രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പാമ്പൻ പാലത്തിലൂടെ ഏപ്രിൽ 6ന് ട്രെയിൻ ഗതാഗതം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാമ്പൻ പാലം രാമേശ്വരം ദ്വീപിനെ മണ്ഡപം വഴി തമിഴ്നാടുമായി ബന്ധിപ്പിക്കും. ചെന്നൈയിലെ പുതിയ എസി സബ് അർബൻ സർവീസ് അടക്കമുള്ള മറ്റു ചില റെയിൽവേ പദ്ധതികളും മോഡി ഇതേ ദിവസം ഉദ്ഘാടനം ചെയ്യും.

പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 580 കോടി രൂപ ചിലവിൽ 2.1 കിലോമീറ്റർ നീളമുള്ള പാലം നിർമിച്ചത്. 2019ലാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാലത്തിന്റെ നിർമാണം കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയായിരുന്നു. 1914ൽ പണിത പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടർന്നാണ് സമാന്തരമായി പുതിയ പാലം നിർമിക്കാൻ തീരുമാനമായത്. പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ മുതൽ നിർത്തിവെച്ചിരുന്നു. കേരളത്തിൽനിന്നുള്ള അമൃത എക്‌സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾ പുതിയ പാലം തുറക്കുന്നതോടെ രാമേശ്വരം വരെ ഓടും.
നൂറ് വർഷത്തിലധികം പഴക്കമുള്ള പഴയ പാമ്പൻ റെയിൽപ്പാലത്തിനേക്കാൾ 3 മീറ്റർ കൂടി ഉയരം കൂട്ടിയാണു പുതിയ പാലം നിർമിച്ചിരിക്കുന്നത്. കപ്പലുകൾ ഉൾപ്പെടെ കടന്നു പോകാവുന്ന തരത്തിൽ പാലം മുകളിലേക്ക് ഉയർത്താനാകും. 27 മീറ്റർ ഉയരത്തിൽ വരെ പൊങ്ങുന്ന ലിഫ്റ്റിങ് സ്പാനിന് 77 മീറ്ററാണ് നീളം. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചാണ് ഇത് തുറക്കുകയും അടയ്ക്കുകയും ചെയ്യുക.
PM Modi will inaugurate India’s first vertical lift railway sea bridge, the New Pamban Bridge, on April 6. A modern marvel, it enhances connectivity to Rameswaram.