
ഇന്ത്യയിൽ കോർണിയൽ ട്രാൻസ്പ്ലാന്റേഷനിൽ വിപ്ലവാത്മക നേട്ടം സൃഷ്ടിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR). ഐസിഎംആർ, ഡൽഹി എയിംസ്, ഡോ. ഷ്രോഫ്സ് ചാരിറ്റി ഐ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് ആകാശമാർഗം ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയകൾക്കായി കോർണിയ കൊണ്ടുപോകുന്നതിന് ഡ്രോണുകൾ വിജയകരമായി ഉപയോഗിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് നേത്രദാനത്തിനായുള്ള കോർണിയ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുപോകുന്നത്. അവയവദാനത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഇടയിലുള്ള വിടവ് നികത്തുന്ന സുപ്രധാന കുതിച്ചുചാട്ടമായാണ് സംഭവം വിശേഷിപ്പിക്കപ്പെടുന്നത്.
ഐസിഎംആറിന്റെ ഐ-ഡ്രോൺ പ്രോജക്റ്റിലൂടെ ഹരിയാനയിലെ സോണിപത്തിൽ നിന്ന് ഡൽഹി എയിംസിലേക്ക് വെറും 40 മിനിറ്റിനുള്ളിലാണ് അവവയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള കോർണിയ എത്തിച്ചത്. സാധാരണയായി റോഡ് മാർഗം ഏകദേശം 2.5 മണിക്കൂർ എടുക്കുന്ന യാത്രയാണ് റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കാനായത്. അതിലോലമായ കോർണിയ ടിഷ്യു പൂർണ്ണമായും സംരക്ഷിക്കപ്പെട്ടു എന്ന് ഉറപ്പാക്കിയായിരുന്നു ഇവ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുപോയത്. തുടർന്നുള്ള ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയും പൂർണ്ണ വിജയമായി. മെഡിക്കൽ ലോജിസ്റ്റിക്സ് കാര്യക്ഷമമാക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾ എടുത്തുകാണിക്കുന്നതാണ് നേട്ടം.
കാഴ്ച പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയകൾക്ക് വലിയ ചുവടുവയ്പ്പാണ് ഡ്രോൺ ഗതാഗത മാതൃകയെന്ന് എയിംസ് ഡൽഹി ഡയറക്ടർ ഡോ. എം. ശ്രീനിവാസ് പറഞ്ഞു. ഗതാഗത സമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ ദാനം ചെയ്ത കോർണിയയുടെ പാഴാക്കൽ തടയുന്നതിനും എണ്ണമറ്റ വ്യക്തികൾക്ക് കാഴ്ച പുനഃസ്ഥാപിക്കാനും ഡ്രോണുകൾ സഹായിക്കുന്നു. ഇന്ത്യയിൽ ലക്ഷക്കണക്കിന് കോർണിയൽ ബ്ലൈൻഡ്നെസ് ബാധിച്ച വ്യക്തികളുണ്ട്. കോർണിയകൾ കൊണ്ടുപോകുന്നതിലെ കാലതാമസം പലപ്പോഴും ട്രാൻസ്പ്ലാൻറേഷനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. ഇതിനായി ഡ്രോണുകൾ ഉപയോഗിക്കുന്നത് വേഗതയേറിയതും സുരക്ഷിതവും മികച്ചതുമായ മാർഗമാണ്. റോഡ് ഗതാഗതം വെല്ലുവിളി ഉയർത്തുന്ന പ്രദേശങ്ങളിലെ രോഗികൾക്ക് ഇത് ഏറെ പ്രയോജനകരമാണ്-അദ്ദേഹം പറഞ്ഞു.
ICMR, AIIMS Delhi, and Dr. Shroff’s Eye Hospital successfully used drones to transport human corneas, cutting travel time from 2.5 hours to 40 minutes. A breakthrough for accessible eye care.