർണൂർ, തൃശൂർ-ഷൊർണൂർ റൂട്ടുകളിൽ ഇരട്ട ട്രാക്കുകൾ വഴി ഈ സ്റ്റേഷൻ ബന്ധിപ്പിച്ചിരിക്കുന്നു. നിലമ്പൂർ ലൈനിൽ ഒറ്റ ട്രാക്കാണുള്ളത്.
Shoranur Junction, Kerala’s largest railway station, serves as a key railway hub connecting major lines and regions. Learn more about its history and significance.